Kerala
കൊല്ലം: ശൂരനാട്ട് ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ചായക്കട അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെയാണ് ശൂരനാട് പൊലിസ് അറസ്റ്റ് ചെയ്തത്.
ചക്കുവള്ളി–പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം. കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന പ്രതികൾ വീണ്ടും ദോശ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വൈകിയതിനെ തുടർന്ന് വാക്കുതർക്കവും തുടർന്ന് ആക്രമണവും ഉണ്ടായെന്നാണ് പരാതി. കടയുടമ മനാഫിനെയും ഭാര്യ സീനത്തിനെയും ആക്രമിച്ച പ്രതികൾ കടയിലെ ഗ്ലാസ് അലമാരകളും മറ്റ് സാധനങ്ങളും അടിച്ചുതകർത്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഘർഷമുണ്ടായി. ഇതിനിടെ അജി മറിഞ്ഞുവീണ് തലയ്ക്ക് പരുക്കേറ്റു. പ്രദേശവാസികൾ ഇയാളെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Kerala
കോഴിക്കോട്: ഒറ്റ ആപ്പിൽ റെയിൽവേയുടെ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച റെയിൽ വൺ ആപ്പില് കുടുങ്ങി യാത്രക്കാര്.
അറ്റകുറ്റപ്പണിയുടെ പേരിൽ രാത്രികാലങ്ങളിൽ സേവനങ്ങൾ നിർത്തിവയ്ക്കുന്നതു പതിവാകുന്നതോടെ അടിയന്തര യാത്രകൾക്കു ടിക്കറ്റ് ബുക്ക് ചെയ്യേണ്ടവരടക്കം ദുരിതത്തിലാകുകയാണ്. മറ്റു റെയിൽവേ സേവനങ്ങളും ഒരേ സമയം തടസപ്പെടുന്നതിനാൽ യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ പോലും ലഭിക്കാതെ വരുന്ന സാഹചര്യവുമുണ്ട്.
2026 മാർച്ചോടെ റെയിൽവണ്ണിന് 2.57 കോടി ഡൗൺലോഡുകൾ ലഭിച്ചതായാണ് കണക്ക്. പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകൾ ഇതിലൂടെ ബുക്ക് ചെയ്യുന്നുണ്ട്. ഇത്രയേറെ ഉപയോക്താക്കളും ഇടപാടുകളുമുള്ള സംവിധാനമാണ് ഇടയ്ക്കിടെ അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിവയ്ക്കുന്നത്. വ്യാഴാഴ്ച രാത്രി മുതല് പുലര്ച്ചെവരെ മണിക്കൂറുകളോളമാണ് ആപ്പ് പണിമുടക്കിയത്.
അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന ഒറ്റവരി അറിയിപ്പിൽ പ്രശ്നം അവസാനിപ്പിക്കാതെ ആവർത്തിച്ചുള്ള സേവന തടസങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാണു യാത്രക്കാരുടെ ആവശ്യം. റെയിൽവേ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കുകയെന്ന ലക്ഷ്യത്തോടെ 2025 ജൂലൈ ഒന്നിനാണ് റെയിൽ വൺ അവതരിപ്പിച്ചത്. ഐആർസിടിസി റെയിൽ കണക്ട്, മൊബൈൽ യുടിഎസ്, എൻടിഇഎസ് തുടങ്ങിയ വിവിധ ആപ്പുകളിലെ സേവനങ്ങൾ ഏകോപിപ്പിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.
റിസർവ്ഡ്, അൺറിസർവ്ഡ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ, പിഎൻആർ പരിശോധന, കോച്ച് സ്ഥാനവിവരം, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി രജിസ്ട്രേഷൻ, റീഫണ്ട്, ഡിജിലോക്കർ ബന്ധിപ്പിക്കൽ, താമസസൗകര്യ ബുക്കിംഗ്, തുടങ്ങിയ സേവനങ്ങൾ ഒറ്റ ആപ്പിൽ ലഭ്യമാക്കുകയാണു റെയിൽവണ്ണിന്റെ സവിശേഷത.
