തൃശൂർ സ്വദേശി സഹീർ മുഹമ്മദ് ചരലിലിന് ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്
ജോസഫ് ജോൺ കാൽഗറി
Wednesday, July 9, 2025 3:46 PM IST
കാൽഗറി: കാനഡയിലെ ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്-2025 കാൽഗറി - ആൽബർട്ട ചാപ്റ്ററിലെ വിഷണറി ലീഡർ അവാർഡ് ജേതാക്കളിലൊരാളായി തൃശൂരിൽ നിന്നുള്ള ഐടി മാനേജ്മെന്റ് വിദഗ്ധൻ സഹീർ മുഹമ്മദ് ചരലിൽ തെരഞ്ഞെടുക്കപ്പെട്ടു.
കാൽഗറി സെൻട്രൽ ലൈബ്രറിയിലെ ഐക്കണിക് വെലാൻ പെർഫോമൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹീർ മുഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങി.
കാൽഗറി മേയർ ജ്യോതി ഗോണ്ടെക്, ഇമിഗ്രേഷൻ മന്ത്രി മുഹമ്മദ് യാസീൻ, വാൻകൂവറിലെ ഇന്ത്യൻ വൈസ് കോൺസൽ സുഖ്ബീർ, പാർലമെന്റ് അംഗങ്ങളായ ടിം സിംഗ് ഉപ്പാൽ, ജസ് രാജ് സിംഗ് ഹല്ലൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
സഹീർ മുഹമ്മദ് കമ്പ്യൂട്ടർ എൻജിനിയറിംഗ് - എംബിഎ ബിരുദധാരിയാണ്. അദ്ദേഹം ഹിറ്റാച്ചി സൊലൂഷൻസ് ആൻഡ് ഇൻഡസ്ട്രി മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു.
തൃശൂർ ചെമ്പൂക്കാവ് ഷിമോസിൽ മുഹമ്മദ് കുട്ടി - സീനത്ത് ദമ്പതികളുടെ മൂന്നു മക്കളിൽ ഒരാളാണ് സഹീർ മുഹമ്മദ്. തിരുവല്ല അലിഫ് വില്ല സലീം - റസിയ ദമ്പതികളുടെ മകൾ കഷ്മീര സഹീറാണ് ഭാര്യ. മക്കളായ അയാൻ സഹീറും സായ സഹീറും കാനഡയിൽ സ്കൂൾ വിദ്യാർഥികളാണ്.