ബ്രസ്സൽസ്: യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കുന്നതിനായി നോർഡിക് രാജ്യമായ ഐസ്ലൻഡ് ഈ വരുന്ന ഞായറാഴ്ച നിർണായക ജനഹിതപരിശോധനയിലേക്ക്(Referendum). ജനഹിതപരിശോധനയിൽ അനുകൂല തീരുമാനമുണ്ടായാൽ യൂറോപ്യൻ യൂണിയനിൽ ചേരാൻ കാത്തിരിക്കുന്ന പതിനൊന്നാമത്തെ രാജ്യമായി ഐസ്ലൻഡ് മാറും.
മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളുമാണ് യൂറോപ്യൻ യൂണിയൻ അംഗത്വ ചർച്ചകൾ വീണ്ടും സജീവമാക്കാൻ ഐസ്ലൻഡിനെ പ്രേരിപ്പിച്ചത്. നിലവിൽ 10 രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്.
യൂറോപ്യൻ യൂണിയൻ പ്രവേശനത്തിനായി കാത്തിരിക്കുന്ന പ്രധാന രാജ്യങ്ങൾ:
വെസ്റ്റേൺ ബാൽക്കൻ രാജ്യങ്ങൾ: മോണ്ടിനെഗ്രോ, അൽബേനിയ, സെർബിയ, ബോസ്നിയഹെർസഗോവിന, നോർത്ത് മാസിഡോണിയ, കൊസോവോ എന്നിവയാണ് ഈ പട്ടികയിലുള്ളത്. ഇതിൽ മോണ്ടിനെഗ്രോയും അൽബേനിയയുമാണ് നടപടിക്രമങ്ങളിൽ ഏറ്റവും മുന്നിലുള്ളത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇവർക്ക് അംഗത്വം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ: റഷ്യൻ അധിനിവേശത്തിന് പിന്നാലെ അപേക്ഷ നൽകിയ യുക്രൈൻ, മോൾഡോവ, ജോർജിയ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. എന്നാൽ യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ യുക്രൈന്റെ പ്രവേശന നടപടികൾക്ക് ഇനിയും സമയമെടുക്കും.
തുർക്കി: ദീർഘകാലമായി കാത്തിരിപ്പിലാണെങ്കിലും മനുഷ്യാവകാശ, നിയമവാഴ്ചാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തുർക്കിയുമായുള്ള ചർച്ചകൾ യൂറോപ്യൻ യൂണിയൻ മരവിപ്പിച്ചിരിക്കുകയാണ്.
Tags : Deepika DeepikaNewspaper BreakingNews More countries joining the European