District News
കൊയിലാണ്ടി: മെറ്റലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ എന്ജിൻ തകരാറിനെ തുടർന്ന് നിർത്തിയിട്ടു. കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലാണ് ഗുഡ്സ് ട്രെയിൻ എന്ജിൻ തകരാറിനെ നിന്നത്.
ഇന്നലെ ഉച്ചയ്ക്ക് 1.10 ഓടെയാണ് സംഭവം. ഇതോടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കോയമ്പത്തൂർ എക്സ്പ്രസ് മണിക്കൂറുകളോളം നിർത്തിയിട്ടു.
കോയമ്പത്തൂർ എക്സ്പ്രസിന് പുറമെ കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് ട്രെയിനും പന്തലായനി ഭാഗത്ത് മണിക്കൂറുകളോളം നിർത്തിയിടേണ്ടി വന്നു.
ആശുപത്രിയിലും മറ്റുമായുള്ള അത്യാവശ്യ കാര്യങ്ങൾക്ക് കോഴിക്കോട് പോകേണ്ടിയിരുന്ന നിരവധി യാത്രക്കാർ കൊയിലാണ്ടിയിൽ നിന്ന് ബസ് മാർഗം കോഴിക്കോടേക്ക് പോയി.
കോഴിക്കോട് നിന്ന് പുതിയ എന്ജിനെത്തിച്ച് ഗുഡ്സ് ട്രെയിൻ കടന്നു പോയ ശേഷം 3.25 ഓടെയാണ് കോയമ്പത്തൂർ എക്സ്പ്രസ് കൊയിലാണ്ടിയിൽ നിന്ന് എടുത്തത്. ഏതാനും മിനുട്ടകൾക്ക് ശേഷം ഇന്റർസിറ്റിയും കൊയിലാണ്ടിയിൽ നിന്ന് പുറപ്പെട്ടു.
National
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സിഇഒയുടെ നിയമനം വൈകുന്നു.
നൂറുകണക്കിന് അപേക്ഷകൾ ലഭിച്ചുവെങ്കിലും ഇവ പരിശോധിച്ചുകഴിഞ്ഞിട്ടില്ലെന്നാണ് ഇന്നലെ ചേർന്ന ശ്രീ രാംജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രത്യേക യോഗം വിലയിരുത്തിയത്. ഒരുമാസത്തിനുള്ളിൽ പുതിയ സിഇഒയെ നിയമിക്കാനും തീരുമാനമായി.
ക്ഷേത്രനഗരതിലെ മണി റാംദാസ് ചാവ്നിയിൽ ചേർന്ന യോഗം ട്രസ്റ്റിന്റെ പുതിയ സെക്രട്ടറിയെയും വക്താവിനെയും തെരഞ്ഞെടുക്കുകയും ചെയ്തു.
പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ട്രസ്റ്റിന് ലഭിച്ചില്ല എന്നതിനാൽ സംഭാവന തിരിമറിയുമായി ബന്ധപ്പെട്ട ചർച്ചകൾ യോഗത്തിൽ ഉണ്ടായില്ല. ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ വസതിയായ മണിറാംചവാനിയിൽ നടന്ന പതിവു യോഗത്തിനുശേഷമായിരുന്നു പ്രത്യേക യോഗം.
ഭൂരിഭാഗം അംഗങ്ങളും അയോധ്യയിൽ എത്തിയിരുന്നു. അവശേഷിച്ചവർ ഡൽഹിയിൽ നിന്ന് ഓൺലൈനായി പങ്കെടുത്തു.
