കാലഘട്ടത്തിനനുസരിച്ച് ആഹാരശീലങ്ങളിൽ ഗണ്യമായ മാറ്റങ്ങൾ വരുന്നുണ്ട്. കായ്കനികൾ, മത്സ്യമാംസാദികൾ, ധാന്യങ്ങൾ എന്നിവയൊക്കെ ആധാരമാക്കി നിർമിക്കുന്ന വിവിധ വിഭവങ്ങൾ കാലചക്രം തിരിയുന്നതിനനുസരിച്ച് രൂപപരിണാമങ്ങൾ പ്രാപിക്കുകയാണ്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു മടങ്ങവേ, ഭക്ഷ്യവിഷബാധമൂലം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾ മരിച്ച വാർത്തയും ഫ്രിഡ്ജിൽ സൂക്ഷിച്ച ആഹാരം കഴിച്ച ആറു വയസുള്ള കുട്ടി മരിച്ച വാർത്തയും ഞെട്ടലോടും ആശങ്കയോടും കൂടിയാണ് വായിച്ചത്.
ജീവൻ നിലനിർത്താനുള്ള ഭക്ഷണംതന്നെ ജീവൻ അപഹരിക്കാൻ കാരണമായാൽ?പ്രകൃതിവിഭവങ്ങൾ ശേഖരിച്ചും നായാടിയും വിശപ്പടക്കിയിരുന്ന മനുഷ്യർ കാലക്രമേണ കൃഷിയിലേക്കും അനുബന്ധ വ്യവസായങ്ങളിലേക്കുമെത്തി. സ്വന്തം കൃഷിയിടങ്ങളിൽനിന്ന് ലഭിക്കുന്ന വിഭവങ്ങൾ, വളർത്തുമൃഗങ്ങളിൽനിന്ന് ലഭിക്കുന്ന പാൽ, മുട്ട, മാംസം തുടങ്ങിയവയൊക്കെ വീടുകളിൽ പാകം ചെയ്തു കുടുംബാംഗങ്ങൾ ഒന്നിച്ചു കഴിച്ചിരുന്ന രീതിയുണ്ടായിരുന്നു.
കൃഷിയിടങ്ങളും അടുക്കളകളും ഊട്ടുമുറികളും നമുക്ക് പാരസ്പര്യത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഒത്തുചേരലിന്റെയും ഇടങ്ങളായിരുന്നു. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, മുരിങ്ങയ്ക്ക, കുറ്റിപ്പയർ, ചീര, വെണ്ട, മത്തൻ, കുമ്പളം, കോവയ്ക്ക, പാവയ്ക്ക, വാഴപ്പഴം, പപ്പായ, കൈതച്ചക്ക, പേരക്ക, ചാമ്പങ്ങ, ചക്ക, മാങ്ങ എന്നിവയൊക്കെ നമ്മുടെ തീൻമേശകളിലെ പതിവ് വിഭവങ്ങൾ ആയിരുന്നു. കൃഷിപ്പണികളിൽ ഏർപ്പെടുന്നതും പാചകം ചെയ്യുന്നതും ഒക്കെ മികച്ച വ്യായാമങ്ങൾ ആയിരുന്നതിനാൽ മറ്റു വ്യായാമമുറകളെ മുൻതലമുറയ്ക്ക് അധികം ആശ്രയിക്കേണ്ടി വന്നിട്ടില്ല.
വീട്ടാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണ, വിവിധതരം പൊടികൾ എന്നിവയും ഒരു കാലഘട്ടം വരെ വീട്ടിൽത്തന്നെ ഉണ്ടാക്കിയിരുന്നു. പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുക വഴി നാം ലാഭിച്ച സമയം എല്ലാം എവിടെ പോയോ എന്തോ? നമുക്കൊന്നിനും സമയം തികയുന്നില്ല. എല്ലാം ഇൻസ്റ്റന്റ് ആയി. വിവിധതരം ടിന്നുകളിലും കുപ്പികളിലും പ്ലാസ്റ്റിക് കവറുകളിലുമായി എന്തൊക്കെ തരം റെഡി റ്റു ഈറ്റ് വിഭവങ്ങളാണ് ഇന്ന് വിപണികളിൽ ലഭ്യമാകുന്നത്.
