ന്യൂഡൽഹി: വനിതാ സംവരണം നടപ്പിലാക്കുന്നതിന് ലോക്സഭയിൽ സീറ്റുകൾ വർധിപ്പിക്കുന്നതിനുള്ള ബിൽ സർക്കാർ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ പാർലമെന്റ് താത്കാലികമായി പിരിഞ്ഞു.
രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഈ മാസം 16ന് പാർലമെന്റ് വീണ്ടും സമ്മേളിക്കും. ചോദ്യോത്തര വേളയും ശൂന്യവേളയും അപ്പോൾ ഉണ്ടാകില്ലെന്ന് ലോക്സഭാ സ്പീക്കർ സഭയിൽ ഇന്നലെ വ്യക്തമാക്കി.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം മാർച്ച് ഒന്പതിനാണ് ആരംഭിച്ചത്. പശ്ചിമേഷ്യൻ സംഘർഷം, എണ്ണ ഇറക്കുമതി ഉൾപ്പെടെയുള്ള ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങൾ സഭയ്ക്കകത്തും പുറത്തും ദൃശ്യമായെങ്കിലും ഇരുകൂട്ടരും സമവായത്തിൽ എത്തിയതോടെ ആദ്യഘട്ട സമ്മേളനം സാക്ഷ്യം വഹിച്ച പ്രതിഷേധം രണ്ടാംഘട്ടത്തിൽ ഉണ്ടായില്ല. സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമാണെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ആദ്യഘട്ട സമ്മേളനത്തിൽ നൽകിയ നോട്ടീസ് ഈ സമ്മേളനത്തിൽ ചർച്ചയായെങ്കിലും പ്രമേയം പരാജയപ്പെട്ടു.
സ്പീക്കറുടെ ഏകപക്ഷീയ നിലപാട് ചോദ്യം ചെയ്ത പ്രതിപക്ഷം ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത കേന്ദ്രസർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു. പ്രതിഷേധത്തെത്തുടർന്നു നടപടി നേരിട്ട എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറായതോടെയാണ് സഭയ്ക്കുള്ളിലെ പ്രതിഷേധത്തിൽ ഇരുകൂട്ടരും സമവായത്തിലെത്തിയത്.
ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാതിരുന്നതോടെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം മൂർച്ഛിച്ചത്. ലോക്സഭയിലുണ്ടായ അനിഷ്ടസംഭവങ്ങളിൽ ഖേദിക്കുന്നതായി പ്രതിപക്ഷം സർക്കാരിനെ അറിയിച്ചതോടെ എംപിമാരുടെ സസ്പെഷൻ പിൻവലിച്ചതായി സ്പീക്കർ അറിയിച്ചു.
കേരളമുൾപ്പെടെ അഞ്ചിടത്തു നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എംപിമാരിൽ പലരും തെരഞ്ഞെടുപ്പു തിരക്കിലേക്ക് കടന്നതോടെ സഭയിൽ എത്തുന്ന അംഗങ്ങളുടെ എണ്ണത്തിലും കുറവ് നേരിട്ടിരുന്നു. വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ഉൾപ്പെടെ എട്ടു ബില്ലുകൾ ഈ സമ്മേളനത്തിൽ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.
ഇതിൽ അഞ്ച് ബില്ലുകൾ ഇരുസഭകളും ചർച്ച ചെയ്തു പാസാക്കി. എഫ്സിആർഎ ഭേദഗതിയിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെ ചർച്ചയ്ക്കും പാസാക്കലിനുമായി ഈ സമ്മേളനത്തിൽ പരിഗണിക്കുന്നതിൽനിന്നും കേന്ദ്രസർക്കാർ താത്കാലികമായി പിന്മാറി. കോർപറേറ്റ് നിയമഭേദഗതി ജെപിസിക്കു വിടാനും സർക്കാർ തീരുമാനിച്ചു.
Tags : Parliament temporarily adjourned