വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു
Thursday, August 7, 2025 5:15 PM IST
കൊച്ചി: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓഫീസ് കൊച്ചിയിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പ്രഡിഡന്റ് ഡോ ബാബു സ്റ്റീഫൻ, സെക്രട്ടറി ജനറൽ ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് തങ്കം അരവിന്ദ്, തങ്കമണി ദിവാകരൻ, വുമൺസ് ഫോറം പ്രസിഡന്റ് ഷീല റെജി,
ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ജോസ് കൊലത്ത്, അലക്സ് വിളനിലം, ഇന്ത്യ റീജിയൺ പ്രസിഡന്റ് പദ്മകുമാർ നായർ, സുജിത്ത് ശ്രീനിവാസൻ, യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ റെജി, വുമൺസ് ഫോറം ചെയർ സലീന മോഹൻ അടക്കം ലോകമെമ്പാടുമുള്ള 100ലധികം അംഗങ്ങൾ പങ്കെടുത്തു.
ബാങ്കോക്കിൽ നടന്ന ഗ്ലോബൽ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ച സംഘാടക സമിതിയെ ചടങ്ങിൽ അഭിനന്ദിച്ചു. ഡോ. ബാബു സ്റ്റീഫൻ പ്രസിഡന്റായും തോമസ് മൊട്ടക്കൽ ചെയർമാനായും നേതൃത്വം ഏറ്റെടുത്ത പുതിയ കമ്മിറ്റി ഒരാഴ്ചക്കുള്ളിൽ അധികാരമേൽക്കും.
കേരളത്തിൽ ആദ്യമായി ഡബ്ല്യുഎംസി ഓഫീസ് തുടങ്ങുവാനായത് ചരിത്രപരമായ നേട്ടമാണെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിനിസ്ട്രേഷൻ ജെയിംസ് കൂടൽ പറഞ്ഞു. ഈ ഓഫീസ്, സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേന്ദ്രമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൺവൻഷനിന് ശേഷം പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ജനറൽ സെക്രട്ടറി ഷാജി മാത്യുവും സുരേന്ദ്രൻ കണ്ണാട്ടും നേപ്പാളിൽ സന്ദർശനം നടത്തിയിരുന്നു. അവിടെ എംബസി ഉദ്യോഗസ്ഥരുമായും പ്രദേശത്തെ പ്രധാനപ്പെട്ട മലയാളികളുമായും വ്യവസായ വകുപ്പ് മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി.
നേപ്പാളിൽ ഒരു പുതിയ പ്രൊവിൻസ് ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുപോലെ അവിടെയുള്ള മലയാളികളുടെ പ്രശ്നങ്ങളും നിക്ഷേപ സാധ്യതകളും ചർച്ച ചെയ്തു.
സര്ക്കാര് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകമാകെയുള്ള എല്ലാ രാജ്യങ്ങളിലും സംഘടനയുടെ പ്രൊവിൻസുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ തീരുമാനമായിട്ടുണ്ട്.
അതിനോടൊപ്പം, തിരുവനന്തപുരം നഗരത്തിൽ ഭൂമി വാങ്ങി ഒരു ഗ്ലോബൽ സെന്റർ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു. വിദേശത്ത് നഴ്സിംഗ് പഠനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഒരു കോടി സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.
ആദ്യഘട്ടത്തിൽ 100 പേർക്ക് ഓരോരുത്തരിലും ഒരു ലക്ഷം വീതം നൽകും. ഒരു സെലക്ഷൻ കമ്മിറ്റി ഇതിനായി രൂപീകരിക്കും. ആറുമാസത്തിനുള്ളിൽ തുക വിതരണം ചെയ്യാനാണ് ലക്ഷ്യം.
അടുത്ത ദ്വൈവാർഷിക കൺവെൻഷൻ അമേരിക്കയിൽ വച്ച് വിപുലമായി നടത്താനും തീരുമാനമായി.