ടെക്സസ് പ്രളയത്തിൽ വിവാദ പരാമർശം: ഹൂസ്റ്റണിൽ ശിശുരോഗ വിദഗ്ധയെ ജോലിയിൽ നിന്ന് പുറത്താക്കി
പി.പി. ചെറിയാൻ
Friday, July 11, 2025 7:45 AM IST
ഹൂസ്റ്റൺ: കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെക്കുറിച്ച് വിവാദ അഭിപ്രായ പ്രകടനം നടത്തിയ ഹൂസ്റ്റണിലെ ശിശുരോഗ വിദഗ്ധയെ ജോലിയിൽ നിന്ന് പുറത്താക്കി. ബ്ലൂ ഫിഷ് പീഡിയാട്രിക്സിൽ ജോലി ചെയ്തിരുന്ന ഡോ. ക്രിസ്റ്റീന പ്രോപ്സ്റ്റിനെതിരെയാണ് നടപടി.
രാഷ്ട്രീയ നിലപാടുകൾ ചൂണ്ടിക്കാട്ടി കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
വെള്ളപ്പൊക്കത്തിൽ കാണാതായ പെൺകുട്ടികളുള്ള ക്യാന്പിനെ ’വെള്ളക്കാർക്ക് മാത്രമുള്ള പെൺകുട്ടികളുടെ ക്യാന്പ്’ എന്നാണ് മുൻ ഹൂസ്റ്റൺ ഫൂഡ് ഇൻസെക്യൂരിറ്റി ബോർഡ് അംഗം കൂടിയായ ഡോ. പ്രോപ്സ്റ്റ് വിശേഷിപ്പിച്ചത്.
ഡോക്ടറുടെ അഭിപ്രായങ്ങളിൽ കടുത്ത അതൃപ്തിയും ആശങ്കയും പലരും രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച, ബ്ലൂ ഫിഷ് പീഡിയാട്രിക്സ് ഡോ. പ്രോപ്സ്റ്റിനെ തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.