ഷിക്കാഗോയിൽ ഒരു വയസുകാരൻ മുങ്ങിമരിച്ച സംഭവം; അമ്മ അറസ്റ്റിൽ
പി പി ചെറിയാൻ
Wednesday, July 30, 2025 5:53 AM IST
ഷിക്കാഗോ : മിഷിഗൻ തടാകത്തിൽ വച്ച് ഒരു വയസുള്ള മകൻ മുങ്ങിമരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. 31 വയസുകാരിയായ സൂറ അമോണിനെതിരെയാണ് ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും, മരണം സംഭവിക്കാൻ സാധ്യതയുള്ള കുറ്റകൃത്യവും ചുമത്തിയിട്ടുള്ളതെന്ന് ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റ് തിങ്കളാഴ്ച അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.45 ഓടെ സൗത്ത് ഷോർ ഡ്രൈവിന്റെ 7000ബ്ലോക്കിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.
തടാകത്തിലെ വെള്ളത്തിൽ അമോണിനെ കണ്ടെത്തുകയായിരുന്നു. അവർ കുട്ടിയെ മുക്കിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഷിക്കാഗോ ഫയറിന്റെ മറൈൻ യൂണിറ്റ് ഉടൻതന്നെ കുട്ടിയെ രക്ഷപ്പെടുത്തി കോമർ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.
സംഭവസമയത്ത് തനിക്ക് മരിക്കാൻ ആഗ്രഹമുണ്ടായിരുന്നതായി അമോൺ പോലീസിനോട് പറഞ്ഞിരുന്നതായി കോടതി രേഖകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തിന് ഏകദേശം മൂന്ന് മണിക്കൂർ മുമ്പ്, അമോണിന്റെ സഹോദരി ക്ലോഡിയ അമോൺ സഹോദരിക്ക് മാനസികാരോഗ്യ സഹായം ആവശ്യപ്പെട്ട് പോലീസിനെ വിളിച്ചിരുന്നതായി വെളിപ്പെടുത്തി. സൂറ അമോണിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.