ഹെൽസിങ്കി: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. 2026ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം തുടർച്ചയായ ഒമ്പതാം വർഷവും ഫിൻലൻഡ് തന്നെയാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം.
ഒക്സ്ഫോർഡ് സർവകലാശാലയുടെ വെൽബീയിംഗ് റിസർച്ച് സെന്റർ, ഗാലപ്പ്, ഐക്യരാഷ്ട്രസഭ എന്നിവർ സംയുക്തമായാണ് പഠനം നടത്തിയത്. 140 രാജ്യങ്ങളിൽ നിന്നായി ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ പങ്കെടുപ്പിച്ചാണ് സർവേ തയാറാക്കിയത്.
തുടർച്ചയായ ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ രാജ്യമായി ഫിൻലൻഡ് സ്ഥാനം നേടി. ഐസ്ലാൻഡ്, ഡെന്മാർക്ക് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലാറ്റിനമേരിക്കൻ രാജ്യമായ കോസ്റ്റാറിക്ക നാലാം സ്ഥാനത്തെത്തി അത്ഭുതപ്പെടുത്തി.
നോർഡിക് രാജ്യങ്ങൾ ഒന്നാം റാങ്കിംഗിൽ ആധിപത്യം സ്ഥാപിച്ചു. സമ്പത്ത്, സമത്വം, ശക്തമായ ക്ഷേമ സംവിധാനങ്ങൾ, ഉയർന്ന ആയുർദൈർഘ്യം എന്നിവയാണ് നോർഡിക് ആധിപത്യത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ജനസംഖ്യയിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യ പട്ടികയിൽ ഏറെ പിന്നിലാണ്. 116-ാം സ്ഥാനത്താണ്. അയൽരാജ്യങ്ങളായ ചൈന (65), പാക്കിസ്ഥാൻ (104) എന്നിവർ ഇന്ത്യയേക്കാൾ മുന്നിലാണ്.
ആഭ്യന്തര പ്രശ്നങ്ങളിൽ ഉലയുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ (147). ജർമനി (17), അമേരിക്ക (23) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ രാജ്യങ്ങളുടെ സ്ഥാനങ്ങൾ.
സോഷ്യൽ മീഡിയയും യുവാക്കളും
സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം ലോകമെമ്പാടുമുള്ള യുവാക്കളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും സാരമായി ബാധിക്കുന്നതായി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ദിവസം ഏഴ് മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് മാനസിക തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്.
അതേസമയം, ഒരു മണിക്കൂറിൽ താഴെ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് ഒട്ടും ഉപയോഗിക്കാത്തവരേക്കാൾ കൂടുതൽ സന്തോഷം ലഭിക്കുന്നതായും പഠനം പറയുന്നു.
കഴിഞ്ഞ ദശകത്തിൽ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തി വലിയ തോതിൽ ഇടിഞ്ഞതായി റിപ്പോർട്ട് പറയുന്നു.
Tags : World Happiness Report Finland India Germany