x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുടിനൊപ്പം സെൽഫിയെടുത്ത് 'ഇന്ത്യയുടെ എഐ കിഡ്'; ലോകം ഉറ്റുനോക്കുന്ന 17-കാരൻ റൗൾ ജോൺ അജുവിന്‍റെ വിജയഗാഥ

ഡെന്നിസ് ജേക്കബ്
Published: November 27, 2026 02:15 PM IST | Updated: November 27, 2026 04:33 PM IST

വ്ലാദിമിർ പുടിനൊപ്പം സെൽഫിയെടുക്കുന്ന റൗൾ ജോൺ അജു

ന്യൂഡൽഹി: മോസ്കോയിലെ രാജ്യാന്തര വേദിയിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനൊപ്പം ചേർന്നുനിന്ന് സെൽഫിയെടുക്കുന്ന 17-കാരനായ മലയാളി ബാലന്‍റെ ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്തെ പ്രധാന ചർച്ചാവിഷയം.

'എഐ കിഡ് ഓഫ് ഇന്ത്യ' എന്ന വിശേഷണത്തിലൂടെ ശ്രദ്ധേയനായ റൗൾ ജോൺ അജുവാണ് മോസ്കോയിൽ നടക്കുന്ന പ്രമുഖ രാജ്യാന്തര നിർമ്മിതബുദ്ധി സമ്മേളനമായ 'എഐ ജേർണി 2026'-ൽ വെച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. പത്തനംതിട്ട സ്വദേശിയായ റൗൾ, ഇടപ്പള്ളി കുന്നുംപുറം ഗവ. ജിവിഎച്ച്എസ്എസിലെ 11-ാം ക്ലാസ് വിദ്യാർഥിയാണ്.

Also Watch: അച്ഛന് ജോലി കൊടുത്ത മകൻ; AI Wonder Kid

കുട്ടിക്കാലത്ത് കൗതുകത്തിന് വീഡിയോകൾ നിർമ്മിച്ചുതുടങ്ങിയ താൻ പതിനേഴാം വയസ്സിൽ റഷ്യൻ പ്രസിഡന്‍റിനൊപ്പം നിൽക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന ഹൃദ്യമായ കുറിപ്പോടെ റൗൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടാണ് തരംഗമായത്.

സെൽഫി ചിത്രവും വീഡിയോയും പങ്കുവച്ചുകൊണ്ട് "ഇത് എങ്ങനെയാണ് യാഥാർഥ്യമായതെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, ഇത് എഐ അല്ല" എന്നാണ് റൗൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

സമ്മേളനത്തിന്‍റെ പ്ലീനറി സെഷനുശേഷമായിരുന്നു റൗളും മറ്റ് യുവ എഐ പ്രതിഭകളും പുടിനുമായും കസാഖിസ്ഥാൻ പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവുമായും കൂടിക്കാഴ്ച നടത്തിയത്.

'തിങ്ക്‌ക്രാഫ്റ്റ്' എന്ന എഐ പ്ലാറ്റ്‌ഫോം വികസിപ്പിച്ച സ്കൂൾ വിദ്യാർഥി എന്നാണ് ഇന്ത്യയിലെ റഷ്യൻ എംബസി റൗളിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. നവംബർ 26-ന് ആരംഭിച്ച മൂന്ന് ദിവസത്തെ ആഗോള ഉച്ചകോടിയിൽ, ഇന്ത്യ, റഷ്യ, ചൈന, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പ്രതിനിധികൾക്കിടയിലാണ് കേരളത്തിൽ നിന്നുള്ള ഈ കൗമാരക്കാരൻ ശ്രദ്ധാകേന്ദ്രമായത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കരുത്തേകുന്നതാണ് റൗളിന്‍റെ പ്രവർത്തനങ്ങളെന്ന് പുട്ടിൻ പ്രശംസിച്ചു. വിദ്യാഭ്യാസ മേഖലയിൽ എഐ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും റൗൾ സമ്മേളനത്തിൽ സംസാരിച്ചു.

 

വീഡിയോ എഡിറ്റിംഗിലൂടെയാണ് റൗളിന് സാങ്കേതികവിദ്യയോട് താത്പര്യം ജനിക്കുന്നത്. പിതാവിന് അഡോബിൽ ജോലി ലഭിച്ചതോടെ പ്രീമിയം സോഫ്റ്റ്‌വെയറുകൾ അടുത്തറിയാനും ഉപയോഗിക്കാനും റൗളിന് അവസരം ലഭിച്ചു. ഒൻപതാം വയസിൽ സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പഠിച്ചുതുടങ്ങിയ റൗൾ, സ്കൂൾ സയൻസ് പ്രോജക്ടിനായി 'മീബോട്ട്' എന്ന റോബോട്ടിനെ നിർമിച്ചുകൊണ്ടാണ് തന്‍റെ പ്രതിഭ ആദ്യമായി തെളിയിച്ചത്. പിന്നീട് വിവിധ എഐ ടൂളുകൾ വികസിപ്പിക്കുകയും സാങ്കേതികവിദ്യയുടെ സാധ്യതകൾ മറ്റുള്ളവരിലേക്ക് പകർന്നുനൽകുകയും ചെയ്തു.

പതിനേഴാം വയസിൽ റൗൾ പടുത്തുയർത്തിയ 'എഐ റെലം ടെക്നോളജീസ്' (AI Realm Technologies) എന്ന സ്റ്റാർട്ടപ്പ് സംരംഭം ഇന്ന് ലോകശ്രദ്ധ നേടിക്കഴിഞ്ഞു. 15 ജീവനക്കാർ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾക്കാണ് ഇതുവരെ എഐ പരിശീലനം നൽകിയത്.

സമപ്രായക്കാരായ കൗമാരക്കാർ മാതാപിതാക്കളോട് പോക്കറ്റ് മണി ചോദിച്ചുവാങ്ങുന്ന പ്രായത്തിൽ, റൗളിന്‍റെ പിതാവ് മകന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്യുകയും പ്രതിമാസം രണ്ട് ലക്ഷം രൂപ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നു എന്നത് ഈ യുവസംരംഭകന്‍റെ വളർച്ചയുടെ ആഴം വ്യക്തമാക്കുന്നു.

സാങ്കേതികവിദ്യയെ കേവലം വിനോദത്തിനപ്പുറം ലോകോത്തര സംരംഭമാക്കി മാറ്റിയ റൗൾ ജോൺ അജു, പുതുതലമുറയ്ക്ക് വലിയൊരു പ്രചോദനമായി മാറുകയാണ്. മോസ്കോയിലെ ആഗോള വേദിയിൽ നിന്ന് പുടിനൊപ്പം റൗൾ പകർത്തിയ ആ സെൽഫി, വരുംകാല സാങ്കേതിക ലോകത്ത് മലയാളി യുവത്വം കുറിക്കാൻ പോകുന്ന വലിയ മുന്നേറ്റങ്ങളുടെ നേർച്ചിത്രം കൂടിയാണ്.

Tags : RaulJohnAju VladimirPutin AIKid Technology

Recent News

Corehub Up