മാർ അത്തനേഷ്യസ് കോളജ് മീറ്റ് ആൻഡ് ഗ്രീറ്റ് വെള്ളിയാഴ്ച
വർഗീസ് പോത്താനിക്കാട്
Wednesday, June 25, 2025 3:38 PM IST
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുമ്നി സെലിബ്രറ്റികളുമായി മീറ്റ് ആൻഡ് ഗ്രീറ്റ് വെള്ളിയാഴ്ച രാത്രി ഒന്പതിന് (ന്യൂയോർക്ക് സമയം) സൂം പ്ലാറ്റുഫോമിൽ നടത്തുന്നു.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും എംഎ കോളജ് പൂർവവിദ്യാർഥിയുമായ മധു ബാലകൃഷ്ണൻ ഗാനാലാപനങ്ങളോടെ പരിപാടി ഉദ്ഘാടനം ചെയ്യും. മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുമ്നി യുഎസ്എയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മീറ്റിംഗിൽ കായിക - കലാരംഗത്ത് ദേശീയ - അന്തർദേശീയ നിലയിൽ അവാർഡ് - മെഡൽ ജേതാക്കളായ താരങ്ങൾ പങ്കെടുക്കും.
ഒളിമ്പ്യന്മാരായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, അനിൽഡ തോമസ്, ടി. ഗോപി, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് സാബു ചെറിയാൻ, സംവിധായകൻ കെ.എം. കമൽ തുടങ്ങിയവർ പങ്കെടുക്കും. അവരുമായി സംവദിക്കാനുള്ള അസുലഭ സന്ദർഭം പ്രയോജനപ്പെടുത്തണമെന്ന് അലുമ്നി ഭാരവാഹികൾ അറിയിച്ചു.
മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മഞ്ചു കുര്യൻ, എംഎ കോളേജ് അസോസിയേഷൻ സെക്രട്ടറിയും കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിന്നി വർഗീസ് എന്നിവരൊപ്പം പല പൂർവഅധ്യാപകരും പൂർവ വിദ്യാർഥികളും മീറ്റിംഗിൽ പങ്കെടുക്കും.

പുനർ സംഘടിപ്പിക്കപ്പെട്ട മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് & സയൻസ് ആലുമ്നി യുഎസ്എയുടെ ഔപചാരിക ഉദ്ഘാടനം മാർച്ച് 14ന് നടന്നു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ താമസമാക്കിയ പൂർവ വിദ്യാർഥികളുടെ ഈ ഫെല്ലോഷിപ് വിവിധ കർമപരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു.
എംഎ കോളജിന്റെ ശ്രേയസുയർത്തുന്ന പൂർവ വിദ്യാർഥികളുടെ ഈ സംഗമം പരസ്പരം പരിചയപ്പെടുന്നതിനും പരിചയം പുതുക്കുന്നതിനുമുള്ള അസുലഭ സന്ദർഭമായി പ്രയോജനപ്പെടുത്തണമെന്ന് അലുമ്നി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ (പ്രസിഡന്റ്) - (267) 980 7923, ജോബി മാത്യു (സെക്രട്ടറി) - (301) 624-9539, ജോർജ് മാലിയിൽ (ട്രഷറർ) - (954) 655-4500, ജിയോ ജോസഫ് (നാഷണൽ കോഓർഡിനേറ്റർ) - (914) 552-2936, വർഗീസ് പോത്താനിക്കാട് (പിആർഒ) - (917) 488-2590.