ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പുനരാരംഭിച്ചതായി കേന്ദ്രം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങിയ ക്രൂഡ് ഓയിൽ, ഗ്യാസ്, വളം എന്നിവ കയറ്റിയ 11 കപ്പലുകൾ കടലിടുക്ക് കടന്നതായി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
ഇതോടൊപ്പം രണ്ട് ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് മേഖലയിലെ നാവിക ഗതാഗതത്തിനുള്ള തടസങ്ങൾ നീങ്ങുന്നതിന്‍റെ സൂചനയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
കടലിടുക്ക് കടന്നുവന്ന കപ്പലുകളിൽ മൂന്ന് ഇന്ത്യൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പലുകളും ഉൾപ്പെടുന്നു. ഇതിൽ ഓരോന്നിലും 28,500 മെട്രിക് ടൺ ക്രൂഡ് ഓയിൽ വീതമാണുള്ളത്. കൂടാതെ ഒരു വിദേശ എണ്ണക്കപ്പൽ, ഒരു എൽപിജി കപ്പൽ, വളം കയറ്റിയ ആറ് വിദേശ ബൾക്ക് കാരിയറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ 14 ഇന ധാരണാപത്രത്തിൽ ഒപ്പുവച്ചതോടെയാണ് ചരക്കുനീക്കം സുഗമമായത്.
Tags : ships Hormuz Centre sailed