ഹരികൃഷ്ണൻ പിള്ള
ലൂയീസിയാന: ലേക്ക് ചാൾസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഹരികൃഷ്ണൻ പിള്ള (27) മരിച്ചു. ലൂയീസിയാനയിലെ മക്നീസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയും സംരംഭകനുമായിരുന്നു.
കൊല്ലം അഞ്ചലിനടുത്ത് അഗസ്ത്യക്കോട് നെടുമ്പനയിൽ രാധാകൃഷ്ണൻ പിള്ളയുടെയും കവിത രാധാകൃഷ്ണന്റെയും ഏക മകനാണ്. തിങ്കളാഴ്ച രാവിലെ ആറോടെയാണ് അപകടം. അസൻഷൻ പാരിഷിലുള്ള എൽഎ 1-ൽ സ്റ്റുവർട്ട് റോഡിന് സമീപം ആയിരുന്നു സംഭവം.
എൽഎ 1-ലൂടെ തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന 2012 മോഡൽ ഫോർഡ് എഫ്-150 വാഹനം സെന്റർ ലൈൻ മറികടന്ന്, വടക്കോട്ട് സഞ്ചരിക്കുകയായിരുന്ന ഹോണ്ട പൈലറ്റ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് പൊലിസ് അറിയിച്ചു.
അശ്രദ്ധമായ ഡ്രൈവിംഗ്, അശ്രദ്ധമൂലമുള്ള മരണം എന്നീ കുറ്റങ്ങൾ ചുമത്തി ഫോർഡ് വാഹനം ഓടിച്ചിരുന്ന ജെയിംസ് കാസിതോയെ (48) പൊലിസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ ജയിലിലേക്ക് മാറ്റുമെന്ന് സ്റ്റേറ്റ് പൊലിസ് അറിയിച്ചു.
മൃതദേഹം കേരളത്തിലെത്തിക്കാനുള്ള നടപടികൾ കുടുംബം സ്വീകരിച്ചുവരികയാണ്.
Tags : Louisiana VehicleAccident Malayali