ബ്രോങ്ക്സ് സെന്റ് തോമസ് ദേവാലയം
ന്യൂയോർക്ക്: ഭാരത സഭയുടെ അപ്പസ്തോലനും ബ്രോങ്ക്സ് ഇടവകയുടെ മധ്യസ്ഥനുമായ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാൾ ജൂൺ 25 മുതൽ ജൂലൈ അഞ്ച് വരെ വിവിധ തിരുക്കർമങ്ങളോടെ ആഘോഷിക്കുന്നു.
തിരുനാൾ തിരുക്കർമങ്ങൾക്ക് ജൂൺ 25ന് രാത്രി ഏഴിന് വിശുദ്ധ കുർബാനയോടും തുടർന്നുള്ള നൊവേനയോടുംകൂടി തുടക്കമാകും. ബുക്കാനൻ സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. റോയിസൺ മേനോലിക്കൽ മുഖ്യ കാർമികനായിരിക്കും.
ഇടവകയിലെ ഗ്രാന്റ് പേരന്റ്സിനെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒമ്പതാം വാർഡുകാരാണ് ഈ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 25 മുതൽ ജൂലൈ മൂന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുർബാനയ്ക്ക് ശേഷം തോമാശ്ലീഹായുടെ നൊവേന ഉണ്ടായിരിക്കും.
ജൂൺ 26ന് രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ മുഖ്യ കാർമികനായിരിക്കും. ഹൈസ്കൂൾ വിദ്യാർഥികളേയും ഇടവകയിലെ യുവജനങ്ങളെയും അന്നേദിവസം അനുമോദിക്കുകയും പ്രത്യേകം ആശീർവദിക്കുന്നതുമാണ്.
എട്ടാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ജൂൺ 27ന് രാവിലെ ഒമ്പതിനും വിശുദ്ധ കുർബാനയും പതിവുപോലെ നിത്യസഹായ മാതാവിന്റെ നൊവേനയും തുടർന്നു തോമാ ശ്ലീഹായുടെ നൊവേനയും ഉണ്ടായിരിക്കും.
തിരുക്കർമങ്ങൾക്ക് റവ. ഫാ. ടോം മാളിയേക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. വിവാഹ ജീവിതത്തിൽ സിൽവർ ജൂബിലി പിന്നിട്ടവരെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ഏഴാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.
ജൂൺ 28ന് രാവിലെ 9.30നു പ്രസുദേന്തി വാഴ്ച്ച, തുടർന്ന് 9.45നു കൊടിയേറ്റം. 10ന് ആഘോഷമായ വിശുദ്ധ കുർബാനയും ശേഷം നൊവേനയും ഉണ്ടായിരിക്കും. തിരുക്കർമർങ്ങൾക്കു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമ്മികത്വം വഹിക്കും.
ഇടവകയിലെ അൾത്താര ശുശ്രുഷികളേയും യുക്രിസ്റ്റിക് മിനിസ്ട്രി അംഗങ്ങളെയും ഗായക സംഘത്തേയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. ആറാം വാർഡുകാരാണ് ഞായറാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
അന്നേദിവസം വൈകുന്നേരം അഞ്ചിന് "പ്രസുദേന്തി നൈറ്റ്': കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. തദവസരത്തിൽ ഇടവകയിൽ നിന്നും ഇക്കൊല്ലം ഗ്രാജുവേറ്റു ചെയ്ത സ്കൂൾ കോളേജ് വിദ്യാർഥികളെ സീറോമലബാർ കാത്തലിക് കോൺഗ്രസിന്റെ (എസ്എംസിസി) നേതൃത്വത്തിൽ അനുമോദിക്കുന്നതാണ്.
ജൂൺ 29 രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ആന്റോ കണ്ണൻപുഴ കാർമികത്വം വഹിക്കും. ഇടവകയിലെ അമ്മയാകാൻ പോകുന്നവരേയും രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. അഞ്ചാം വാർഡുകാരാണ് ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
ജൂൺ 30 രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനക്കും നൊവേനയ്ക്കും റവ. ഫാ. റോയ് ചിറപുറത്ത് കാർമ്മികത്വം വഹിക്കും. ഇടവകയിലെ എല്ലാ കുടുംബനാഥൻമ്മാരെയും അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. നാലാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.
