കഴിഞ്ഞ 35 വര്‍ഷക്കാലത്തിലേറെയായി കേരളത്തിലെ വിവിധ സ്റ്റേജുകളിലും വിദേശത്തും ഗാനമേള പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ അനുഗ്രഹീത കലാകാരനും ഗായകനുമായിരുന്നു ശ്രീജയുടെ ഭര്‍ത്താവ് സുരേഷ് ഗോള്‍ഡന്‍ ബീറ്റ്സ്.
അപ്രതീക്ഷിതമായി വിധി സുരേഷിന്റെ ജീവന് കവര്‍ന്നെടുത്തു. ഗാനമേള പ്രോഗ്രാമിന് പോകുന്നതിന് മുന്‍പ് ട്രൂപ്പിന്റെ വാഹനം വര്‍ക്ക് ഷോപ്പില്‍ കാണിച്ച് അറ്റകുറ്റപ്പണിക്ക് കൊടുത്ത് മടങ്ങവെയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സുരേഷ് മരിച്ചത്.
അകാലത്തില്‍ സുരേഷ് മരണപ്പെട്ടതോടെ വീട്ടമ്മയായി അടുക്കളയില്‍ ഒതുങ്ങിക്കൂടിയിരുന്ന ശ്രീജയ്ക്ക് ഗാനമേള ട്രൂപ്പിന്റെ മേല്‍നോട്ടം ഏറ്റെടുക്കേണ്ടിവരികയായിരുന്നു. തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന 25ലധികം കലാകാരന്മാരുടെയും കലാകാരികളുടെയും അണിയറ പ്രവര്‍ത്തകരുടെയും അത്താണിയായി മാറിയിരുന്ന ട്രൂപ്പിനെ നയിക്കാന്‍ ശ്രീജ മുന്നോട്ട് വരികയായിരുന്നു.
ദുരന്തമുഖങ്ങളിലും പ്രതിസന്ധികളിലും തളരാതെ പതറാതെ ശ്രീജ ചുരുങ്ങിയ വര്‍ഷം കൊണ്ട് കേരളത്തിലെ മികച്ച ഗാനമേള ട്രൂപ്പുകളിലൊന്നാക്കി കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സിനെ മാറ്റുകയായിരുന്നു. സമിതിയുടെ ഉടമയും ഡയറക്ടറുമായി ശ്രീജയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സിനെ ജനഹൃദയങ്ങളില്‍ ഇടം നേടാന്‍ സഹായിച്ചു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വിവിധ വേദികളില്‍ ഗാനമേള പ്രോഗ്രാം അവതരിപ്പിച്ച് ശ്രദ്ധേയമായി മാറിയിരിക്കുകയാണ് ശ്രീജയുടെ ഗാനമേള ട്രൂപ്പായ കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സ്.

പ്രശസ്ത പിന്നണിഗായകരും റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ഗായകരും കൊച്ചിന് ഗോള്‍ഡന്‍ ബീറ്റ്സിന്റെ വേദികളിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഗായകരായ വൈക്കം വിജയലക്ഷ്മി, ദുര്‍ഗ വിശ്വനാഥ്, ജോബി ജോണ്‍, ശ്രീനാഥ്, സുധീഷ് ചാലക്കുടി, ശ്രീഹരി, ശിഖ, വിപിന്‍ സേവ്യര്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരായ ഗായകര്‍ ഗോള്ഡന്ബീറ്റ്സിന്റെ സംഗീത പരിപാടികളുടെ ഭാഗമായി വേദികള്‍ പങ്കിടുകയാണ്.
2016 സെപ്റ്റംബര്‍ ഏഴിനായിരുന്നു സുരേഷിന്റെ അകാലത്തിലുള്ള മരണം. സുരേഷിന്റെ വേര്‍പാടിനെ തുടര്‍ന്ന് ആകെ തകര്‍ന്ന് പോയ ശ്രീജയെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വാസം പകര്‍ന്നു ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.
അവരുടെ ഉപദേശവും സുരേഷിന് സംഗീതത്തോടും കലാപ്രവര്ത്തനങ്ങളോടുമുള്ള സ്നേഹം നേരിട്ടറിഞ്ഞ ശ്രീജ ഗാനമേള ട്രൂപ്പിന്റെ നടത്തിപ്പ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സുരേഷിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്രീജയ്ക്ക് വേണ്ട പിന്തുണ നല്‍കിയത് വലിയൊരു ആശ്വാസമായിരുന്നു.
മുന്‍പ് ഗാനമേള പ്രോഗ്രാമുകളില്‍ സുരേഷിനോടൊപ്പം പോകുമായിരുന്ന ശ്രീജ ട്രൂപ്പിന്റെ മേല്‍നോട്ടം ഏറ്റെടുക്കേണ്ടി വന്നത് സ്ത്രീകരുത്തിന്റെ മാതൃകയാകുന്നതിന് സഹായിച്ചു. പ്രതിസന്ധികളില്‍ പതറാതെ ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മികച്ച മാതൃകയാണ് ശ്രീജയുടെ കലാപ്രവര്‍ത്തനം.
വനിതകള്‍ക്ക് സധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള മുന്നോട്ട് പോക്കിന് ഏറെ മാതൃകയാക്കാന്‍ സാധിക്കുന്നതാണ് ശ്രീജയുടെ വിജയ പോരാട്ടം. ശ്രീജയുടെ കലാപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് നിരവധി പുരസ്കാരങ്ങളും ആദരവുകളും വിവിധ സംഘടനകള്‍ നല്കി ആദരിച്ചിട്ടുണ്ട്.

ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ഹോണര്‍ പുരസ്കാരം, കൊടുങ്ങല്ലൂര്‍ ജനമൈത്രി പോലീസിന്റെ അവാര്‍ഡ്, ഇരിങ്ങാലക്കുട എസ്എന്വൈഎസിന്റെ പുരസ്കാരം, കൊടുങ്ങല്ലൂരിലെ കലാകാരന്മാരുടെ സംഘടനയായ സാക്ഷിയുടെ പുരസ്കാരം, കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബിന്റെ പുരസ്കാരം, കേരളത്തിലെ ഗാനമേള ട്രൂപ്പുകളുടെ സംഘടനയായ ഗാനമേള അസോസിയേഷന്റെ അവാര്‍ഡ്, ലൈറ്റ് ആൻഡ് സൗണ്ട്സ് അസോസിയേഷന്റെ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ശ്രീജയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഗാനമേള ട്രൂപ്പിനെ മുന്നോട്ട് നയിക്കുന്നതിന് പുറമെ കൊടുങ്ങല്ലൂര്‍ ന്യൂ ലൈഫ് സ്റ്റൈല്‍ ഫിറ്റ്നെസ് സെന്ററിലെ ട്രെയിനറായും വിവേകാനന്ദ ആശ്രമത്തിലെ യോഗാ ട്രെയിനറായും ശ്രീജ പ്രവര്‍ത്തിച്ച് വരികയാണ്.
തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഫിറ്റ്നെസ് സെന്റര്‍ ഉടമയായ സെലിന് നെഷര്ബാന്, വിവേകാനന്ദ ആശ്രമത്തിലെ ലക്ഷ്മിദീദി, സുധാകര്‍ജി എന്നിവരുടെയും തന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ട്രൂപ്പിലെ കലാകാരന്മാരുടെയും പിന്തുണയും ഉപദേശവുമാണ് കരുത്ത് പകരുന്നതെന്ന് ശ്രീജ നന്ദിയോടെ സ്മരിക്കുന്നു.
Tags : STHREEDHANAM WOMENS DAY