വജ്രമാല കവർച്ച
വിയന്ന: ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ പ്രശസ്തമായ മ്യൂസിയം ഓഫ് അപ്ലൈഡ് ആർട്സിൽ പട്ടാപ്പകൽ വൻ ആഭരണ കവർച്ച. വ്യാഴാഴ്ച ഉച്ചയ്ക്ക് സന്ദർശകരെന്ന വ്യാജേനയെത്തിയ രണ്ട് അജ്ഞാതർ തോക്ക് ചൂണ്ടി ചില്ലുകൂട്ടിൽ സൂക്ഷിച്ചിരുന്ന അതിമൂല്യമായ വജ്രമാല (Diamond Collier) തട്ടിയെടുത്ത് കടന്നുകളഞ്ഞു. മോഷ്ടിക്കപ്പെട്ട അപൂർവ്വ വജ്രമാലയ്ക്ക് ലക്ഷക്കണക്കിന് യൂറോ (കോടിക്കണക്കിന് രൂപ) വിലവരുമെന്നാണ് പ്രാഥമിക വിവരം
ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ സാധാരണ സന്ദർശകരായി മ്യൂസിയത്തിനകത്ത് കയറിയ പ്രതികൾ പെട്ടെന്ന് ആയുധം പുറത്തെടുക്കുകയും, വജ്രാഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഗ്ലാസ് വിട്രിൻ തല്ലിത്തകർത്ത് മാല കൈക്കലാക്കുകയുമായിരുന്നു. നിരവധി സന്ദർശകരുടെയും ദൃക്സാക്ഷികളുടെയും മുന്നിൽ വച്ചാണ് ഞെട്ടിക്കുന്ന ഈ കവർച്ച അരങ്ങേറിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൃത്യം നടത്തിയ ശേഷം പ്രതികൾ നിമിഷനേരം കൊണ്ട് മ്യൂസിയത്തിൽ നിന്നും രക്ഷപ്പെട്ടു.
മ്യൂസിയത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ പ്രതികളുടെ വ്യക്തമായ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി.
വിയന്ന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് വ്യാപക തെരച്ചിൽ ആരംഭിച്ചു. വിരലടയാള വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പാരീസിലെ വിഖ്യാത ജ്വല്ലറി ബ്രാൻഡായ ’വാൻ ക്ലീഫ് ആൻഡ് ആർപെൽസിന്റെ 120 വർഷത്തെ ചരിത്രം വ്യക്തമാക്കുന്ന മുന്നൂറിലധികം അപൂർവ്വ ആഭരണ ശേഖരങ്ങളുടെ പ്രത്യേക പ്രദർശനം ജൂൺ മാസം മുതൽ മ്യൂസിയത്തിൽ നടന്നുവരികയായിരുന്നു. ഇതിൽ നിന്നാണ് അതീവ മൂല്യമുള്ള വജ്രമാല കവർന്നത്.
പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews Major heist at a Vienna museum