ലോകം ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്ന സന്ദർഭത്തിൽ യുനെസ്കോയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന മുന്നറിയിപ്പ് ഓർക്കുന്നത് പ്രയോജനപ്രദമായേക്കും. എല്ലാ യുദ്ധങ്ങളും മനുഷ്യമനസുകളിലാണ് തുടങ്ങുന്നതെന്നും അതുകൊണ്ടുതന്നെ സമാധാനത്തിനായുള്ള പ്രതിരോധം മനുഷ്യമനസുകളിലാണ് രൂപപ്പെടേണ്ടത് എന്നുമാണ് യുനെസ്കോ ഓർമപ്പെടുത്തുന്നത്. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വിതയ്ക്കുന്ന, വിലപ്പെട്ട മനുഷ്യജീവനുകൾ നഷ്ടപ്പെടുത്തുന്ന യുദ്ധങ്ങൾ എന്തുകൊണ്ടാണ് വീണ്ടും ആവർത്തിക്കപ്പെടുന്നത് എന്നുള്ളത് അദ്ഭുതകരമാണ്, ദുഃഖകരവുമാണ്.
യുദ്ധം മനുഷ്യരുടെ കണ്ടുപിടിത്തം മാത്രമാണെന്നും പ്രകൃത്യാ ഉള്ളതല്ലെന്നും പറയാറുണ്ട്. ഈ കണ്ടുപിടിത്തത്തിന് ധാരാളം രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെങ്കിലും, വ്യക്തിപരമായി നാം ഓരോരുത്തർക്കും ഇതിലുള്ള പങ്കാളിത്തം മനസിലാക്കുന്നതും സമാധാനത്തിനായുള്ള പ്രതിരോധം നമ്മുടെ മനസിൽ രൂപപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് ഇത്തരം യുദ്ധങ്ങളോട് നമുക്ക് ഏറ്റെടുക്കാവുന്ന പ്രതികരണം.
കേയോസ് തിയറിയിലെ ബട്ടർ ഫ്ളൈ എഫക്ട് പറയുന്നതുപോലെ, ചിന്തയിലെ നമ്മുടെ ചെറിയ മാറ്റങ്ങൾപോലും വലിയ യുദ്ധങ്ങളായോ സമാധാന പദ്ധതികളായോ രൂപപ്പെടാം. നമ്മുടെ മനസിൽ രൂപപ്പെടുന്ന ചെറിയ സമുദായവിദ്വേഷമോ വെറുപ്പോ ഒക്കെയാണ് ഇത്തരം വലിയ യുദ്ധങ്ങളായി പരിണമിക്കുന്നത് എന്നു പറയേണ്ടിവരുന്നു. ഹിംസാത്മകമായി സമുദായങ്ങൾക്കെതിരേ, മതവിശ്വാസികൾക്കെതിരേ അടക്കം പറയുന്നതും എഴുതുന്നതും, എന്തിന്, ചിന്തിക്കുന്നതുപോലും പിന്നീട് വലിയ ഹിംസയായി രൂപപ്പെടുകയാണ്. ലോകയുദ്ധങ്ങൾ നാം വീക്ഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ പരിസരത്തും പുറകുവശത്തും ഉരുണ്ടുകൂടുന്ന യുദ്ധസമാനമായ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാർമേഘങ്ങൾ നാം കാണാതെ പോകരുത്. ഇതാകട്ടെ, രാഷ്ട്രനേതാക്കളുടെ മനസിൽ എത്തിയാൽ മഹായുദ്ധമായി മാറും. അതാണ് നാം ഇപ്പോൾ കാണുന്നത്.
ഇംഗ്ലീഷ് കവി എലിയറ്റ് സൂചിപ്പിക്കുന്നതുപോലെ യുദ്ധത്തിന്റെ ‘തരിശ് ഭൂമിയിൽ’ ആയിരങ്ങൾ ഇന്ന് ദുരിതങ്ങൾ അനുഭവിക്കുകയാണ്. അവരെക്കുറിച്ചുള്ള മന്ത്രണങ്ങൾ നമ്മുടെതന്നെ വരാനിരിക്കുന്ന ദുരിതങ്ങളെയും ക്ലേശങ്ങളെയുംകുറിച്ചുകൂടിയാണെന്ന തിരിച്ചറിവ് സമാധാനത്തിന്റെ പ്രതിരോധം തീർക്കാൻ നമ്മെ സഹായിക്കും.
ആൽബർട്ട് ഐൻസ്റ്റൈീൻ പറഞ്ഞിട്ടുള്ളത് മൂന്നാം ലോകയുദ്ധം എന്തുതരം ആയുധങ്ങൾകൊണ്ട് നടത്തും എന്നറിയില്ല, എന്നാൽ നാലാം ലോകയുദ്ധം കല്ലുകൊണ്ടും കമ്പു കൊണ്ടും ആയിരിക്കും എന്നാണ്. യുദ്ധങ്ങൾ നമ്മെ അവസാനിപ്പിക്കുന്നതിനു മുമ്പ് നാം യുദ്ധങ്ങളെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞത് അമേരിക്കൻ പ്രസിഡന്റ് തന്നെയായ ജോൺ എഫ്. കെന്നഡിയാണെന്നുള്ളത് ഇന്നത്തെ അമേരിക്കയുടെ സാഹചര്യത്തിൽ പ്രത്യേകം ചിന്തനീയമാണ്.
പ്രസിദ്ധ ഇംഗ്ലീഷ് യുദ്ധവിരുദ്ധ കവിയായ വിൽഫ്രഡ് ഓവെന്റെ ‘വിചിത്രമായ കണ്ടുമുട്ടൽ’ (Strange Meeting) എന്ന കവിതയിൽ യുദ്ധത്തിൽ മരിച്ച രണ്ടു ശത്രു പട്ടാളക്കാർ പാതാളത്തിൽ കണ്ടുമുട്ടുമ്പോൾ പറയുന്നത് യുദ്ധത്തിന്റെ വ്യർഥതയെക്കുറിച്ചുള്ള എല്ലാക്കാലത്തെയും ഓർമപ്പെടുത്തലാണ്. “സുഹൃത്തേ, നീ കൊലപ്പെടുത്തിയ ശത്രുവാണ് ഞാൻ, നിന്നെ ഈ ഇരുട്ടിലും ഞാൻ തിരിച്ചറിയുന്നു. നമ്മുടെ രണ്ടുപേരുടെയും കൈകൾ വെറുപ്പ് ഉളവാക്കുന്നതും മരവിച്ചതുമാകുന്നു, നമുക്ക് ഇനി ഉറങ്ങാം.”
യുദ്ധങ്ങളിൽ ആര് ജയിക്കുന്നു എന്നുള്ളതല്ല; മറിച്ച്, ആര് അവശേഷിക്കുന്നു എന്നുള്ളതാണ്. മനുഷ്യവിരുദ്ധമായ ഈ യുദ്ധം ഏറ്റവും വേഗം അവസാനിക്കട്ടെ. നമ്മുടെ സമാധാന ചിന്തകൾ അതിന് ആക്കം കൂട്ടട്ടെ.
-പ്രഫ. ഡോ. പി.ജെ. തോമസ്
Tags :