District News
മണിമല റോഡ് തുറന്നുനൽകി നാട്ടുകാർ
കാഞ്ഞിരപ്പള്ളി: ബൈപ്പാസ് മേൽപ്പാലത്തിന്റെ തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്നതിനിടെ നാട്ടുകാർ ചേർന്ന് മണിമല റോഡ് തുറന്ന് നൽകി. ഇതോടെ കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ ഇതുവഴി കടന്നു പോകാൻ തുടങ്ങി. കോൺക്രീറ്റിംഗ് വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു വ്യാപാരികളടക്കമുള്ളവരുടെ നടപടി.
എന്നാൽ, റോഡ് തുറന്നത് നാട്ടുകാരല്ല കരാറുകാരനാണെന്നും തന്റെ കൂടി അറിവോടെയെന്നും റോണി കെ. ബേബി എംഎൽഎ പറഞ്ഞു. തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്ന സാഹചര്യത്തിലാണ് റോഡ് താത്കാലികമായി തുറന്ന് നൽകിയത്. തൂണിന്റെ അലെയ്ൻമെന്റിലുള്ള മാറ്റം സംബന്ധിച്ച് ഐഐടിയുടെ അനുമതി വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഉടൻ തന്നെ അനുമതി ലഭിക്കുമെന്നും രണ്ട് ദിവസത്തിനുള്ളിൽ കോൺക്രീറ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
റോഡ് തുറന്ന് നൽകിയത് കരാറുകാരനാണെന്ന് എംഎൽഎ പറയുമ്പോൾ പഞ്ചായത്തോ വാർഡ് മെംബറോ പോലീസോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മാത്രമേ ഇതുവഴി കടത്തിവിടൂ എന്നാണ് എംഎൽഎ അടക്കമുള്ളവർ പറയുന്നതെങ്കിലും കാറുകളടക്കം ഇപ്പോൾ തന്നെ പോയി തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ കടന്നു പോകുന്നതിന്റെ ഒരു വശത്ത് ബൈപ്പാസിന്റെ തൂണിനായി എടുത്ത വലിയ കുഴിയാണ്. ഇത് അപകടങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
രാത്രികാലങ്ങളിലടക്കം ഇതു വഴി വാഹനങ്ങൾ കടന്നു പോയാൽ ഇവിടെ മതിയായ വെളിച്ചവുമില്ല. ഇരുവശത്തു നിന്നും വാഹനങ്ങൾ എത്തുമ്പോൾ സൈഡ് കൊടുക്കുന്നതും അപകടങ്ങൾക്ക് കാരണമായേക്കാം. അതുകൊണ്ട് തന്ന ഇവിടെ മതിയായ സുരക്ഷ ഏർപ്പെടുത്തേണ്ടതുണ്ട്. ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി മണിമല റോഡ് അടച്ചതു മൂലം യാത്രക്കാരും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടുന്ന സ്ഥിതിയായിരുന്നു. റോഡ് തുറന്നത് ഇവർക്ക് ആശ്വാസകരമായിട്ടുണ്ട്.
National
ന്യൂഡൽഹി: പത്താം ക്ലാസ് വിദ്യാർഥികൾക്കായി സിബിഎസ്ഇ രണ്ടാമത് ബോർഡ് പരീക്ഷ നടത്തി 53 ദിവസം പിന്നിട്ടിട്ടും ഫലപ്രഖ്യാപനം വൈകുന്നതിൽ ആശങ്ക. മേയ് 15ന് ആരംഭിച്ച് 21ന് അവസാനിച്ച പരീക്ഷയുടെ ഫലമാണ് അനിശ്ചിതത്വത്തിലായത്.
വിദ്യാര്ഥികളുടെ പഠനഭാരം കുറക്കുന്നതിനും മികച്ച സ്കോര് നേടാന് രണ്ടാമതൊരു അവസരം നല്കുന്നതിനുമായി ഈ വര്ഷം മുതലാണ് പത്താം ക്ലാസിൽ സിബിഎസ്ഇ ഇരട്ട ബോര്ഡ് പരീക്ഷ സംവിധാനം ഏര്പ്പെടുത്തിയത്. മൂല്യനിർണയം പൂർത്തിയായിട്ടും ഫലപ്രഖ്യാപനം എന്നുണ്ടാകുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
കേരളത്തിൽ ജൂലൈ ആറ് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു. മിക്ക വിദ്യാർഥികളും ആദ്യ ബോർഡ് പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നേടിയത്.
