നഴ്സിംഗ് വിദ്യാർഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ
Saturday, August 2, 2025 11:26 AM IST
ബാങ്കോക്ക്: കേരളത്തിൽ നിന്ന് വിദേശത്ത് നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ. ബാങ്കോക്കിൽ നടന്ന പതിനാലാം വാർഷിക സമ്മേളനത്തിൽ കൗൺസിലിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ഡോ. ബാബു സ്റ്റീഫനാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ 14 ജില്ലകളിൽ നിന്ന് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന 100 വിദ്യാർഥികൾക്ക് ആണ് ആദ്യ അവസരം. വിശദ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഓഫീസ് ഓഗസ്റ്റ് മൂന്നിന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും.
അടുത്ത വാർഷിക കൺവൻഷൻ അമേരിക്കയിൽ നടത്തുന്നത് ആലോചിക്കും. വിശ്വ മലയാളി സ്നേഹ സംഗമം എന്ന പേരിൽ റോയൽ ഓർക്കിഡ് ഷെറാട്ടനിൽ മൂന്നു ദിവസമായി നടന്ന വിപുലമായ കൺവൻഷൻ സമാപിച്ചു.
ബാബു സ്റ്റീഫനൊപ്പം ഷാജി മാത്യു (കൗൺസിൽ സെക്രട്ടറി ജനറൽ), സണ്ണി വെളിയത്ത് (ട്രഷറർ), ജെയിംസ് കൂടൽ (വൈസ് പ്രസിഡന്റ് - അഡ്മിൻ), സുരേന്ദ്രൻ കണ്ണാട്ട് (വൈസ് ചെയർമാൻ), സെലീന മോഹൻ (വിമൻസ് ഫോറം ചെയർമാൻ), ഷീല റെജി (വിമൻസ് ഫോറം പ്രസിഡന്റ്), രേഷ്മ റെജി (യൂത്ത് ഫോറം പ്രസിഡന്റ്) തുടങ്ങിയ ഭാരവാഹികളും ചുമതലയേറ്റു.
മുൻ പ്രസിഡന്റ് തോമസ് മൊട്ടക്കൽ ചെയർമാൻ ആയി തുടരും. ജോൺ ബ്രിട്ടാസ് എംപി, മുൻ എംപി കെ. മുരളീധരൻ, മുരുകൻ കാട്ടാക്കട, നടി സോനാ നായർ, നടനും നിർമാതാവുമായ ദിനേശ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.
ബിസിനസ് ഫോറം അവാർഡുകൾ അമേരിക്കൻ വ്യവസായി ജിം ജോർജ്, തോമസ് മൊട്ടക്കൽ, ജെയിംസ് കുടൽ, ഷാജി മാത്യു, സുരേന്ദ്രൻ കണ്ണാട്ട് , സുകേഷ് ദുബൈ തുടങ്ങിയവർ വിശിഷ്ടാതിഥികളിൽ നിന്ന് സ്വീകരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ അജോയ് കല്ലൻ കുന്നിൽ അടക്കം സംഘടകരെ ചടങ്ങിൽ ആദരിച്ചു.