ജൂലൈ ഒന്നാം തീയതി ബുധനാഴ്ച രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും റവ. ഫാ. ജോബി പൂച്ചൂകണ്ടത്തിൽ മുഖ്യ കാർമികത്വം വഹിക്കും. എലിമെന്ററി ആൻഡ് മിഡിൽ സ്കൂൾ കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. മൂന്നാം വാർഡുകാരാണ് ബുധനാഴ്ചത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
ജൂലൈ രണ്ടിന് രാത്രി ഏഴിനുള്ള വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഷിക്കാഗോ രൂപതയിലെ നവവൈദികൻ ഫാ. സാം കുട്ടപ്പശേരിയും ഷിക്കാഗോ രൂപതയിലെ തദ്ദേശ്യനായ പ്രഥമ വൈദികനും, ബ്രോങ്ക്സ് ഇടവകാംഗവുമായ റവ. ഫാ. കെവിൻ മുണ്ടക്കലും കാർമികരായിരിക്കും.
രണ്ടു വയസു മുതൽ കിൻഡർഗാർഡൻ വരെയുള്ള കുട്ടികളെ അന്നേ ദിവസം പ്രത്യേകം ആശീർവദിക്കുന്നതാണ്. രണ്ടാം വാർഡുകാരുടെ നേതൃത്വത്തിലാണ് ഈ ദിവസത്തെ ചടങ്ങുകൾ നടക്കുന്നത്.
ദുക്റാന തിരുന്നാൾ ദിവസമായ ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറിനുള്ള ആഘോഷമായ റാസ കുർബാനയ്ക്കും തുടർന്നുള്ള നൊവേനയ്ക്കും കർദിനാൾ മാർ ജോർജ് കൂവക്കാട് മുഖ്യ കാർമികനാകും.
അന്നേദിവസം ഇടവകയിലെ എല്ലാ തോമസ് നാമധാരികളേയും കൂടാതെ പ്രസുദേന്തിമാരേയും പ്രത്യേകം ആശീർവദിക്കുന്നതാണ്. ഒന്നാം വാർഡുകാരാണ് അന്നേ ദിവസത്തെ ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്.
പ്രധാന തിരുന്നാൾ ദിവസമായ ജൂലൈ നാലിന് രാവിലെ 9.30നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്കു റവ. ഫാ. തദേവൂസ് അരവിന്ദത്തു മുഖ്യ കാർമികത്വം വഹിക്കും. കുർബാനയ്ക്കു ശേഷം വാദ്യ മേളങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടുകൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് ബ്രോങ്ക്സ് തെരുവീഥികളിലൂടെ ആഘോഷമായ പ്രദക്ഷിണം.
തുടർന്ന് ദേവാലയത്തിൽ വിശുദ്ധ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അടിമസമർപ്പണത്തിനുമുള്ള അവസരവും ഉണ്ടായിരിക്കും. ജൂലൈ അഞ്ചിന് രാവിലെ പത്തിന് വിശുദ്ധ കുർബാനയും മരിച്ചവരുടെ ഓർമ്മയാചരണവും ഉണ്ടാകും.
ഈ ലോക ജീവിതത്തിനു ശേഷം സ്വർഗ്ഗ മഹത്വത്തിൽ ചേർന്നവരായ ഇടവകാംഗങ്ങളുടെ അനുസ്മരണം. ദേവാലയത്തിലെ തിരുക്കർമങ്ങൾക്ക് ശേഷം പത്തു ദിവസം നീണ്ടു നിന്ന തിരുന്നാൾ ആഘോഷങ്ങൾക്കു കൊടിയിറങ്ങും.
അന്നേദിവസം ഉച്ചയ്ക്ക് 12ന് സെമിത്തേരി സന്ദർശനവും ഒപ്പീസും പ്രാർഥനകളും ഉണ്ടാകും. തിരുക്കർമങ്ങൾക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാന കാർമികത്വം വഹിക്കും.
തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി കൈക്കാരമായ ജോർജ് പട്ടേരിൽ, ഡെന്നി കല്ലുകളം, അനിൽ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
നമ്മുടെ പിതാവായ മാർതോമാ ശ്ലീഹായുടെ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ഇടവകയിലേക്കു വികാരി റവ. ഫാ. കുര്യാക്കോസ് വടാനയും പള്ളി കമ്മിറ്റി ഭാരവാഹികളും സ്വാഗതം ചെയ്യുന്നു.