ഫലപ്രഖ്യാപനം വൈകുന്നതിനാൽ പ്ലസ് വണ്ണിലെ വിഷയം തെരഞ്ഞെടുക്കൽ, സ്കൂൾ ട്രാൻസ്ഫർ, ഫീസ് സംബന്ധിച്ച വിഷയം തുടങ്ങി നിരവധി കാര്യങ്ങൾ അനിശ്ചിതത്വത്തിൽ ആകുമെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നത്.
സിബിഎസ്ഇയുടെ ഔദ്യോഗിക കണക്ക് പ്രകാരം ആറ് ലക്ഷത്തിലധികം വിദ്യാർഥികൾ രണ്ടാം ബോർഡ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നു. ആദ്യ ബോർഡ് പരീക്ഷയിൽ 23 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. 93.66 ആയിരുന്നു മൊത്തത്തിലുള്ള വിജയശതമാനം.
Business
ന്യൂഡൽഹി: നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണിൽ ജനപ്രിയ ഡിജിറ്റൽ ഇടപാട് സംവിധാനമായ യുപിഐ വഴിയുള്ള ഇടപാടിൽ കുറവ്. മേയിൽ 29.9 ലക്ഷം കോടിയെന്ന എക്കാലത്തെയും റിക്കാർഡിൽനിന്ന് കഴിഞ്ഞ മാസം 28.9 ലക്ഷം കോടിയായി കുറഞ്ഞു.
കണക്കുകൾ പ്രകാരം ജൂണിലെ യുപിഐ ഇടപാടുകളുടെ എണ്ണം 22.72 ബില്യണ് (2272 കോടി) ആണ്. ഇത് മേയ് മാസത്തെ 23.2 ബില്യണേക്കാൾ (2320 കോടി) കുറവാണ്.
മുൻ വർഷം ഇതേ മാസത്തിലെ 24.03 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ, ഈ വർഷം ജൂണിലെ ഇടപാടുകളുടെ ആകെ മൂല്യം 28.9 ലക്ഷം കോടി രൂപയാണ്. വാർഷികാടിസ്ഥാനത്തിൽ ഇത് 20 വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
Kerala
ആലുവ: പിഎം ശ്രീ പദ്ധതിയുടെ പേരിലുള്ള വാദപ്രതിവാദങ്ങൾ തുടരവെ, തുടർച്ചയായ രണ്ടാം മാസവും അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം വൈകുന്നു.
ഏപ്രിലിലെ ശമ്പളം മേയ് അവസാനവാരമാണു ലഭിച്ചത്. ജൂൺ ഒന്നിനു ലഭിക്കേണ്ട മേയ് മാസ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല.
എസ്എസ്കെ പദ്ധതിയുടെ കീഴിലുള്ള 168 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ (ബിആർസി) അധ്യാപകരും ജീവനക്കാരുമാണ് ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. എന്നാൽ, മേയിൽ നടക്കാറുള്ള ക്ലസ്റ്റർ അധ്യാപക പരിശീലനം കൃത്യമായി ബിആർസികൾ നടത്തി.
പരിശീലനക്ലാസുകൾക്ക് മതിയായ തുക അനുവദിച്ചില്ലായിരുന്നെങ്കിലും പാകപ്പിഴകൾ ഇല്ലാതെയാണു പരിശീലനം നടന്നത്. കേന്ദ്രസർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവുമാണ് എസ്എസ്കെ പദ്ധതിയിൽ വിഹിതം അനുവദിക്കുന്നത്.
