ടിന്റി-20 ക്രിക്കറ്റ് ലീഗ്: ഡാളസ് ബാസ്റ്റേഴ്സ് ജേതാക്കൾ
ബാബു പി. സൈമൺ
Thursday, June 26, 2025 5:27 PM IST
ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടിന്റി-20 ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ഡാളസ് ബ്ലാസ്റ്റേഴ്സ് ടീം ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഡാളസ് വാരിയേഴ്സ് ക്രിക്കറ്റ് ടീമിനെ ഏഴ് വിക്കറ്റിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വാരിയേഴ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി മികച്ച സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പതിനെട്ടാം ഓവറിൽ ലക്ഷ്യം മറികടന്നു.
ഫൈനലിൽ 67 റൺസും ഒരു വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്സ് താരം ജസ്റ്റിൻ ജോസഫ് ഫൈനലിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. വാരിയേഴ്സ് താരം പ്രിൻസ് ജോസഫ് 136 റൺസുമായി മികച്ച ബാറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.
കൂടുതൽ വിക്കറ്റുകൾ നേടി വാരിയേഴ്സ് ടീമിലെ തന്നെ ഷിനു ജോൺ മികച്ച ബൗളർക്കുള്ള ട്രോഫിയും കരസ്ഥമാക്കി.
കാറൾട്ടൺ സിറ്റിയിലെ ക്രിക്കറ്റ് ടീമായ സ്ട്രൈക്കേഴ്സ് ടീമിന്റെ ഉടമയും മാനേജരുമായ സജു ലൂക്കോസിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അജു മാത്യു ട്രോഫി ഏറ്റുവാങ്ങി.