കാമുകിയെയും അവരുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Thursday, August 7, 2025 6:54 AM IST
ടെന്നസി: 1988ൽ തന്റെ കാമുകിയെയും അവരുടെ രണ്ടു പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 69കാരനായ ബൈറൺ ബ്ലാക്കിനെ വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കി. ശരീരത്തിൽ ഘടിപ്പിച്ച ഡിഫിബ്രില്ലേറ്റർ കാരണം ബ്ലാക്കിന് കൂടുതൽ ദുരിതമുണ്ടായേക്കുമെന്ന ആശങ്കകൾക്കിടയിലും ശിക്ഷ നടപ്പാക്കിയത്.
ഈ വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതിയും ടെന്നസി ഗവർണർ ബിൽ ലീയും വിസമ്മതിച്ചു. നാഷ്വില്ലെയിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലാണ് വധശിക്ഷ നടപ്പാക്കിയത്. എൻബിസി ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, രാവിലെ 10.31ന് മാധ്യമപ്രവർത്തകർക്കായി വധശിക്ഷാമുറിയുടെ കർട്ടൻ തുറന്നു, 10.43ന് ബ്ലാക്ക് മരിച്ചതായി സ്ഥിരീകരിച്ചു.
കോവിഡിനെ തുടർന്നുള്ള താൽക്കാലിക നിർത്തിവച്ചതിനുശേഷം ടെന്നസിയിൽ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. ഈ ആഴ്ച അമേരിക്കയിൽ നടക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്; ഫ്ലോറിഡയിൽ റോബർട്ട് റോബേഴ്സന്റെ വധശിക്ഷയും നടപ്പാക്കിയിരുന്നു. ഈ വർഷം ഇതുവരെ അമേരിക്കയിൽ 28 വധശിക്ഷകൾ നടപ്പാക്കിക്കഴിഞ്ഞു, ഇത് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ മൊത്തം കണക്കുകളെ മറികടക്കുന്നതാണ്.