ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ബുധനാഴ്ച ആരംഭിക്കും
ഉമ്മൻ കാപ്പിൽ
Tuesday, July 8, 2025 3:30 PM IST
കണക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കണക്ടികട്ട് സ്റ്റാംഫോർഡിലുള്ള ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിൽ ബുധനാഴ്ച ആരംഭിക്കും.
ഉച്ചയ്ക്ക് ഒന്നിന് രജിസ്ട്രേഷൻ ആരംഭിക്കും. വൈകുന്നേരം നാല് മുതൽ 5.30 വരെ ഭക്ഷണത്തിനുള്ള സമയം. തുടർന്ന് വൈകുന്നേരം 5.30ന് ലോബിക്ക് പുറത്ത് നടത്തുന്ന ഘോഷയാത്രയിൽ മുഖ്യാതിഥികളെയും പ്രതിനിധികളെയും സ്വാഗതം ചെയ്തുകൊണ്ട് ചെണ്ടമേളവും ആഘോഷങ്ങളുമായി കോൺഫറൻസിനു തുടക്കം കുറിക്കും.
ഘോഷയാത്ര കോഓർഡിനേറ്റർമാരായ രാജൻ പടിയറയും എബ്രഹാം പോത്തനും അവരുടെ സംഘവും പരമ്പരാഗത ഘോഷയാത്രയ്ക്കുള്ള അവസാന ഒരുക്കങ്ങൾ നടത്തിവരികയാണ്.
ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ നിക്കോളാവോസ്, ഫാ. ഡോ. നൈനാൻ വി. ജോർജ്, ഫാ. ഡോ. തിമോത്തി തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, ഡീക്കൺ അന്തോണിയോസ് (റോബി) ആന്റണി (അതിഥി പ്രഭാഷകർ), ഭദ്രാസനത്തിലെമ്പാടുമുള്ള വൈദികർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഘോഷയാത്രയിൽ പങ്കെടുക്കും.
വൈകുന്നേരം 6.30ന് സായാഹ്ന പ്രാർഥനയ്ക്ക് ശേഷം ഗ്രാൻഡ് ബാൾറൂമിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ഫാ. ഡോ. ബാബു കെ. മാത്യു നയിക്കുന്ന ഗായകസംഘം സമ്മേളനത്തിലുടനീളം പ്രേക്ഷകർക്ക് സംഗീത സദ്യയൊരുക്കും.
യുവാക്കളെ കേന്ദ്രീകരിച്ചുള്ള സമ്മേളനത്തിൽ, ആദ്യ രാത്രിയിൽ തന്നെ എംജിഒസിഎസ്എം, ഫോകസ് ഗ്രൂപ്പുകൾക്കായി പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. ജൂലൈ ഒമ്പത് മുതൽ 12 വരെ കോൺഫറൻസ് നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ: 914 806 4595, ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി: 917 612 8832, ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ: 917 533 3566.