തെലങ്കാന കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ മഹേഷ് ദീക്ഷിത്
ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയുടെ പുതിയ ഡയറക്ടറായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മഹേഷ് ദീക്ഷിതിനെ കേന്ദ്ര സർക്കാർ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് നിയമന സമിതിയാണ് ഈ നിയമനത്തിന് അംഗീകാരം നൽകിയത്. നിലവിലെ ഐബി ഡയറക്ടർ തപൻ കുമാർ ഡേക ജൂൺ 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ചുമതലയേൽക്കുന്ന തീയതി മുതൽ രണ്ടു വർഷത്തേക്കാണ് മഹേഷ് ദീക്ഷിതിന്റെ കാലാവധി.
നിലവിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദഹം 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, ആഭ്യന്തര സുരക്ഷ, രഹസ്യാന്വേഷണം എന്നിവയിൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തന പരിചയം ഇദ്ദേഹത്തിനുണ്ട്.
2019 ഓഗസ്റ്റിൽ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി അവിടുത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിലും ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. തുടർന്ന് ശ്രീനഗറിലെ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോ മേധാവിയായും പ്രവർത്തിച്ചു. ജമ്മു കാഷ്മീരിൽ ഇദ്ദേഹത്തിന്റെ മേൽനോട്ട ചുമതലയുള്ള കാലയളവിലാണ് 2023-ൽ ശ്രീനഗറിൽ ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം വിജയകരമായി പൂർത്തിയായത്. ഇത് അന്താരാഷ്ട്ര തലത്തിൽ കാഷ്മീരിലെ സുരക്ഷിതാവസ്ഥ പ്രകടമാക്കുന്നതിൽ വലിയ നാഴികക്കല്ലായിരുന്നു.
സൈബർ ഭീഷണികൾ, രാജ്യത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ, ഇൻഫർമേഷൻ വാർഫെയർ എന്നിവ പ്രതിരോധിക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. രാജ്യത്തിനകത്തും അതിർത്തി കടന്നുമുള്ള സുരക്ഷാ വെല്ലുവിളികൾ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ഏറ്റവും അനുഭവസമ്പന്നനായ ഒരു ഉദ്യോഗസ്ഥനെത്തന്നെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ തലപ്പത്തേക്ക് കേന്ദ്ര സർക്കാർ നിയോഗിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.
Tags : Mahesh Dixit IPS officer Intelligence Bureau Latest News