കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ഭക്ത്യാഘോഷമായി നടത്തപ്പെടുന്ന വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുന്നാളും ജൂലൈ 18ന് ഭക്തിനിർഭരമായി കൊണ്ടാടും.
തീർഥാടന ശുശ്രുഷകളുടെയും തിരുക്കർമങ്ങളുടെയും സമയക്രമം പ്രസിദ്ധീകരിച്ചു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജൂലൈ 18ന് രാവിലെ 9.30ന് സപ്രാ പ്രാർഥനയോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയൻ പ്രഭാഷണം നൽകും (10:15).
11ന് തിരുന്നാൾ കൊടിയേറ്റ്. തുടർന്ന് 12.30ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ശേഷം 1.45ന് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് പത്താം തവണയാണ് തീർഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാത്സിംഗ്ഹാം തീർഥാടനം ശ്രദ്ധിക്കപ്പെടുന്നത്.
ഈ വർഷം വാത്സിംഗ്ഹാം തീർഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാർ വിശ്വാസസമൂഹമാണ്.
വർധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നിൽക്കണ്ടു കൊണ്ട് തീർഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു എത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.
അതിനാൽ തന്നെ വാത്സിംഗ്ഹാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർഥാടനമാവും ഇത്തവണ ഉണ്ടാവുക.
ഇംഗ്ലണ്ടിലെ സീറോമലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും നടത്തപ്പെടുന്ന ഈ മഹാമരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 - സപ്രാ, ആരാധന
10:15 - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്)
11 - കൊടിയേറ്റ്
12 - പ്രസുദേന്തി വാഴിയ്ക്കൽ
12.30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം
13.45 - ആഘോഷമായ പരിശുദ്ധ കുർബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15.45 - നന്ദി പ്രകാശനം
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady, Walshingham, Houghton St. Giles, Norfolk,NR22 6AL.
Tags : Walsingham Pilgrimage NRI News