മാർ അത്തനേഷ്യസ് കോളജ് അലുംനി: പ്രമുഖ വ്യക്തികളെ ആദരിച്ചു
വർഗീസ് പോത്താനിക്കാട്
Saturday, July 5, 2025 4:40 PM IST
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലുംനി യുഎസ്എയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കോളജിലെ പൂർവ വിദ്യാർഥികളും കായിക - കലാ രംഗത്തു ദേശീയ - അന്തർദേശിയ നിലയിൽ അവാർഡ് /മെഡൽ ജേതാക്കളുമായ താരങ്ങളെ ആദരിച്ചു.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും എംഎ കോളജ് പൂർവ വിദ്യാർഥിയുമായ മധു ബാലകൃഷ്ണൻ പരിപാടികൾക്ക് തുടക്കം കുറിച്ചു. സൂം പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ യുഎസ്എഎ അലുംനി പ്രസിഡന്റ് സാബു സ്കറിയ അദ്ധ്യക്ഷത വഹിച്ചു.
പഠനപരമായ നിലയിലും പഠ്യേതര രംഗത്തും ദേശീയ/അന്തർദേശീയ തലത്തിൽ ഔന്നത്യം നേടിയ എംഎ കോളജിന്റെ വളർച്ചയിലും ഉയർച്ചയിലും അത്യന്തം അഭിമാനം കൊള്ളുന്നതായി തന്റെ പ്രസംഗത്തിൽ സാബു സ്കറിയ അറിയിച്ചു. ഒളിന്പിക്സ് മെഡൽ ജേതാക്കളെയും കലാ - കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ശേഷ്ഠ വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു.
ഒളിന്പ്യന്മാരായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, അനിൽഡാ തോമസ്, ടി. ഗോപി, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സാബു ചെറിയാൻ, സംവിധായകൻ കെ. എം. കമൽ എന്നിവരെയാണ് മീറ്റിംഗിൽ ആദരിച്ചത്.
മീറ്റ് & ഗ്രീറ്റ് പരിപാടിയായി സംഘടിപ്പിച്ച ഈ ഒത്തുചേരലിൽ അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അനേകം എംഎ കോളജ് പൂർവ വിദ്യാർഥികൾ പങ്കെടുത്തു. വിവിധ കാലഘട്ടങ്ങളിൽ കോളജിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും സൗഹൃദം പുതുക്കുന്നതിനും ചടങ്ങ് ഏറെ പ്രയോജനപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. മഞ്ചു കുര്യൻ, ഇപ്പോൾ അമേരിക്കയിലുള്ള മുൻ പ്രിൻസിപ്പൽ ഡോ. ലീനാ ജോർജ്, മുൻ പ്രഫസർമാരായ കെ. പി. മത്തായി, ഡോ. ഷീല വർഗീസ്, ജോസഫ് തോമസ് (അപ്പു സാർ), ജേക്കബ് മാത്യു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അപ്പു സാറിന്റെ മലയാള കവിതാ പാരായണം സദസിനു ഏറെ ഹൃദ്യവും ഉണർത്തുപാട്ടുമായി മാറി. ജനറൽ സെക്രട്ടറി ജോബി മാത്യു സ്വാഗതവും ട്രഷറർ ജോർജ് മാലിയിൽ നന്ദിയും രേഖപ്പെടുത്തി.