തിരുവനന്തപുരം: മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും അടിയന്തരവും ദീർഘകാലമായി നിലനിൽക്കുന്നതുമായ ക്ഷേമ നടപടികളിൽ ഭൂരിഭാഗവും അവഗണിച്ചിരിക്കുകയാണെന്ന് പ്രവാസി ലീഗൽ സെൽ.
കേരളത്തെ പണമയക്കൽ സമ്പദ്വ്യവസ്ഥയിൽ നിന്ന് നിക്ഷേപ സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് സ്വാഗതാർഹമാണെങ്കിലും ലക്ഷക്കണക്കിന് പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും ജീവിതവുമായി ബന്ധപ്പെട്ട അടിയന്തര ക്ഷേമപ്രശ്നങ്ങൾക്ക് ആവശ്യമായ പ്രാധാന്യം ബജറ്റിൽ ലഭിച്ചിട്ടില്ല.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഭൂരിഭാഗത്തിനും ബജറ്റിൽ ഇടം കിട്ടിയിട്ടില്ല. പ്രവാസി പെൻഷൻ വർധിപ്പിക്കൽ, പ്രവാസി ക്ഷേമ ബോർഡിനുള്ള സർക്കാർ വിഹിതം വർധിപ്പിക്കൽ, 60 വയസ് കഴിഞ്ഞ പ്രവാസികൾക്കും അംഗത്വവും ആനുകൂല്യങ്ങളും നൽകൽ, മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി, പുനരധിവാസ പദ്ധതികൾ തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങൾ ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല.
പ്രവാസി പെൻഷൻ വിതരണം ഏകദേശം ഒന്നര മാസമായി മുടങ്ങിക്കിടക്കുകയാണ്. തുച്ഛമായ ഈ ക്ഷേമ പെൻഷനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആയിരക്കണക്കിന് പ്രവാസികളുടെ പെൻഷൻ കുടിശിക തീർക്കുന്നതിനോ, മുടക്കമില്ലാതെ പെൻഷൻ എല്ലാ മാസവും സമയബന്ധിതമായി വിതരണം ചെയ്യുന്നതിനോ ആവശ്യമായ പ്രത്യേക ബജറ്റ് വകയിരുത്തലോ സംവിധാനമോ പ്രഖ്യാപിച്ചിട്ടില്ല.
പ്രവാസി പെൻഷൻ വിതരണം മുടക്കമില്ലാതെ ഉറപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്തണമെന്ന ശക്തമായ ആവശ്യം ധനമന്ത്രി പരിഗണിച്ചില്ലെന്നത് അത്യന്തം നിരാശാജനകമാണ്. മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിന്ധ നടപ്പിലാക്കുമെന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനവും ബജറ്റിൽ അവഗണിക്കപ്പെട്ടു.
പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ നോർക്ക റൂട്ട്സ് ഇതിനോടകം തന്നെ സർക്കാരിന് അനുകൂല ശുപാർശ സമർപ്പിക്കുകയും പദ്ധതി നടപ്പാക്കാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിലും അതിനാവശ്യമായ യാതൊരു പ്രഖ്യാപനമോ അനുമതിയോ ഉണ്ടായിട്ടില്ല.
പ്രത്യേകിച്ച്, ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയോ ബജറ്റ് വകയിരുത്തലോ ആവശ്യമില്ലെന്നിരിക്കെ, പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഭരണാനുമതി പോലും നോർക്ക റൂട്ട്സിന് ഇതുവരെ നൽകാതിരുന്നത് ഖേദകരവും പ്രവാസി സമൂഹത്തോടുള്ള അവഗണനയുമാണ്.
പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന ഒരു പരാമർശം മാത്രമാണ് ബജറ്റ് പ്രസംഗത്തിലുള്ളത്. ഇത്തരം പൊതുപ്രസ്താവനകൾ മാത്രം മതിയാകില്ല. വെൽഫെയർ ബോർഡിനെ ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി വ്യക്തമായ നയപരമായ തീരുമാനങ്ങളും സാമ്പത്തിക വകയിരുത്തലുകളും സമയബന്ധിത നടപടികളുമാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.
60 വയസ് കഴിഞ്ഞ പ്രവാസികൾക്കും ക്ഷേമ പദ്ധതി അംഗത്വവും ആനുകൂല്യങ്ങളും അനുവദിക്കണമെന്ന ദീർഘകാല ആവശ്യം ബജറ്റിൽ പരിഗണിക്കാതിരുന്നതും ഖേദകരമാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ വിഷയത്തിൽ വ്യക്തമായ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ബജറ്റിൽ അതിനെക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായിട്ടില്ല.
പതിറ്റാണ്ടുകളായി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹിക പുരോഗതിക്കും വിലമതിക്കാനാവാത്ത സംഭാവന നൽകിയ പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങൾ സഹാനുഭൂതിയോടെയും അടിയന്തര പ്രാധാന്യത്തോടെയും സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രവാസി ലീഗൽ സെൽ പറഞ്ഞു.
Tags :