ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ടൈംസ് നൗ പുറത്തുവിട്ട ആദ്യ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, പശ്ചിമ ബംഗാളിൽ ബിജെപി അധികാരം പിടിച്ചെടുക്കുമെന്ന് പോൾ ഡയറി പ്രവചിക്കുന്നു.
കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും 85 മുതൽ 90 വരെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നുമാണ് പ്രവചനം. തരംഗമുണ്ടായാൽ സീറ്റ് നില 90 കടക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്. എൽഡിഎഫിന് 49 മുതൽ 62 വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. അതേസമയം 0-3 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് 15-നാണ് പ്രഖ്യാപിച്ചത്. കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിൽ ഏപ്രിൽ 9-നും തമിഴ്നാട്ടിൽ ഏപ്രിൽ 23-നും വോട്ടെടുപ്പ് പൂർത്തിയായിരുന്നു. ബംഗാളിലെ രണ്ടാം ഘട്ടം ഇന്ന് അവസാനിച്ചതോടെയാണ് ഔദ്യോഗികമായി എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
Tags : UDF Exit Poll Latest News