ന്യൂജഴ്സി അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ്: ഹൂസ്റ്റൺ ചാപ്റ്റർ കിക്കോഫ് സമ്മേളനം വൻവിജയം
സൈമൺ വാളച്ചേരിൽ
Friday, July 4, 2025 4:15 PM IST
ഹൂസ്റ്റൺ: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ ഷെറാട്ടൺ എഡിസണിൽ നടക്കുന്ന ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മീഡിയ കോൺഫറൻസിനുള്ള ഹൂസ്റ്റൺ ചാപ്റ്ററിന്റെ കിക്കോഫ് സമ്മേളനം ഉജ്വലമായി.
മിസോറി സിറ്റിയിലെ അപ്നാബസാർ ഓഡിറ്റോറിയത്തിൽ നടന്ന വർണശബളമായ ചടങ്ങിൽ വിവിധ തലങ്ങളിൽ പ്രശസ്തരായ അമേരിക്കൻ മലയാളി വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് സൈമൺ വാളച്ചേരിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്,
ഫോട്ബെൻഡ് പോലീസ് ക്യാപ്റ്റൻ മനോജ്കുമാർ പൂപ്പാറയിൽ, ഫോമ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നാഷണൽ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള,
ചാപ്റ്റർ സെക്രട്ടറി മോട്ടി മാത്യു, ട്രെഷറർ അജു ജോൺ, വൈസ് പ്രസിഡന്റ് ജീമോൻ റാന്നി, മുൻ പ്രസിഡന്റ് ജോർജ് തെക്കേമല, ജോൺ ഡബ്ല്യു. വർഗീസ് കൂടാതെ ഹൂസ്റ്റൺ ചാപ്റ്റർ അംഗങ്ങളെല്ലാവരും കൂടി നിലവിളക്കിനു തിരികൊളുത്തിയതോടെ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമായി.

ജോയിന്റ് സെക്രട്ടറി സജി പുല്ലാട് പ്രാർഥനാഗാനം ആലപിച്ചു. അനിൽ ആറന്മുള പരിപാടികൾക്കെത്തിയ വിശിഷ്ടാതിഥികൾക്കു സ്വാഗതമാശംസിച്ചു. തുടർന്ന് ചാപ്റ്റർ പ്രസിഡന്റ് സൈമൺ വാളച്ചേരിൽ അധ്യക്ഷ പ്രസംഗം നടത്തി.
മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായിരുന്ന നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ഇന്ത്യ പ്രസ് ക്ലബിനെക്കുറിച്ചും ന്യൂജഴ്സിയിൽ നടക്കുന്ന കോൺഫറൻസിനെക്കുറിച്ചും വിശദമായി സംസാരിച്ചു.
പ്രവർത്തനങ്ങളിലും കോൺഫറൻസുകളിലെ പ്രാതിനിധ്യം കൊണ്ടും മുൻപന്തിയിൽ നിൽക്കുന്ന ഹ്യൂസ്റ്റൺ ചാപ്റ്ററിനെ അദ്ദേഹം അനുമോദിക്കുകയും ഹൂസ്റ്റൺ മലയാളികളെ കോൺഫറൻസിലേക്കു ക്ഷണിക്കുകയും ചെയ്തു.
