ഒക്ലഹോമയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം
പി.പി. ചെറിയാൻ
Friday, July 11, 2025 5:05 PM IST
ഒക്ലഹോമ: നോർമനിൽ സ്കൂൾ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഫ്രാങ്ക്ലിൻ റോഡിലായിരുന്നു സംഭവം. ഫ്രാങ്ക്ലിൻ റോഡിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് സെന്റർ ലൈൻ കടന്ന് സ്കൂൾ ബസിലേക്ക് ഇടിക്കുകയായിരുന്നു.
അപകടസമയത്ത് പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സ്കൂൾ ബസിലുണ്ടായിരുന്ന രണ്ട് മുതിർന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിലുണ്ടായിരുന്ന മൂന്ന് കുട്ടികളിൽ ആർക്കും പരുക്കുകളില്ലെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തെക്കുറിച്ച് കൊളിഷൻ ഇൻവെസ്റ്റിഗേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ടീം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.