നേരിട്ടുള്ള ജനാധിപത്യത്തിൽനിന്ന്, പ്രാതിനിധ്യ ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിലാണ് രാഷ്ട്രീയ പാർട്ടികൾ ഉദയം ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാർട്ടികളും അവയുടെ ജനാധിപത്യ സ്വഭാവം നിലനിർത്തണം. അപ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തിൽ പ്രസക്തമാകുന്നത്, ജനങ്ങളുടെ തീരുമാനം നടപ്പിലാക്കാൻ സാധിക്കുന്നത്. രാഷ്ട്രീയ നേതൃത്വം ശ്രദ്ധിക്കേണ്ടതും ജനങ്ങളുടെ തീരുമാനത്തെയാണ്. അതിനാണ് പാർട്ടികൾക്കുപോലും ഭരണഘടന ഏർപ്പെടുത്തിയിരിക്കുന്നത്.
പലപ്പോഴും തെരഞ്ഞെടുപ്പിൽ മാത്രമാണ് ഇപ്പോൾ ജനങ്ങളുടെ പങ്കാളിത്തം. അത് കഴിഞ്ഞാൽ പാർട്ടികളുടെയും അതിലെ ഗ്രൂപ്പുകളുടെയും നേതാക്കന്മാരുടെയും താത്പര്യങ്ങൾക്കാണ് പ്രസക്തി. ഇത് ജനാധിപത്യവിരുദ്ധമാണ്. ഇപ്പോൾ കേരളത്തിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിലും ഇതാണു ദര്ശിക്കാനാവുന്നത്.
കോൺഗ്രസിന്റെ ഭരണഘടനയനുസരിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയോ പ്രസിഡന്റോ ഒക്കെയാണ് ഇത്തരം തീരുമാനം എടുക്കേണ്ടത്. അതുപോലെ പ്രധാനമാണ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായവും. പക്ഷേ, നിർഭാഗ്യവാശാൽ തീർത്തും ജനാധിപത്യ സ്വഭാവമുള്ള തീരുമാനത്തിൽ ഉയർന്നു കേൾക്കുന്ന പ്രയോഗമാണ് ഹൈക്കമാൻഡ് എന്നത്. ഏതാണ്ട് എല്ലാവരും ഉറപ്പിച്ച പ്രയോഗം. എന്നാൽ, ഇത് കോൺഗ്രസിന്റെ ഭരണഘടനയിൽ ഇല്ലെന്നുള്ളതാണ് യാഥാർഥ്യം. ചില പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിൽ ഉരുത്തിരിഞ്ഞ ഒരു സംവിധാനമാണിത്. ഈ പ്രയോഗം ഒരു തമാശയായിപോലും അധഃപതിച്ചു എന്നുകൂടി ഓർക്കണം
പക്ഷേ, അതിൽനിന്നെല്ലാം കോൺഗ്രസ് ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞു. ഇനി ഈ പ്രയോഗവും തീരുമാനമെടുക്കുന്ന രീതിയും കോൺഗ്രസ് തുടരണമോ എന്ന് തീരുമാനിക്കാനുള്ള അവസരംകൂടിയാണിത്. ഒരുപക്ഷേ, പ്രത്യേക വർക്കിംഗ് കമ്മിറ്റി എന്നോ ലഭ്യമായ വർക്കിംഗ് കമ്മിറ്റിയെന്നോ ഒരു സംവിധാനം ആലോചിക്കാവുന്നതാണ്. അതിലും പ്രധാനം, സംസ്ഥാന നേതൃകാര്യങ്ങൾ ഭരണഘടനാ പ്രകാരമുള്ള പ്രദേശ് കോൺഗ്രസ് കമ്മിറ്റികളിൽ തന്നെ, കേന്ദ്ര വർക്കിംഗ് കമ്മിറ്റിയുടെ സഹായത്തോടെ അതത് പ്രദേശത്ത് (സംസ്ഥാനത്ത്) ഇത്തരം നേതൃത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സമയബന്ധിതമായി, കൂടുതൽ ജനാധിപത്യപരമായി എടുക്കാവുന്നതേയുള്ളൂ.
ഇപ്പോഴാകട്ടെ ഇതിനായി ചെലവാക്കുന്ന അധികപണവും സമയവും ശ്രമങ്ങളും എല്ലാം തീരുമാനത്തിന്റെ സുതാര്യതയെയും വിശ്വാസ്യതയെയും പ്രതികൂലമായി ആയി ബാധിക്കുന്നു. കൂടാതെ, പലപ്പോഴും രാഷ്ട്രീയമായി വലിയ പരാജയമാകുന്ന തീരുമാനങ്ങളും എടുക്കപ്പെടുന്നു. ഏറ്റവും ഗൗരവമായ കാര്യം, ഇത്തരം പരാജയപ്പെട്ട തീരുമാനങ്ങൾക്ക് ആരും അവസാനം ഉത്തരവാദികളാകുന്നില്ല എന്നുള്ളതാണ്. പാർട്ടിയുടെ ആഭ്യന്തരകാര്യം എന്ന പ്രയോഗംതന്നെ ജനധിപത്യത്തിൽ വൈരുധ്യമാണ്.
ഭരണഘടനാപരവും ജനാധിപത്യപരവും ആകണം ആഭ്യന്തരകാര്യങ്ങൾ. കാരണം പാർട്ടികൾ കൈകാര്യം ചെയ്യുന്നത് ജനങ്ങളുടെ സദ്ഭരണ പ്രതീക്ഷകളാണ്. ഇപ്പോൾ നടക്കുന്നതുപോലെ വ്യക്തികളും ഗ്രൂപ്പുകളുമായി കോൺഗ്രസ് പാർട്ടി മാറുന്നതിന്റെ കാരണവും പാർട്ടി ഭരണഘടനാതീത സംവിധാനങ്ങളാണ്. ജനങ്ങളുടെ ശബ്ദമാണ് ജനാധിപത്യത്തിൽ എന്നും പ്രധാനം. അതിനനുസരിച്ചായിരിക്കണം ഏത് പാർട്ടിയും തീരുമാനങ്ങൾ എടുക്കേണ്ടത്. അത് തിരിച്ചറിയാൻ ഭരണഘടനാപരമായ തുറന്ന സംഭാഷണമാണ് ആവശ്യം.
അല്ലാതെ ഇപ്പോൾ കാണുന്നതുപോലെ, തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾക്ക് എന്തു കാര്യം എന്ന് ചോദിക്കുന്നതും അടച്ച രഹസ്യമുറികളിലെ ചർച്ചകളും ‘പാലം കടന്ന ശേഷം കൂരായണ’ എന്നു പറയുന്നതുപോലെയാണ്. ഇത് പാർട്ടിക്കും നേതാക്കൾക്കും നാടിനും, അതിലുപരി ജനാധിപത്യം എന്ന മഹത്തായ ഭരണരീതിക്കും നാശമേ വരുത്തൂ.
Tags :