അമേരിക്കൻ എയർലൈൻസ് സീസണൽ നോൺസ്റ്റോപ്പ് സർവീസ് അവസാനിപ്പിക്കും
പി.പി. ചെറിയാൻ
Friday, July 11, 2025 6:14 AM IST
ഫോർട്ട് വർത്ത്: ബെർമുഡയ്ക്കും വാഷിംഗ്ടൺ ഡിസിക്കും ഇടയിലുള്ള സീസണൽ നോൺസ്റ്റോപ്പ് സർവീസ് അമേരിക്കൻ എയർലൈൻസ് അടുത്ത മാസം അഞ്ചാം തീയതി മുതൽ അവസാനിപ്പിക്കും. ഓഗസ്റ്റ് മാസത്തിലെ പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളിലാണ് ഇക്കാര്യം ഇടംപിടിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 11 മുതൽ അമേരിക്കൻ എയർലൈൻസ് മയാമിയിലേക്കുള്ള സർവീസ് ദിവസേനയുള്ളതിൽ നിന്ന് ആഴ്ചയിൽ അഞ്ചു തവണയായി കുറയ്ക്കും. എന്നിരുന്നാലും ഷാർലറ്റ് , ന്യൂയോർക്ക് ഫിലഡൽഫിയ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന കണക്ഷനുകൾ തുടർന്നും ഉണ്ടാകും.ഇതിനുപുറമെ, ജൂലൈ ആദ്യവാരം ബെർമുഡ എയർ രണ്ട് റൂട്ടുകൾ പൂർണമായും നിർത്തലാക്കും.
ജൂലൈ അഞ്ചിന് ഫോർട്ട് ലോഡർഡെയ്ലിലേക്കും , ജൂലൈ ആറിന് പ്രൊവിഡൻസിലേക്കുമുള്ള സർവീസുകളാണ് നിർത്തലാക്കുന്നത്. ഫോർട്ട് ലോഡർഡെയ്ലിലേക്കുള്ള സർവീസ് പിന്നീട് സീസണൽ സർവീസായി പുനരാരംഭിക്കും.