സാമ്പാർ പൊടി, പുട്ടുപൊടി, മീറ്റ് മസാല, ഫിഷ് മസാല, മുളകുപൊടി, മല്ലിപ്പൊടി, മസാലപ്പൊടി തുടങ്ങി തൈര്, ദോശമാവ്, ഫ്രോസൺ ചപ്പാത്തി, ഇൻസ്റ്റന്റ് ഇടിയപ്പംവരെ വിവിധ വിഭവങ്ങൾ വർണാഭമായ കവറുകളിൽ ലഭ്യമാണ്. അടുക്കളകൾ പ്രായോഗികതയേക്കാളേറെ കാഴ്ചഭംഗിക്ക് പ്രാമുഖ്യം കൊടുക്കാൻ തുടങ്ങിയതോടെ പാചകവും പേരിനു മാത്രമായി.
ലോകം ഒരു ആഗോള ഗ്രാമമായി മാറുന്ന പരിതസ്ഥിതിയിൽ ആഹാരരീതികളും അടിമുടി മാറിയിരിക്കുകയാണ്. ഉസ്താദ് ഹോട്ടൽ, സാൾട്ട് ആൻഡ് പെപ്പർ തുടങ്ങി ആഹാരം കേന്ദ്രപ്രമേയം ആകുന്ന സിനിമകളും മറ്റു മാധ്യമങ്ങളും നമ്മുടെ ഭക്ഷണരീതികളെ ചെറുതല്ലാത്ത രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. നാടൊട്ടുക്കും ഭക്ഷണശാലകൾ. നാടൻ വിഭവങ്ങൾ, വീട്ടിലൂണ്, അമ്മച്ചിയുടെ അടുക്കള എന്നിങ്ങനെ തനത് ഭക്ഷണരീതികൾ പിന്തുടരുന്ന അനവധി ആഹാരശാലകൾക്ക് പുറമേയാണ് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ഫുഡ്സ്പോട്ടുകൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെയൊക്കെ കാറ്റിൽ പറത്തി പ്രവർത്തിക്കുന്നത്.
അറബിക്, ചൈനീസ്, ജാപ്പനീസ്, കൊറിയൻ, ടർക്കിഷ്, ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, അൽബേനിയൻ, ലബനീസ്... രുചിവൈവിധ്യങ്ങൾ അവസാനിക്കുന്നില്ല. കെഎഫ്സി, മക്ഡൊണാൾഡ്സ്, ഡോമിനോസ്, പീസാ ഹട്ട്, സ്റ്റാർബക്ക്സ് തുടങ്ങിയ ആഗോള ബ്രാൻഡുകളും ഇന്ന് നമുക്ക് സുപരിചിതമാണ്. സ്വിഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകൾ ചിക്കൻ നിർത്തി പൊരിച്ചതു മുതൽ കുനാഫ വരെ ഞൊടിയിടയിൽ വീട്ടിലെത്തിച്ചുതരും.
ഒരു കാന്താരിയോ കറിവേപ്പോ പോലും നടാത്ത നമ്മൾ ഈ രുചിഭേദങ്ങളെ ആവോളം ആസ്വദിക്കുകയും ചെയ്യും. മേലനങ്ങാതെ, പലപ്പോഴും അടുക്കളകൾ അടച്ചിട്ട് ഈ രുചിവൈവിധ്യങ്ങളിൽ അഭിരമിക്കുന്ന നമ്മെ ഷുഗർ, പ്രഷർ, കൊളസ്ട്രോൾ തുടങ്ങിയവർ മാടിവിളിക്കാൻ തുടങ്ങുമ്പോൾ കുറച്ചുപേർ പിന്നെ ഒരു ഓട്ടമാണ്. അടുത്തുള്ള ജിംനേഷ്യത്തിലേക്ക്. അതുകൊണ്ടാണല്ലോ നാടുനീളെ പുതിയ ജിമ്മുകളും മുളച്ചുപൊന്തുന്നത്. എന്തൊരു വിരോധാഭാസമാണല്ലേ!
ജീവൻ നിലനിർത്താൻ ഉപകരിക്കേണ്ട ഭക്ഷണംതന്നെ നമ്മെ രോഗികളാക്കുന്നു. ചിലപ്പോഴൊക്കെ ജീവൻ എടുക്കുന്നു. എന്നിട്ടും നമ്മൾ ഫുഡ് വ്ലോഗുകൾ മുടക്കം കൂടാതെ കാണുകയും റീലുകൾ ചൂണ്ടിക്കാട്ടുന്ന എക്സോട്ടിക് ഭക്ഷണശാലകൾ തേടിയുള്ള അലച്ചിലുകൾ തുടരുകയും ചെയ്യുന്നു! പോരട്ടെ ഒരു കുനാഫ!
-ആൻസി സിറിയക്
Tags :