Kerala
രാമങ്കരി: ബാങ്കുകളുമായുള്ള ധാരണപത്രം സർക്കാർ പുതുക്കാത്തതിനാൽ കുട്ടനാട്ടിലെ പുഞ്ചകൃഷിയിൽ സംഭരിച്ച നെൽ വില ലഭിക്കുന്നത് ഇനിയും വൈകും. എസ്ബിഐ, കനറബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ലൈകോ പിആർഎസ് വായ്പയുടെ ധാരണാപത്രം വീണ്ടും ഒപ്പുവച്ചാലെ വില വിതരണം പുനഃരാരംഭിക്കാനാവൂ.
ഏതാനും ദിവസം മുന്പ്100 കോടി രൂപ സപ്ലൈകോ ബാങ്കുകൾക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 30 വരെ പി എംഒ വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്കെല്ലാം വില വിതരണം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കരാർ പുതുക്കാതെ അത് നടപ്പാകില്ലെന്നാണ് പുതിയ വിവരം.
പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പണം കർഷകരുടെ അക്കൗണ്ടിലെത്താത്തതിനാൽ കുട്ടനാട്ടിൽ അടുത്തിടെ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. സംഭരിച്ച നെല്ലിന്റെ പിആർഎസ് രസീത് ഈടാക്കി സർക്കാർ ഗാരന്റിയിലാണ് ബാങ്കുകൾ വായ്പയായി കർഷകർക്ക് വില അക്കൗണ്ടിലേക്കിടുന്നത്.
നിലവിൽ 284 കോടിയോളം രൂപ കുട്ടനാട്ടിലെ കർഷകർക്ക് ലഭിക്കാനുണ്ട്. കരാർ പുതുക്കിയാലും ഏപ്രിൽ 30വരെയുള്ള പിആർഎസ് രസീതുകളുടെ പണമേ ബാങ്കുകൾവഴി ലഭിക്കൂ. ബാക്കിയുള്ളവർ വീണ്ടും കാത്തിരിക്കേണ്ടിവരും.
അതേസമയം ബാങ്കുകളുമായി കരാർ പുതുക്കാനുള്ള ശ്രമത്തിലാണന്നും പണം വിതരണം ചെയ്യാനുള്ള നടപടിയുണ്ടാകുമെന്നും സപ്ലൈകോ പാഡി മാർക്കറ്റിംഗ് വിഭാഗം അറിയിച്ചു. പണം ഉടനെതന്നെ വിതരണം ചെയ്യുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മുൻകാല അനുഭവങ്ങൾവച്ച് ഇത് വിശ്വാസത്തിലെടുക്കുക പ്രയാസമാണന്നും ഇനിയും നീണ്ടുപോകുമോ എന്നാണ് ആശങ്കയെന്നുമാണ് കർഷകർ പറയുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള നടപടികള് ഇനിയും വൈകിപ്പിക്കരുതെന്നു ഹൈക്കോടതി. ഇക്കാര്യത്തില് സ്വീകരിച്ച നടപടികള് മൂന്നാഴ്ചയ്ക്കകം അറിയിക്കാനും ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കോടതിയുടെ മുന് ഉത്തരവുകള് പരിഗണിക്കണമെന്നും ഡിവിഷന്ബെഞ്ച് നിര്ദേശിച്ചു. ഭരണമാറ്റമുണ്ടായതിനാല് ഇതു സംബന്ധിച്ച വിശദീകരണത്തിനു സര്ക്കാര് അഭിഭാഷക കൂടുതല് സമയം തേടിയതിനെത്തുടര്ന്ന് ഹര്ജി ജൂലൈ ഒന്നിന് പരിഗണിക്കാന് മാറ്റി.
Kerala
കൊച്ചി: എംഡിഎംഎ കേസില് ഒരു മണിക്കൂര് വൈകി ഓണ്ലൈനില് കുറ്റപത്രം ഫയല് ചെയ്തതിനെത്തുടര്ന്ന് പ്രതികള്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഓണ്ലൈനില് കുറ്റപത്രം ഫയല് ചെയ്യുന്നത് വൈകുന്നേരം അഞ്ചിനുശേഷമാണെങ്കില് പിറ്റേദിവസം ഫയല് ചെയ്തായി മാത്രമേ കണക്കാക്കാനാകൂ എന്ന ക്രിമിനല് നടപടിക്രമം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് കൗസര് എടപ്പഗത്തിന്റെ ഉത്തരവ്.
