ന്യൂഡല്‍ഹി: കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിനെതിരേ രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ് നല്കി ഡിഎംകെ എംപിയായ തിരുച്ചി ശിവ.
പാര്‍ലമെന്റ് സമ്മേളനം പുരോഗമിക്കുമ്പോള്‍ ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ വിശദാംശങ്ങള്‍ സഭയ്ക്കു പുറത്ത് നല്‍കിയതിന് കേന്ദ്രമന്ത്രിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണു ഡിഎംകെ എംപി ഉപരിസഭയുടെ റൂള്‍ 267 അനുസരിച്ച് നോട്ടീസ് നല്‍കിയത്.
കരാറില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത പ്രസ്താവന വന്നതിനു പിന്നാലെ കരാറിന്റെ വിശദാംശങ്ങള്‍ ഗോയല്‍ കഴിഞ്ഞ ഏഴിന് വാര്‍ത്താസമ്മേളനം നടത്തിയാണ് അറിയിച്ചിരുന്നത്. ഇതിനു പിന്നാലെ കരാര്‍ വിശദീകരിക്കാനായി ഗോയല്‍ ചില അഭിമുഖങ്ങളും വിവിധ മാധ്യമങ്ങള്‍ക്കു നല്‍കിയിരുന്നു.
പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ സര്‍ക്കാരിന്റെ നയങ്ങള്‍ സഭയ്ക്കു പുറത്ത് വിശദീകരിക്കുന്നത് സഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് തിരുച്ചി ശിവ പറഞ്ഞു. നോട്ടീസ് പിന്നീട് പരിഗണിക്കുമെന്ന് രാജ്യസഭാ ചെയര്മാന് സി.പി. രാധാകൃഷ്ണന് പറഞ്ഞു.
Tags : DMK MP infringement notice Minister Piyush Goyal Tiruchi Siva