ഒഹായോയുടെ പുതിയ സോളിസിറ്റർ ജനറലായി മഥുര ശ്രീധരൻ നിയമിതനായി
പി.പി. ചെറിയാൻ
Thursday, August 7, 2025 7:39 AM IST
ഒഹായോ: ഒഹായോയുടെ പുതിയ സോളിസിറ്റർ ജനറലായി മഥുര ശ്രീധരൻ നിയമിതയായി. സംസ്ഥാനത്തെ ഏറ്റവും മികച്ച അപ്പലേറ്റ് അഭിഭാഷകരിൽ ഒരാളായ ശ്രീധരൻ, നിലവിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായും ഓഹിയോയിലെ ടെൻത്ത് അമെൻഡ്മെന്റ് സെന്ററിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചുവരികയാണ്.
അറ്റോർണി ജനറൽ ഡേവ് യോസ്റ്റിന്റെ ഓഫിസാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ നിയമനം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങളുള്ള വ്യക്തിയാണ് മഥുര ശ്രീധരൻ.
2018ൽ എൻവൈയു സ്കൂൾ ഓഫ് ലോയിൽ നിന്ന് ജെഡി ബിരുദം നേടിയ അവർ, എം.ഐ.ടി.യിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും രണ്ട് ബാച്ചിലർ ബിരുദങ്ങളും നേടിയിട്ടുണ്ട്.
കൂടാതെ, സെക്കൻഡ് സർക്യൂട്ടിലെ ജഡ്ജി സ്റ്റീവൻ ജെ. മെനാഷി, ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ ജഡ്ജി ഡെബോറ എ. ബാറ്റ്സ് എന്നിവരുടെ കീഴിൽ അവർ ക്ലാർക്കായും പ്രവർത്തിച്ചിട്ടുണ്ട്. ഈ നിയമനത്തോടെ, ഓഹിയോയുടെ 12ാമത് സോളിസിറ്റർ ജനറലായി മഥുര ശ്രീധരൻ ചുമതലയേൽക്കും.