താൻ സൺ ബാത്ത് നടത്താറില്ല; വധഭീഷണിക്കെതിരേ പ്രതികരിച്ച് ട്രംപ്
ഏബ്രഹാം തോമസ്
Friday, July 11, 2025 3:12 PM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ തന്റെ മാർ എ ലാഗോ റിസോർട്ടിൽ സൺ ബാത്ത് നടത്തുമ്പോൾ ഡ്രോൺ ഉപയോഗിച്ച് വധിക്കുമെന്ന ഇറാൻ പരമോന്നത നേതാവിന്റെ വക്താവിന്റെ ഭീഷണിയോട് പ്രതികരിച്ച് ട്രംപ്.
ഒരു ചെറിയ ഡ്രോണിന് ട്രംപിനെ വകവരുത്താൻ കഴിയുമെന്ന് ഇറാൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ ഉപദേശകൻ മുഹമ്മദ് ജവാദ് ലാരിജാനി പറഞ്ഞതായി ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
ലാരിജാനി പറഞ്ഞത് ഒരു ഫലിതമായാൽ പോലും ജൂണിൽ അമേരിക്ക ഇറാന്റെ ആണവായുധ കേന്ദ്രങ്ങൾക്കു നേരെ നടത്തിയ ആക്രമണങ്ങൾക്കു പ്രതികാരമായി ഇസ്ലാമിക് റിപ്പബ്ലിക്ക് ഏജന്റുമാർ ട്രംപിന് നേരെ ആക്രമണം നടത്തുമെന്നുള്ള വാർത്തകൾക്കു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
ഇറാനും അമേരിക്കയുമായി കഴിഞ്ഞ നാലു ദശകങ്ങളായി വളരെ മോശമായതും പരസ്പര വിശ്വാസമില്ലാത്തതുമായ ബന്ധമാണ് ഉള്ളത്. ട്രംപ് പ്രസിഡന്റായി അധികാരം ഏറ്റതിനു ശേഷം ഈ ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു.
ട്രംപ് ഭരണത്തിന്റെ ആദ്യ ഊഴത്തിൽ ജോയിന്റ് കോമ്പ്രെഹെൻസീവ് പ്ലാൻ ഓഫ് ആക്ഷനിൽ (ഇറാൻ നുക്ലീർ ഡീൽ എന്നറിയപ്പെട്ടിരുന്നു) നിന്ന് യുഎസ് പിൻവാങ്ങിയതും ഖുദ്സ് ഫോഴ്സിന്റെ തലവൻ ജനറൽ ഖു ആസേം സോൾമേനിയുടെ വധവും ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള അകൽച്ച വർധിക്കുവാൻ കാരണമായി.
ഇറാനിയൻ പരമോന്നത നേതാവിന്റെ ഉപദേശകന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത് ഇതിനു പിന്നാലെയാണ്. ബുധനാഴ്ച ലാരിജാനി ഇറാനിയൻ ടെലിവിഷനിൽ പറഞ്ഞതാണ് ഇറാൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ ഇവയ്ക്കൊപ്പം ഷാഹിദ് ഉപകരണങ്ങളും പ്രയോജനപ്പെടുത്തിയാണ് യുക്രെയ്ന്റെ ആന്തരിക സംവിധാനം താറുമാറാക്കിയത് എന്ന് കരുതപ്പെടുന്നു.
ഇറാൻ നേതാവിന്റെ ഭീഷണിയെ കുറിച്ച് എന്ത് പറയുന്നു എന്ന് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് താൻ അത് കാര്യമായി എടുക്കുന്നില്ലെന്നും ഒരു ഏഴു വയസുകാരൻ ആയിരിക്കുമ്പോഴായിരിക്കാം താൻ സൺ ബാതിംഗ് നടത്തിയിട്ടുണ്ടാവുകയെന്നും ട്രംപ് വെളിപ്പെടുത്തി.
അതിനു ശേഷം സൂര്യ സ്നാനത്തിൽ തനിക്കു വലിയ താത്പര്യം തോന്നിയിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.