പ്രതാപ് സിംഹ
മൈസൂരു: മലയാളികൾക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം വൻ വിവാദമായതോടെ വിശദീകരണവുമായി ബിജെപി നേതാവും മുൻ മൈസൂരു എംപിയുമായ പ്രതാപ് സിംഹ രംഗത്തെത്തി. താൻ ലക്ഷ്യമിട്ടത് മലയാളികളെയല്ലെന്നും, മറിച്ച് ഹിന്ദു സംസ്കാരത്തെ അംഗീകരിക്കാത്ത കള്ളന്മാരെയും സാമൂഹികവിരുദ്ധരെയുമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകളെ മാധ്യമങ്ങളും മറ്റുള്ളവരും വളച്ചൊടിക്കുകയായിരുന്നുവെന്നും സിംഹ ആരോപിച്ചു.
ഒരു ഹോക്കി ടൂർണമെന്റ് ഉദ്ഘാടന വേദിയിലായിരുന്നു പ്രതാപ് സിംഹയുടെ വിവാദ പ്രസംഗം. കുടകിലേക്ക് കുടിയേറിയ മലയാളികൾ കർണാടകയുടെ തനത് സംസ്കാരം നശിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം. മലയാളികൾ ബുദ്ധിയുള്ളവരാണെന്ന് പറയാറുണ്ടെങ്കിലും മറുനാട്ടിലെത്തിയാൽ ആ വിവേകം കാണിക്കാറില്ലെന്ന് സിംഹ പരിഹസിച്ചു. ഗുണ്ടൽപേട്ടിന്റെ പകുതിയോളം മലയാളികൾ കൈയേറിയെന്നും, കുടകിൽ മുഴുവൻ അവരുടെ തോന്ന്യവാസമാണെന്നും ആരോപിച്ച മുൻ എംപി, കേരളത്തിൽ തെങ്ങും കായലുമല്ലാതെ മറ്റൊന്നുമില്ലെന്നും അധിക്ഷേപിച്ചിരുന്നു.
പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് സിംഹ വിശദീകരണവുമായി എത്തിയത്.
Tags : Pratap Simha Malayalis controversy