പോലീസ് ചട്ടം ലംഘിച്ചതിനെത്തുടര്ന്ന് കാസർഗോഡ് സ്വദേശികളായ അബൂബക്കര് സിദ്ദിഖ്, അബ്ദുൾ റൗഫ് എന്നിവര്ക്കാണു ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള്ജാമ്യവുമാണ് പ്രധാന ജാമ്യവ്യവസ്ഥ. പ്രതികള് പിടിയിലായതിന്റെ 60-ാം ദിവസം വൈകുന്നേരം ആറിനാണ് പോലീസ് കുറ്റപത്രം ഓണ്ലൈനില് ഫയല് ചെയ്തത്.
2025 ഡിസംബര് 30നാണ് 4.22 ഗ്രാം എംഡിഎംഎയുമായി ആധൂര് പോലീസ് പ്രതികളെ പിടികൂടിയത്. ഫെബ്രുവരി 28ന് വൈകുന്നേരം 6.02ന് പോലീസ് ഓണ്ലൈനായി കേസിലെ കുറ്റപത്രം ഫയല് ചെയ്തെങ്കിലും വിചാരണക്കോടതിയില് പകര്പ്പ് എത്തിയത് മാര്ച്ച് രണ്ടിനാണ്.
പത്തു വര്ഷത്തെ തടവായതിനാല് 90 ദിവസത്തിനകം കുറ്റപത്രം സമര്പ്പിച്ചതിനാല് മതിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്, കുറഞ്ഞ ശിക്ഷ പത്തു വര്ഷം തടവാണെങ്കിലാണ് 90 ദിവസം വരെ സമയമുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുറ്റപത്രം സമയത്തു സമര്പ്പിച്ചില്ലെങ്കില് ജാമ്യം ലഭിക്കുമെന്നത് ഭരണഘടന ഉറപ്പുനല്കുന്ന സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കാനുള്ള സംവിധാനമെന്ന നിലയില് പ്രതിയുടെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം ഇറങ്ങിയില്ല.
തർക്കം തുടരുന്നതിനാലാണ് വിജ്ഞാപനമിറങ്ങാൻ വൈകുന്നതെന്നാണ് സൂചന. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസ് ഏറ്റെടുക്കുമ്പോൾ ഫിഷറീസ് വകുപ്പ് തങ്ങൾക്ക് വേണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് മുന്നോട്ടുവച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
ഉമ്മൻചാണ്ടി സർക്കാരിൽ ലീഗ് ഭരിച്ചിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കുറി കോണ്ഗ്രസ് ഏറ്റെടുത്ത് റോജി എം. ജോണിനു നല്കാനാണ് കോണ്ഗ്രസ് തീരുമാനം.
എന്നാൽ ഫിഷറീസ് വകുപ്പ് വിട്ടുനല്കിയാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് തിരികെ നല്കുകയുള്ളൂവെന്നാണ് ലീഗ് പറയുന്നത്. ഫിഷറീസ് വകുപ്പ് വിട്ടുനല്കുന്നതിനോട് കോണ്ഗ്രസിനു താത്പര്യമില്ല.
എ.പി. അനിൽകുമാറിനും ടി.സിദ്ദിഖിനും നിലവിൽ നല്കിയിട്ടുള്ള വകുപ്പുകൾ സംബന്ധിച്ച് പൂർണ തൃപ്തിയില്ലെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
National
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് ആറിയാനുള്ള കാത്തിരുപ്പ് നീളുമെന്ന് സൂചന. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്ക് തിരിച്ചതിനാൽ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കില്ല.
