കൊച്ചി: സംസ്ഥാന സെന്‍ട്രല്‍ സ്കൂള്‍ കായികമേളയുടെ ആദ്യദിനം തൃശൂരിന്റെ മുന്നേറ്റം. ഒമ്പത് സ്വര്‍ണം, അഞ്ചുവീതം വെള്ളി, വെങ്കലം എന്നിവ സ്വന്തമാക്കി 174 പോയിന്റോടെയാണു തൃശൂര്‍ മൂന്നേറുന്നത്.
നിലവിലെ ചാമ്പ്യന്മാരായ എറണാകുളമാണ് രണ്ടാമത്. അഞ്ചു സ്വര്‍ണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 142 പോയിന്റാണ് എറണാകുളത്തിന്. ആറു സ്വര്‍ണം, നാലുവീതം വെള്ളി, വെങ്കലം എന്നിവയടക്കം 103 പോയിന്റുമായി ഇടുക്കിയാണ് മൂന്നാം സ്ഥാനത്ത്.
സ്കൂളുകളില്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളാണു മുന്നില്‍. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമടക്കം 54 പോയിന്റാണ് ഇവർക്ക്. നാലു സ്വര്‍ണം സ്വന്തമാക്കി 50 പോയിന്റുമായി തൃശൂര്‍ പൂച്ചട്ടി ഭവന്‍സ് വിദ്യാലയമാണ് തൊട്ടുപിന്നില്‍. 38 പോയിന്റുള്ള ഇടുക്കി രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്കൂളാണ് മൂന്നാമത്.
ആദ്യദിനം അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളിലെ ജെസ്ബിന്‍ ജയിംസ് ഇരട്ട സ്വര്‍ണം നേടി. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോംഗ് ജംപിലും 100 മീറ്റര്‍ ഓട്ടത്തിലുമാണ് ജെസ്ബിൻ സ്വർണമണിഞ്ഞത്.
പത്തനംതിട്ട ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഭൂമിക സഞ്ജീവും തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഭാരതീയ വിദ്യാഭവനിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ദേവസായ് കൃഷ്ണയുമാണ് മീറ്റിലെ വേഗതാരങ്ങള്‍.
Tags : Thrissur Central School Sports Festival