ഫ്രാൻസിസ് മാർപാപ്പയുടെ കൂറ്റൻ ചുവർചിത്രം അർജന്റീനയിൽ
Tuesday, August 5, 2025 10:28 AM IST
ബുവാനസ് ആരിസ്: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള ചുവർചിത്രം അർജന്റീനയിൽ അനാച്ഛാദനം ചെയ്തു. ലാ പ്ലാറ്റ നഗരത്തിൽ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിനു സമീപമുള്ള 16 നില കെട്ടിടത്തിലാണു ചുവര്‍ചിത്രം തീർത്തത്.
പ്രശസ്ത കലാകാരനായ മാർട്ടിൻ റോൺ വരച്ച ചുവർചിത്രത്തിന് 50 മീറ്റർ ഉയരമുണ്ട് (164 അടി). അർജന്റീന സ്വദേശികൂടിയായ ഫ്രാന്‍സിസ് മാർപാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ലാ പ്ലാറ്റ സിറ്റി കൗൺസിൽ മുന്‍കൈയെടുത്ത് കലാസൃഷ്ടി ഒരുക്കുകയായിരുന്നു.
പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണു കലാസൃഷ്ടിയില് ഒരുക്കിയത്. പറക്കാൻ തയാറായ ഒരു പ്രാവിനെ പിടിച്ചുകൊണ്ട് മാർപാപ്പ പുഞ്ചിരിക്കുന്നതാണ് ചിത്രം.
ഡീഗോ മറഡോണ, ലയണൽ മെസി തുടങ്ങിയ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസങ്ങളുടെ ചുവർചിത്രങ്ങൾ വരയ്ക്കുന്നതിൽ പ്രശസ്തനാണ് മാർട്ടിൻ റോൺ. ലാ പ്ലാറ്റ അതിരൂപത ആർച്ച്ബിഷപ് ഗുസ്താവോ കരാര ചിത്രം ആശീര്‍വദിച്ചു.
ചടങ്ങിനോടനുബന്ധിച്ച് സംഗീതപരിപാടിയും വെടിക്കെട്ടുമുണ്ടായിരുന്നു.