ഒരു ചിത്രകാരിയാകുക എന്നത് പ്രഫ. ജി. ഗീതയുടെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ കോട്ടയം ബിസിഎം കോളജിലെ ഫിസിക്സ് ക്ലാസ്മുറികളില്‍ ഡയഗ്രം വരക്കാന്‍ വിദ്യാര്‍ഥികളെ ഏല്‍പ്പിക്കില്ലായിരുന്നല്ലോ?
എനിക്ക് ഭയമായിരുന്നു ചിത്രം വരയ്ക്കാന്‍ എന്നു പറഞ്ഞിരുന്ന ഗീത ടീച്ചറിന്റെ മൂന്നാമത്തെ ചിത്ര പ്രദര്‍ശനമാണ് ചിത്രഗീതം എന്ന പേരില്‍ ഈ മാസം 24നു കോട്ടയം പബ്ലിക് ലൈബ്രറിയിലെ ആര്‍ട്ട് ഗാലറിയില്‍ തുടങ്ങിയത്.
അധ്യാപക ജീവിതത്തില്‍ നിന്നു വിരമിച്ചശേഷം ഭര്‍ത്താവും സിപിഎം നേതാവുമായ വൈക്കം വിശ്വനൊപ്പം തിരുവനന്തപുരത്ത് ഫ്ളാറ്റ് ജീവിതം ആരംഭിച്ചപ്പോഴാണ് വെറുതെയിരിക്കല്‍ അത്ര രസമുള്ള പരിപാടിയല്ലെന്നു ടീച്ചര്‍ക്കു മനസിലായത്. കുറേ നേരം വായിക്കും. പിന്നെ അറിയാവുന്ന തുന്നല്‍ ജോലികള്‍ ചെയ്യും. പക്ഷേ, അതിലൊന്നും ഒരു രസം കണ്ടെത്താന്‍ ഗീത ടീച്ചര്‍ക്കു കഴിഞ്ഞില്ല.
വീണ്ടും ക്ലാസ് മുറിയിലേക്ക്
എന്തെങ്കിലും ചെയ്ത് ഈ വിരസത മാറ്റണമല്ലോ എന്ന ചിന്തകള്‍ക്കിടയിലാണ് സെക്രട്ടറിയേറ്റിനു സമീപത്തുള്ള ഫ്ളോറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റിനെക്കുറിച്ച് അറിയുന്നത്. എങ്കില്‍പ്പിന്നെ കുറച്ചു ക്രാഫ്റ്റ് പഠിക്കാം എന്ന തീരുമാനത്തില്‍ അവിടെ ചേര്‍ന്നു.
തുണിയില്‍ ചിത്രതുന്നലുകള്‍, ബൊക്കെ, കടലാസ്പൂക്കള്‍ എന്നിവയൊക്കെ ചെയ്യാന്‍ പെട്ടെന്നു തന്നെ പഠിച്ചു. സ്ഥാപനത്തിലെ അധ്യാപകനായ ജോര്‍ജ് ഫെര്‍ണാണ്ടസാണ് ചിത്രം വരയ്ക്കാന്‍ നിര്‍ദേശിക്കുന്നത്.
അന്നുമുതല്‍ പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍, ചുറ്റമുള്ള മനുഷ്യരുടെ സ്നേഹത്തിനും സന്തോഷങ്ങള്ക്കുമൊക്കെ നിറം നല്കി കാന്‍വാസിലേക്ക് പകര്ത്തിതുടങ്ങി.
ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ അതിലേക്ക് പൂര്‍ണമായും സമര്‍പ്പിക്കുക എന്ന ടീച്ചറിന്റെ രീതി പടംവരയിലും പകര്‍ത്തി. തന്റെ കണ്മുന്നില് കാണുന്നതെന്തും ടീച്ചര്‍ക്ക് ചിത്രം വരയ്ക്കാനുള്ള വിഷയമാണ്.
.JPG1777276283.jpg)
2013 ല്‍ ഡിസി ആര്‍ട്ട് ഗാലറിയിലായിരുന്നു ചിത്രഗീതത്തിന്റെ ആദ്യപ്രദര്‍ശനം. രണ്ടാമത്തെ പ്രദര്‍ശനം 2015 ല്‍ പബ്ലിക് ലൈബ്രറിയിലായിരുന്നു. അക്രിലിക്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റ് , കോഫി കളര്‍ പെന്‍സില്‍ എന്നിവയില്‍ തയാറാക്കിയ 65 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനുള്ളത്. ആളുകള്‍ക്ക് പ്രവേശനം സൗജന്യമാണ്.
പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് ചിത്രങ്ങള്‍ വാങ്ങാനും അവസരമുണ്ട്. എല്ലാ വര്‍ഷവും ഏഴു ചിത്രങ്ങള്‍ പാലിയേറ്റീവ് ഇന്ത്യ എന്ന സംഘടനയ്ക്ക് നല്‍കുമെന്നും അത് വിറ്റു ലഭിക്കുന്ന തുക സംഘടനയ്ക്കുള്ളതാണെന്നും പ്രഫ. ജി. ഗീത പറഞ്ഞു.
പഠിക്കാന്‍ എന്നും താത്പര്യം
നാല് ബിരുദാനന്തരബിരുദം സ്വന്തമായുള്ള വ്യക്തി കൂടിയാണ് പ്രഫ. ജി. ഗീത. കൊച്ചിന് സര്‍വകലാശാലയില്‍ നിന്നു ഫിസിക്സില്‍ ബിരുദാനന്തരബിരുദം നേടി 1978 ല്‍ ബിസിഎം കോളജില്‍ അധ്യാപന ജീവിതം ആരംഭിച്ചു.
അതിനുശേഷമാണ് എംസിഎയിലും ഗണിതശാസ്ത്രത്തിലും സോഷ്യോളജിയിലും ബിരുദാനന്തരബിരുദം സ്വന്തമാക്കിയത്. സംസ്ഥാനത്തെ കോളജ് അധ്യാപകരില്‍ ആദ്യം എംസിഎ ബിരുദം നേടിയവരില്‍ ഒരാളാണ് ഗീത ടീച്ചര്‍. എല്‍എല്‍ബി കൂടി സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അന്നത് നടന്നില്ല.