കർണാകട മന്ത്രി ഡി.സുധാകറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഖാർഗെ മടങ്ങിയത്. വൈകാതെ തന്നെ ഖാർഗെ മടങ്ങിയെത്തുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയശേഷമാകും പ്രഖ്യാപനം. ഖാർഗെയുടെ വസതിയിൽ കഴിഞ്ഞദിവസം നടന്ന മൂന്നുമണിക്കൂർ ചർച്ചയ്ക്കൊടുവിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നില്ല.
കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നുപേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇതിൽ കെ.സി.വേണുഗോപാലിന് ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുണ്ട്.
Kerala
തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരുമായിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്റെ കർശന മേൽനോട്ടത്തിലായിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താൽപ്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി.
മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക. അതേസമയം, 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെ.സി. വേണുഗോപാൽ വിഭാഗം പറയുന്നു. 16 എംഎൽഎമാരങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. ഒൻപത് എംഎൽഎമാർ ഒപ്പമെന്നാണ് വി.ഡി. സതീശൻ ക്യാമ്പും പറയുന്നു.
എന്നാൽ നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ എംഎൽഎമാർ അഭിപ്രായം മാറ്റുമോ എന്ന ആശങ്ക ഗ്രൂപ്പ് മാനേജർമാർക്കുണ്ട്. എംഎൽഎമാരെ ഒപ്പം നിർത്താൻ മന്ത്രിസ്ഥാനം ഉൾപ്പെടെ പലർക്കും വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. എംഎൽഎമാരുമായി തുടർച്ചയായി ആശയവിനിമയം ഗ്രൂപ്പ് നേതാക്കൾ നടത്തുന്നുണ്ട്.
മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തിൽ തെരുവിലേക്ക് എത്തുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുൽ ഗാന്ധി വിവരം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയാരെന്നതിൽ തന്റെ നിലപാട് ഖാർഗെയോടും രാഹുൽ വ്യക്തമാക്കിയിട്ടില്ല.
Kerala
തൃശൂർ: ഏപ്രിൽമാസത്തെ വേതനം കുടിശികയായതോടെ സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
വേതനം ലഭിക്കാത്തതുമൂലം കടവാടക നൽകാനോ സെയിൽസ്മാനു ശമ്പളം നൽകാനോ വ്യാപാരികൾക്കു സാധിക്കുന്നില്ല. ട്രാൻസ്പോർട്ടിംഗ് കോൺട്രാക്ടർമാരും കയറ്റിറക്കുതൊഴിലാളികളും പണിമുടക്കുന്നതു റേഷൻ വിതരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ജില്ലയിലെ പല താലൂക്കുകളിലും വാതിൽപ്പടി വിതരണം ഇനിയും പൂർത്തിയായിട്ടില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
റേഷൻവിതരണം തടസമില്ലാതെ ഉറപ്പാക്കുക, മാവേലി സ്റ്റോറുകളിലേതുപോലെ സബ്സിഡി സാധനങ്ങൾ റേഷൻകടകൾ വഴി ലഭ്യമാക്കുക, പ്രകടനപത്രികയിലെ വാഗ്ദാനപ്രകാരം വേതനം പരിഷ്കരിച്ച് എല്ലാ മാസവും പത്തിനകം നൽകുക, സെയിൽസ്മാൻമാർക്കു മിനിമം വേതനം നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഭക്ഷ്യ, ധനമന്ത്രിമാർക്കും നിവേദനം നൽകാൻ അസോസിയേഷൻ തീരുമാനിച്ചു.
പത്രസമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ, ജനറൽ സെക്രട്ടറി കെ.ബി. ബിജു, ട്രഷറർ വി. അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
Kerala
കൊല്ലം: സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന്റെ ഫലം പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി നീളുന്നത് ആയിരക്കണക്കിന് ഉദ്യോഗാർഥികളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു.
