ഷിക്കാഗോ സെന്റ് മേരീസ് ഇടവക വാർഷികാഘോഷം; സംഗീത ആൽബത്തിലെ ആദ്യ ഗാനം ഒമ്പതിന് റിലീസ് ചെയ്യും
അനിൽ മറ്റത്തിക്കുന്നേൽ ജേക്കബ്
Monday, August 4, 2025 4:54 PM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിലെ പ്രഥമ ഗാനം "അണയാം ദൈവജനമേ' ഈ മാസം ഒമ്പതിന് റിലീസ് ചെയ്യും.
രാത്രി 7.30ന് നടക്കുന്ന കലാ സന്ധ്യയിൽ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ ആദ്യ ഗാനം പ്രകാശനം ചെയ്യും. ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് സെന്റ് മേരീസ് ഇടവകയിൽ പതിനഞ്ചു വർഷമായി ഗായക സംഘത്തിന് നേതൃത്വം വഹിച്ചു വന്നിരുന്ന അനിൽ മറ്റത്തിക്കുന്നേലാണ്.
ഗായകൻ പിറവം വിത്സണും ഷിക്കാഗോ സെന്റ് മേരീസിലെ ഗായിക അമ്മു തോട്ടിച്ചിറയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജിത്ത് ബേബിയുടെ വോയിസ് ഓഫ് ആഡമിന്റെ ബാനറിൽ ജേക്കബ് മീഡിയ ഓഫ് ഷിക്കാഗോ പുറത്തിറക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് പ്രദീപ് ടോം ആണ്.
ജെയ്ബു കുളങ്ങര, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫെബിൻ കണിയാലിൽ എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ഗാനം കുർബാനയുടെ പ്രവേശനഗാനമായി ആലപിക്കുവാൻ തക്കവിധമാണ് രചിച്ചിരിക്കുന്നത്.
ഇടവകയുടെ പ്രധാന തിരുനാൾ ദിവസമായ 10ലെ റാസ കുർബാനയുടെ പ്രവേശനഗാനമായി ഈ ഗാനം ആലപിക്കും.