ന്യൂഡൽഹി: സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കുന്ന ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒന്പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം.
ജസ്റ്റീസുമാരായ എം.എം സുന്ദരേഷ്, അഹ്സനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ. സുപ്രീംകോടതിയിലെ മലയാളി ജഡ്ജിമാർ ആരും ഭരണഘടന ബെഞ്ചിൽ ഇല്ല.
യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം ഏഴ്, എട്ട്, ഒൻപത് തീയതികളിലും അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും ഭരണഘടനാ ബെഞ്ച് കേൾക്കും.
പ്രായഭേദമില്ലാതെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന 2018ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഉൾപ്പെടെ ഭരണഘടനാ പ്രാധാന്യമുള്ള വിഷയങ്ങളിലാണ് ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
Tags : Sabarimala Entry of women constitution bench Supreme Court