ടെക്സസ് ഹൗസ് അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ഗവർണർ ഗ്രെഗ് അബോട്ട്
പി.പി. ചെറിയാൻ
Thursday, August 7, 2025 5:54 AM IST
ഓസ്റ്റിൻ, ടെക്സസ്: ഡെമോക്രാറ്റിക് പാർട്ടിയിൽപ്പെട്ട ടെക്സസ് ഹൗസ് അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ ഗവർണർ ഗ്രെഗ് അബോട്ട് ഉത്തരവിട്ടു. ടെക്സസിലെ ജനങ്ങളോടുള്ള തങ്ങളുടെ കടമയിൽ നിന്ന് ഹൗസ് അംഗങ്ങൾ ഒളിച്ചോടിയെന്ന് ഗവർണർ പറഞ്ഞു.
സംസ്ഥാനം വിട്ട് പുറത്തുപോയതിലൂടെ, വെള്ളപ്പൊക്ക ദുരിതബാധിതർക്കും വസ്തുനികുതി ഇളവുകൾക്കും വേണ്ടിയുള്ള നിർണായക നിയമനിർമാണത്തെ അവർ തടസ്സപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി, ഹൗസ് ചേംബറിലേക്ക് മടങ്ങാൻ അംഗങ്ങളെ നിർബന്ധിതരാക്കുന്നതിനുള്ള അറസ്റ്റ് വാറണ്ടുകൾ സ്പീക്കർ ഡസ്റ്റിൻ ബറോസ് പുറപ്പെടുവിച്ചു.
ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, കടമയിൽ നിന്ന് ഒളിച്ചോടിയ ഏതൊരു അംഗത്തെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനും ഹൗസ് ചേംബറിലേക്ക് തിരികെ കൊണ്ടുവരാനും ഗവർണർ അബോട്ട് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിക്ക് നിർദ്ദേശം നൽകി.
കാണാതായ എല്ലാ ഡെമോക്രാറ്റിക് ഹൗസ് അംഗങ്ങളെയും കണ്ടെത്തി ടെക്സസ് ക്യാപിറ്റലിൽ എത്തിക്കുന്നത് വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ തുടരും.