ഇന്ത്യ പ്രസ് ക്ലബിന്റെ എല്ലാ കോൺഫറൻസുകളും ഇതുവരെ ഏറ്റവും ഭംഗിയായി നടന്നിട്ടുണ്ടെന്നും അത്രയും തന്നെ പ്രതിനിധ്യത്തോടെ ന്യൂജഴ്സിയിൽ നടക്കുന്ന കോൺഫറൻസ് വൻ വിജയമാക്കാൻ ഹൂസ്റ്റണിലുള്ളവരുടെ പങ്കുവലുതാണെന്നും നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
തുടർന്ന് ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ് ഇന്ത്യ പ്രസ് ക്ലബിന്റെ ഉദ്ഘാടകനാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കഴിഞ്ഞ ഏഴ് വർഷങ്ങളായി കൗണ്ടി ജഡ്ജ് ആയിരിക്കുന്ന തനിക്ക് ഹൂസ്റ്റണിലെ മലയാള പ്രസിദ്ധീകരണങ്ങൾ നൽകുന്ന പിന്തുണയിൽ നന്ദിയും ചാരിതാർഥ്യവും പ്രകടിപ്പിച്ചുകൊണ്ട് കിക്കോഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഈ മാധ്യമ കോൺഫറൻസിന്റെ ഇവന്റ് പാർട്ണർ ആയി മുൻപോട്ടു വന്ന പ്രശസ്ത അന്നാ-കിറ്റെക്സ് ഗ്രൂപ്പിന്റെ സിഎംഡി ബോബി എം. ജെക്കോബിനോടും അവരുടെ ഉത്പന്നങ്ങളുടെ സമ്പൂർണ വിതരണക്കാരായ ഹൂസ്റ്റണിലുള്ള ഗ്രേസ് സപ്ലൈ ഗ്രൂപ്പിനോടും അനിൽ ആറന്മുള പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു.
ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ സെക്രട്ടറി ഷിജോ പൗലോസിനു സ്പോൺസർഷിപ്പ് ചെക്ക് നൽകി ഫോമയുടെയും തന്റെയും പിന്തുണ അറിയിച്ചു കൊണ്ട് എലാവിധ ആശംസകളും നേർന്നു സംസാരിച്ചു.
മറ്റു പിന്തുണ നൽകിയ ജി.കെ. പിള്ള, ഡിസ്കൗണ്ട് അനിയൻ, ശശിധരൻ നായർ, ജോൺ ഡബ്ല്യു. വർഗീസ് പ്രോംപ്റ്റ് റിയൽറ്റി എന്നിവർക്കും നാഷണൽ വൈസ് പ്രസിഡന്റ് അനിൽ ആറന്മുള നന്ദി പ്രകാശിപ്പിച്ചു.
മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്ഫോർഡ് മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ജി.കെ. പിള്ള, ശശിധരൻ നായർ, എന്നിവർ മീഡിയ കോൺഫറൻസിനു ആശംസകളേകി സംസാരിച്ചു.
മാഗ് ട്രെഷറർ സുജിത് ചാക്കോ, വേൾഡ് മലയാളി കൌൺസിൽ ചെയർമാൻ പൊന്നു പിള്ള, നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ബിജു ഇട്ടൻ, ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു, പാസഡീന മലയാളി അസോസിയേഷൻ പ്രസിഡന്റ് റിച്ചാർഡ് ജേക്കബ് എന്നിവരും ആശംസ പ്രസംഗങ്ങൾ നടത്തി.
നെസാ ചാക്കോയുടെ അതിമനോഹരമായ നൃത്തം, സജി പുല്ലാടിന്റെ ഗാനങ്ങളും കലാപരിപാടികൾക്ക് കൊഴുപ്പേകി. സെക്രട്ടറി മോട്ടി മാത്യു സംവിധാനം ചെയ്തു നിർമിച്ച ഹ്രസ്വ ചിത്രവും അദ്ദേഹം തന്നെ പാടി അഭിനയിച്ച കുഞ്ഞോളേ എന്ന മലയാളം റാപ് ആൽബവും മിസ് ഭാരത്-ടെക്സസ് ഡോ. നിഷാ സുന്ദരഗോപാൽ റിലീസ് ചെയ്തു.
ആർജെ മാരായ റൈന റോക്ക്, ആൻസി സാമുവൽ എന്നിവർ എംസി മാരായി പ്രവർത്തിച്ചു. യോഗത്തിൽ മോട്ടി മാത്യു കൃതജ്ഞത അർപ്പിച്ചു.
പ്രസിഡന്റ് സൈമൺ വാളാച്ചേരിലിന്റെ നേതൃത്വത്തിലുള്ള ഐപിസിഎൻഎ ടീം ഹൂസ്റ്റണിന്റെ പ്രവർത്തന മികവാണ് ഈ പരിപാടിയെ ഇത്രയും ഗംഭീരമാക്കാൻ സഹായിച്ചത് എന്ന് മോട്ടി മാത്യു ഊന്നി പറഞ്ഞു.