ബംഗളൂരു: കർണാടകയിൽ അധികാരമേറ്റ പുതിയ ഡികെ ശിവകുമാർ സർക്കാരിന് വൻ തിരിച്ചടി നൽകിക്കൊണ്ട് മന്ത്രി രാമലിംഗ റെഡ്ഡി ക്യാബിനറ്റിൽ നിന്നും രാജിവെച്ചു. ബുധനാഴ്ച മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത റെഡ്ഡി, വകുപ്പ് വിഭജനത്തിലെ അസംതൃപ്തിയെ തുടർന്നാണ് വെള്ളിയാഴ്ച രാജി സമർപ്പിച്ചത്.
തനിക്ക് ബംഗളൂരു വികസന വകുപ്പ് നൽകാമെന്ന് ഡികെ ശിവകുമാർ നേരിട്ട് ഉറപ്പുനൽകിയിരുന്നതായും, എന്നാൽ പിന്നീട് താൽപര്യമില്ലാത്ത ജലസേചന വകുപ്പാണ് തനിക്ക് നൽകിയതെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
"മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് ഡികെ ശിവകുമാർ എന്റെ വീട്ടിൽ വന്നിരുന്നു. ബംഗളൂരു വകുപ്പ് എനിക്ക് തരുമെന്ന് അദ്ദേഹം സ്വയം വാഗ്ദാനം ചെയ്തതാണ്. ഞാൻ അത് ചോദിച്ചു വാങ്ങിയതല്ല. പിന്നീട് രണ്ടുതവണ കൂടി അദ്ദേഹം ഈ ഉറപ്പ് ആവർത്തിച്ചു. എന്നാൽ ഇപ്പോൾ ജലസേചന വകുപ്പാണ് നൽകിയിരിക്കുന്നത്, ഇത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല," റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
ഇനി ബംഗളൂരു വികസന വകുപ്പ് തിരികെ നൽകിയാൽ പോലും താൻ മന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്നും, വെറുമൊരു എംഎൽഎയായി തുടർന്ന് കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഡികെ ശിവകുമാർ തന്റെ 13 മന്ത്രിമാർക്കുള്ള വകുപ്പുകൾ പ്രഖ്യാപിച്ചത്. ബംഗളൂരു വകുപ്പിനായി കടുത്ത സമ്മർദം ചെലുത്തിയിരുന്ന റെഡ്ഡി, വകുപ്പ് വിഭജനത്തിനായി ചേർന്ന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയതായാണ് വിവരം.
മന്ത്രിയുടെ രാജിയോടെ കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. "സർക്കാരിനുള്ളിലെ ഭിന്നതകൾ ഇനിയും പുറത്തുവരും, മുഖ്യമന്ത്രിയെ മാറ്റിയതുകൊണ്ട് മാത്രം കോൺഗ്രസിന് രക്ഷപ്പെടാനാകില്ല," കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു.
Tags : Ramalinga Reddy Karnataka DK Shivakumar. Latest News