അമരാവതി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ യുവതി പോലീസ് പിടിയിൽ. ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ കാമുകനെയും 11 അംഗ ക്വട്ടേഷൻ സംഘത്തെയും പോലീസ് അറസ്റ്റു ചെയ്തു.
ലിംഗാപുരം ഗ്രാമത്തിലെ ഈശ്വര്‍ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശില്‍പ്പയും കാമുകൻ നാഗസുധീറും ക്രിമിനൽ സംഘവും അറസ്റ്റിലായത്. ഈശ്വർ റെഡ്ഡി - ശിൽപ്പ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടെ ശിൽപ്പ പ്രൊദ്ദത്തൂർ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജമ്മലമടുഗു സ്വദേശിയായ നാഗസുധീറുമായി പരിചയത്തിലായി. വിവാഹിതനായ നാഗസുധീറുമായുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറി.
ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഈശ്വർ റെഡ്ഡി പലതവണ ശിൽപ്പയെ വിലക്കിയെങ്കിലും അവർ ബന്ധം തുടർന്നതായി പോലീസ് പറഞ്ഞു. ഭർത്താവ് ബന്ധത്തിന് തടസമാണെന്ന് കരുതിയ ശിൽപ്പ നാഗസുധീറുമായി ചേർന്ന് ഈശ്വർ റെഡ്ഡിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു.
തുടർന്ന് ഗുണ്ടാനേതാവ് വിനയുമായി നാഗസുധീർ ബന്ധപ്പെട്ടു. വിനയ് വഴി സത്യസായി ജില്ലയിലെ ഹിന്ദുപുരിൽ നിന്നുള്ള സംഘത്തിന് ഈശ്വർ റെഡ്ഡിയെ കൊല്ലാൻ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി. പണം സംഘടിപ്പിക്കുന്നതിനായി ശിൽപ്പ തന്റെ 14 പവൻ സ്വർണാഭരണങ്ങൾ നാഗസുധീറിന് നൽകിയെന്ന് പോലീസ് പറയുന്നു. കുറച്ച് സ്വർണാഭരണങ്ങൾ വിറ്റും പണയംവച്ചും അഞ്ച് ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിന് അഡ്വാൻസായി നൽകി. ബാക്കി തുക കൊലപാതകത്തിന് ശേഷം നൽകാമെന്നും കരാറിലായി.
നാഗസുധീർ വഴി ശിൽപ്പ നൽകിയ വിവരങ്ങൾ അനുസരിച്ച് ക്വട്ടേഷൻ സംഘം പ്രൊദ്ദത്തൂരിലെത്തി ഈശ്വർ റെഡ്ഡിയെ നിരീക്ഷിച്ചു. ബൈപാസ് റോഡിൽ വച്ച് ഈശ്വർ റെഡ്ഡി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ സംഘം കാറിടിപ്പിച്ചു. താഴെ വീണ അദ്ദേഹത്തെ കുത്തിക്കൊല്ലാൻ ശ്രമിച്ചെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത പോലീസ് ശിൽപ്പ റെഡ്ഡി, നാഗസുധീർ എന്നിവരെയും മറ്റ് സംഘാംഗങ്ങളെയും അറസ്റ്റു ചെയ്യുകയായിരുന്നു.
Tags : Quotation kill husband Woman boyfriend gang arrested