ബധിരരായ കുട്ടികൾക്കായി ആദ്യ അമേരിക്കൻ ആംഗ്യഭാഷാ ബൈബിൾ പരമ്പരയുമായി "മിന്നോ'
പി.പി. ചെറിയാൻ
Friday, July 11, 2025 8:12 AM IST
ബധിരരായ കുട്ടികൾക്ക് ദൈവവചനം പ്രാപ്യമാക്കുന്നതിനും അവരുടെ മാതാപിതാക്കളെ ആത്മീയ സംഭാഷണങ്ങൾക്ക് സഹായിക്കുന്നതിനും ലക്ഷ്യമിട്ട്, പ്രമുഖ ക്രിസ്ത്യൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ "മിന്നോ' അമേരിക്കൻ ആംഗ്യഭാഷയിൽ (ASL) ഒരു ബൈബിൾ പരമ്പര പുറത്തിറക്കുന്നു.
"ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്സ്’ എന്ന തങ്ങളുടെ മുൻനിര പരമ്പരയുട ഐഎസ്എൽ പതിപ്പുകൾ 2025 ഓഗസ്റ്റ് 8 ന് പുറത്തിറക്കുമെന്ന് മിന്നോ അറിയിച്ചു. എഎസ്എൽ ഉപയോഗിച്ച് ഇങ്ങനെയൊരു ബൈബിൾ പരമ്പര ആരംഭിക്കുന്ന ആദ്യത്തെ കമ്പനിയാണ് തങ്ങളെന്ന് മിന്നോയുടെ സിഇഒയും സ്ഥാപകനുമായ എറിക് ഗോസ് പറഞ്ഞു.
ആനിമേറ്റഡ് ബൈബിൾ കഥകളിലൂടെ കുട്ടികളെ നയിക്കുന്ന "ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്സ്’ എന്നതിന്റെ എഎസ്എൽ പതിപ്പ്, പിബിഎസ് കിഡ്സ്, ഗൂഗിൾ പോലുള്ള കോർപ്പറേഷനുകളെ എഎസ്എൽ മെച്ചപ്പെടുത്താൻ സഹായിച്ച ബ്രിഡ്ജ് മൾട്ടിമീഡിയയുമായി സഹകരിച്ചാണ് നിർമിക്കുന്നത്. വിവർത്തനങ്ങൾ പ്രായത്തിനനുസരിച്ചായിരിക്കണമെന്ന് പ്ലാറ്റ്ഫോം ഉറപ്പുവരുത്തുന്നതായും ഗോസ് വ്യക്തമാക്കി.
കൂടുതൽ പിന്തുണ ലഭ്യമാകുന്ന മുറയ്ക്ക് തങ്ങളുടെ പരിപാടികളുടെ കൂടുതൽ എഎസ്എൽ പതിപ്പുകൾ ആരംഭിക്കാൻ മിന്നോ ശ്രമിക്കുന്നുണ്ട്. മിന്നോ ഒരു ലാഭേച്ഛയില്ലാത്ത കോർപ്പറേഷൻ കൂടിയാണ്. മിന്നോയുടെ വിവർത്തന ശ്രമങ്ങൾക്ക് ധനസഹായം നൽകിയ ദാതാക്കളോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും ഗോസ് പറഞ്ഞു.
ലാഫ് ആൻഡ് ഗ്രോ ബൈബിൾ ഫോർ കിഡ്സ്’ സ്പാനിഷിലും പോർച്ചുഗീസിലും മിന്നോ ലഭ്യമാക്കും. 2022ൽ ഇതേ പേരിലുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഈ പരമ്പരയിൽ 40ലധികം എപ്പിസോഡുകളും മൂന്ന് 30 മിനിറ്റ് സ്പെഷ്യലുകളും ഉൾപ്പെടുന്നു.
കമ്പനിയുടെ സബ്സ്ക്രിപ്ഷൻ വിഡിയോഓൺഡിമാൻഡ് പ്ലാറ്റ്ഫോമിന് 2024 മുതൽ 2025 വരെയുള്ള കാലയളവിൽ മൂന്നക്ക അംഗത്വ വളർച്ചയുണ്ടായി. ഇത് മിന്നോയെ ഡയറക്ട്ടുകൺസ്യൂമർ സബ്സ്ക്രിപ്ഷൻ കമ്പനികളുടെ മുൻനിര ഒരുശതമാനത്തിൽ ഉൾപ്പെടുത്തി.
യൂട്യൂബിൽ ഒരു ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള മിന്നോ, പ്ലാറ്റ്ഫോമിലെ ഏറ്റവും കൂടുതൽ സബ്സ്ക്രൈബുചെയ്ത ചാനലുകളിൽ ഒന്നാണ്.