അമേരിക്കൻ വിമാനത്താവളങ്ങളിൽ ഷൂസ് അഴിച്ചുള്ള പരിശോധന നിർത്തലാക്കി
Thursday, July 10, 2025 10:30 AM IST
വാഷിംഗ്ടൺ: അമേരിക്കയിൽ വിമാനയാത്രക്കാരുടെ ഷൂസ് അഴിച്ചുള്ള സുരക്ഷാപരിശോധന നിർത്തലാക്കി. ആഭ്യന്തര സുരക്ഷാവിഭാഗം സെക്രട്ടറി ക്രിസ്റ്റി നൊയെം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തീരുമാനം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതായും അവർ അറിയിച്ചു. ഇതുവഴി ചെക്ക് പോയിന്റുകളിൽ യാത്രക്കാരുടെ നീണ്ട കാത്തിരിപ്പ് ഒഴിവാകും. 2006 ഓഗസ്റ്റ് മുതലാണ് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ യാത്രക്കാരുടെ ഷൂസ് അഴിച്ചുള്ള പരിശോധന നിർബന്ധമാക്കിയത്.
2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിനു പിന്നാലെ ഇതേ വർഷം ഡിസംബർ 22ന് മിയാമിയിൽനിന്നു പാരീസിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യവേ ‘ഷൂ ബോംബർ’ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഇസ്ലാമിക തീവ്രവാദി റിച്ചാർഡ് റീഡ് തന്റെ ഷൂസിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ തീപ്പെട്ടികൊണ്ടു കത്തിക്കാൻ ശ്രമിക്കവേ പിടിയിലായിരുന്നു.
ഈ സംഭവത്തോടെയാണു അഞ്ചു വർഷത്തിനുശേഷം ഷൂസ് അഴിച്ചുള്ള പരിശോധന നിർബന്ധമാക്കിയത്.