കോൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വിപുലീകരിച്ചു. പ്രമുഖ നേതാക്കളായ സ്വപൻ ദാസ്ഗുപ്ത, താപസ് റോയ്, ശങ്കർ ഘോഷ് എന്നിവരുൾപ്പെടെ 35 ബിജെപി എംഎൽഎമാർ തിങ്കളാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് മേയ് ഒൻപതിനാണ് സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 294 അംഗ നിയമസഭയിൽ 208 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തിയത്.
മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ മന്ത്രിസഭാ വിപുലീകരണം നടന്നിരിക്കുന്നത്. മേയ് ഒൻപതിന് സുവേന്ദു അധികാരിക്കൊപ്പം ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, അശോക് കിർത്താനിയ, ക്ഷുദിറാം ടുഡു എന്നീ ബിജെപി നേതാക്കളും മന്ത്രിമാരായി ചുമതലയേറ്റിരുന്നു.
കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരിയും ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയും ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. പുതിയ 35 അംഗങ്ങൾ കൂടി എത്തിയതോടെ ബംഗാൾ മന്ത്രിസഭയുടെ ആകെ അംഗസംഖ്യ 41 ആയി ഉയർന്നു.
സ്വപൻ ദാസ്ഗുപ്ത, ദൂത് കുമാർ മണ്ഡൽ, ദീപക് ബർമൻ, മനോജ് ഒറാവോൺ, ഗൗരി ശങ്കർ ഘോഷ്, അർജുൻ സിംഗ്, താപസ് റോയ്, ശരദ്വത് മുഖർജി, ജഗന്നാഥ് ചതോപാധ്യായ, ശങ്കർ ഘോഷ് എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജേഷ് മഹാത, ഇന്ദ്രനീൽ ഖാൻ, മാലതി രാവ റോയ് എന്നിവർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായും ചുമതലയേറ്റു.
കൂടാതെ ശാന്തനു പ്രമാണിക്, പൂർണിമ ചക്രവർത്തി, ഉമേഷ് റായ്, ജോയൽ മുർമു, അശോക് ദിൻഡ, ആനന്ദമോയ് ബർമൻ, കൗശിക് ചൗധരി, ഗാർഗി ദാസ് ഘോഷ്, ഭാസ്കർ ഭട്ടാചാര്യ, ദിബാകർ ഘരാമി, സുമന സർക്കാർ എന്നിവർ സഹമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
Tags : West Bengal Suvendu Adhikari BJP MLAs Cabinet Expansion Latest News