ന്യൂഡൽഹി: കുട്ടികൾക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ.
രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നൽകുന്നത് പൂർണമായും നിരോധിക്കാനും അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകുന്നത് നിരുത്സാഹപ്പെടുത്താനുമാണ് പദ്ധതിയിടുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് രേഖയിലാണ് (എൻഎഫ്ഐ) നിർദേശം.
രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നിർദേശിക്കാനോ നൽകാനോ പാടില്ലെന്ന് കരടുരേഖ വ്യക്തമാക്കുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൃത്യമായ വൈദ്യപരിശോധനയും മേൽനോട്ടവുമില്ലാതെ ഇത്തരം മരുന്നുകൾ നൽകുന്നത് ഒഴിവാക്കണം.
അതിഗുരുതര സാഹചര്യങ്ങളിൽ മാത്രം ഡോക്ടർമാരുടെ കർശന മേൽനോട്ടത്തിൽ മരുന്നുകൾ നൽകാം തുടങ്ങിയവയാണ് നിർദേശങ്ങൾ. കഴിഞ്ഞ വർഷം കുട്ടികൾക്ക് നൽകിയ കഫ് സിറപ്പുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി), എത്തിലീൻ ഗ്ലൈക്കോൾ (ഇജി) തുടങ്ങിയ വിഷാംശങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് നീക്കം.
മരുന്നുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിർമാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും ഉത്്പന്നങ്ങളും സ്വതന്ത്രമായി പരിശോധിക്കേണ്ട ഉത്തരവാദിത്തം ഇനി മുതൽ ഫാർമസ്യൂട്ടിക്കൽ കന്പനികൾക്കായിരിക്കും. ഗ്ലിസറിൻ, പ്രൊപിലീൻ ഗ്ലൈക്കോൾ തുടങ്ങിയ ചേരുവകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിൽ കഫ് സിറപ്പ് കുട്ടികളിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം നൽകിയേക്കും.
Tags : Cough syrup Banned children