ലണ്ടൻ: യുകെയിലെ സഫോക്കിലുള്ള സ്കൂളുകളിൽ സോളാർ പാനലുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് കടുത്ത മുൻകരുതൽ നടപടിയുമായി കൗൺസിൽ രംഗത്ത്.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മേഖലയിലെ ഏകദേശം 80 സ്കൂളുകളിലെ സോളാർ പാനൽ സംവിധാനങ്ങൾ താത്കാലികമായി ഓഫ് ചെയ്യാൻ സഫോക്ക് കൗൺസിൽ ഉത്തരവിട്ടു.
ഇപ്സ്വിച്ചിലെ പ്രമുഖ സ്കൂളായ സൈഡ്ഗേറ്റ് പ്രൈമറി സ്കൂളിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വലിയ തീപിടിത്തത്തിന് പിന്നാലെയാണ് ഈ അടിയന്തിര തീരുമാനം. 2012-ലാണ് ഈ സ്കൂളിൽ സോളാർ പാനലുകൾ സ്ഥാപിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സഫോക്ക് കൗൺസിലിന് കീഴിലുള്ള സ്കൂളുകളിൽ ഉണ്ടാകുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. ഈ മൂന്ന് അപകടങ്ങളും പുനരുപയോഗ ഊർജ്ജ സംവിധാനങ്ങളായ സോളാർ പാനലുകളുമായി ബന്ധപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വർഷങ്ങളിൽ സഫോക്കിലെ മറ്റ് രണ്ട് സ്കൂളുകളിലും സോളാർ പാനലുകൾ മൂലം അപകടങ്ങൾ സംഭവിച്ചിരുന്നു. ഈസ്റ്റ് ബെർഹോൾട്ട് പ്രൈമറി സ്കൂളിൽ 2025 ഓഗസ്റ്റിൽ ഉണ്ടായ തീപിടിത്തം വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു.
2026 ഏപ്രിലിൽ ബ്രാൻഹാമിലെ ബ്രൂക്ക്ലാൻഡ്സ് പ്രൈമറി സ്കൂളിലും സമാനമായ രീതിയിൽ തീപിടിത്തമുണ്ടായി. 2026 ജൂൺ 24ന് ഇപ്സ്വിച്ചിലെ അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന സൈഡ്ഗേറ്റ് സ്കൂളിലെ മേൽക്കൂരയിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് കുട്ടികളെയും ജീവനക്കാരെയും അടിയന്തിരമായി ഒഴിപ്പിച്ചു.
ഈ മൂന്ന് സ്കൂളുകളിലെയും തീപിടിത്തത്തിന് കാരണം ഒരേ സാങ്കേതിക തകരാറാണെന്നതിന് നിലവിൽ കൃത്യമായ തെളിവുകളില്ലെങ്കിലും സോളാർ പാനലുകൾ ഘടിപ്പിച്ച ഭാഗങ്ങളിൽ നിന്നാണ് തീ പടർന്നത് എന്നതിനാൽ കൗൺസിൽ അടിയന്തിരമായി ഇടപെടുകയായിരുന്നു.
2011-നും 2016-നും ഇടയിൽ കൗൺസിലിന്റെ ഗ്രീൻ എനർജി പദ്ധതിയുടെ ഭാഗമായി സോളാർ പാനലുകൾ സ്ഥാപിച്ച സ്കൂളുകളിലാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ സ്കൂളുകളിലെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ എൻജിനിയർമാർ എത്തി പാനലുകൾ ഐസലേറ്റ് ചെയ്യുമെന്ന് കൗൺസിൽ അറിയിച്ചു.
കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മുൻകരുതൽ നടപടിയെന്ന് ചിൽഡ്രൻ ആൻഡ് യംഗ് പീപ്പിൾ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സാറാ ജെയ്ൻ സ്മെഡ്മോർ വ്യക്തമാക്കി.
അപകടങ്ങൾ തമ്മിൽ ബന്ധമില്ലെന്നോ അവ വെറും യാദൃശ്ചികതയാണെന്നോ കരുതി തങ്ങൾക്ക് മാറിനിൽക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിലെ കനത്ത ചൂടുള്ള കാലാവസ്ഥയിൽ എല്ലാ ഇലക്ട്രിക്കൽ സംവിധാനങ്ങളും കടുത്ത സമ്മർദത്തിലാണെന്നും അതിനാൽ കൃത്യമായ പരിശോധനകൾ ആവശ്യമാണെന്നും വിദ്യാഭ്യാസ വിഭാഗം ഗ്രീൻ ഗ്രൂപ്പ് വക്താവ് ആഷ് ലെവർ പറഞ്ഞു.
അതേസമയം, സോളാർ പാനലുകൾ സാധാരണയായി ഗ്ലാസ് കൊണ്ടാണ് നിർമ്മിക്കുന്നത് എന്നതിനാൽ അവ നേരിട്ട് കത്താൻ സാധ്യതയില്ലെന്ന് ഊർജ്ജ വിദഗ്ധനായ ടോണി സ്ലേഡ് ചൂണ്ടിക്കാട്ടി.
കൃത്യമല്ലാത്ത അളവിലുള്ളതോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതോ ആയ വയറിംഗ്, പവർ ഇൻവെർട്ടറുകളിലെ തകരാറുകൾ എന്നിവയാകാം തീപിടിത്തത്തിന് കാരണം.
ഇത് പുനരുപയോഗ ഊർജ്ജത്തിന്റെ പ്രശ്നമല്ല, മറിച്ച് ഇലക്ട്രിക്കൽ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലും അത് കൃത്യമായി പരിപാലിക്കുന്നതിലും വരുന്ന വീഴ്ചയാണെന്നും അദ്ദേഹം വിലയിരുത്തി.
സ്കൂളുകളിൽ പഠിക്കുന്ന ഒട്ടനവധി മലയാളി വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ആശങ്കകൾ പരിഹരിക്കാൻ സുരക്ഷാ പരിശോധനകൾ സഹായിക്കുമെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.
Tags : Solar panels UK School Safety Alert NRI News