ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ലോസ് ആഞ്ചൽസ്: ലോസ് ആഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടാക്സിവേയിൽ രണ്ട് യാത്രാവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു. ടേക്ക് ഓഫിനായി നീങ്ങുകയായിരുന്ന ഒരു വിമാനത്തിന്റെ ഇടത് ചിറകിന്റെ അറ്റം, ലാൻഡിംഗിന് ശേഷം കവാടത്തിലേക്ക് മാറ്റുകയായിരുന്ന മറ്റൊരു വിമാനത്തിന്റെ പിൻഭാഗത്തെ ചിറകിൽ ഇടിക്കുകയായിരുന്നു.
പസഫിക് സമയം രാവിലെ 10:30ഓടെയാണ് സംഭവം നടന്നത്. ഒരു വിമാനം ജപ്പാനിലേക്ക് പുറപ്പെടാൻ തയാറെടുക്കുകയായിരുന്നു. മറ്റൊന്ന് ടൊറന്റോയിൽ നിന്ന് എത്തിയതായിരുന്നു.
വിമാനത്താവളത്തിലെ സർവീസുകൾ സാധാരണ നിലയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ഒരു വിമാനം വിശദമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി താൽക്കാലികമായി സർവീസിൽ നിന്ന് മാറ്റി.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ദേശീയ ഗതാഗത സുരക്ഷാ ബോർഡും അന്വേഷണം നടത്തിവരികയാണ്.
Tags : Delta AirCanada LosAngeles Plane Airport