ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി റവ. റോബർട്ട് പി. പ്രൈസിനെ തെരഞ്ഞെടുത്തു
പി.പി. ചെറിയാൻ
Friday, July 4, 2025 3:29 PM IST
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപത ബിഷപ് കോഡ്ജൂട്ടറായി റവ. റോബർട്ട് പി. പ്രൈസിനെ തെരഞ്ഞെടുത്തു. സെന്റ് മൈക്കിൾ ആൻഡ് ഓൾ ഏഞ്ചൽസിൽ നേരിട്ട് നടന്ന പ്രത്യേക കൺവൻഷനിൽ രൂപതയിലെ സഭകളെ പ്രതിനിധീകരിക്കുന്ന വൈദികരും സാധാരണ പ്രതിനിധികളും ചേർന്നാണ് ബിഷപ് കോഡ്ജൂട്ടർ-എലക്റ്റിനെ തെരഞ്ഞെടുത്തത്.
134 വൈദികരിൽ 82 പേരും 151 അൽമായരിൽ 77 പേരും വോട്ട് ചെയ്തു. രണ്ടാം റൗണ്ട് ബാലറ്റിംഗിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നിലവിൽ സെന്റ് മാത്യുസ് കത്തീഡ്രലിന്റെ ഡീനാണ് റോബർട്ട് പ്രൈസ്.
ബിഷപ് കോഡ്ജ്യൂട്ടറായി വെരി റവ. റോബർട്ട് പി. പ്രൈസിന്റെ സ്ഥാനാരോഹണം സെപ്റ്റംബർ ആറിന് രാവിലെ 10ന് ഡാളസ്, ടിഎക്സ് 75204, 3966 മക്കിന്നി അവന്യൂവിലുള്ള ചർച്ച് ഓഫ് ദ ഇൻകാർനേഷനിൽ നടക്കും.
ഫാ. റോബ് എന്നറിയപ്പെടുന്ന ഡീൻ പ്രൈസ് തെക്കൻ കലിഫോർണിയയിലാണ് ജനിച്ചത്. അമേരിക്കൻ ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. സെന്റ് ലൂയിസിലെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്നു.
യേലിൽ എംഡിവി പൂർത്തിയാക്കിയ ശേഷം സെന്റ് ലൂയിസിലെയും ഡാളസിലെയും പള്ളികളുടെ സ്റ്റാഫിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005ലാണ് ഹൂസ്റ്റണിലെ സെന്റ് ഡൺസ്റ്റന്റെ റെക്ടറായത്. ഭാര്യ: കേറ്റ്. മക്കൾ: മാറ്റ്, തോമസ്, ക്രിസ്.