നെറ്റ്, ജെആർഎഫ്, പിഎച്ച്ഡി തുടങ്ങിയ ഉയർന്ന യോഗ്യതകൾ ഉള്ളവർക്കുപോലും സ്കൂൾ അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ പുതിയ സർക്കാർ ഉത്തരവാണ് തിരിച്ചടിയാകുന്നത്.
ഫെബ്രുവരിയിൽ നടത്തിയ പരീക്ഷാ ഫലം നാല് ആഴ്ചയ്ക്കുള്ളിൽ വരേണ്ടതാണ്. എന്നാൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സ്കൂൾ തുറക്കാൻ അധികദിവസം ഇല്ലാത്ത സാഹചര്യത്തിൽ സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇവർ നേരിടുന്നത്.
മുമ്പ് നെറ്റ്, സെറ്റ്, എംഎഡ്, എംഫിൽ, പിഎച്ച്ഡി എന്നിവയുള്ളവരെ കെ-ടെറ്റിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് ഈ യോഗ്യതകൾ ഉള്ളവരും പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ പഠിപ്പിക്കാൻ കെ-ടെറ്റ് പാസാകണം.
ഫലം വൈകുന്നതു മൂലം ഈ വിഭാഗത്തിലുള്ളവർക്കും ജോലിയിൽ പ്രവേശിക്കാനോ പ്രമോഷൻ നേടാനോ കഴിയാത്ത സാഹചര്യമാണ്. വരാനിരിക്കുന്ന അധ്യയനവർഷത്തിലെ സർക്കാർ, എയ്ഡഡ് സ്കൂൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ കെ-ടെറ്റ് നിർബന്ധമാണ്.
വർഷങ്ങളായി പരീക്ഷയ്ക്കായി തയാറെടുക്കുന്ന പ്രായപരിധിയുടെ അവസാനഘട്ടത്തിലുള്ള ഉദ്യോഗാർഥികൾക്ക് ഫലം വൈകുന്നത് വലിയ പ്രഹരമാണ്. ഈ അവസരം നഷ്ടമായാൽ പലർക്കും സർക്കാർ ജോലി എന്ന സ്വപ്നം എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരും.
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി നടക്കാറുള്ള ഗസ്റ്റ് അധ്യാപക നിയമനങ്ങളിൽ കെ-ടെറ്റ് യോഗ്യതയുള്ളവർക്കാണ് മുൻഗണന. യോഗ്യരായ ഉദ്യോഗാർഥികളെ ഒഴിവാക്കി മറ്റുള്ളവരെ നിയമിക്കേണ്ടി വരുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുന്നതൊടൊപ്പം നിരവധി പേരുടെ ജോലി സാധ്യതയാണ് നഷ്ടമാകുന്നത്.
District News
കായംകുളം: ആറാട്ടുപുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് കായലിന് കുറുകെ നിർമിക്കുന്ന കനകക്കുന്ന്-കള്ളിക്കാട് പാലത്തിന്റെ നിർമാണം വൈകുന്നതിൽ തീരദേശവാസികൾക്ക് പ്രതിഷേധം. 2022-ലെ സംസ്ഥാന ബജറ്റിലാണ് പാലത്തിനായി 100 കോടി രൂപ വകയിരുത്തിയത്. തുടർന്ന് പാലത്തിന്റെ അലൈൻമെന്റ് നിശ്ചയിച്ച് മണ്ണുപരിശോധന പൂർത്തിയാക്കി. ഇതു വിലയിരുത്തി രൂപരേഖ തയാറാക്കേണ്ടത് പൊതുമരാമത്തുവകുപ്പ് ഡിസൈൻ വിഭാഗമാണ്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ എങ്ങുമെത്തിയില്ല. കായംകുളം കായലിന്റെ ഇരുകരകളിലുമായി കിടക്കുന്ന പഞ്ചായത്തിന്റെ മധ്യഭാഗത്തായി പാലം നിർമിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. സുനാമിക്കുശേഷം തെക്കുഭാഗത്തു നിർമിച്ച കൊച്ചിയുടെ ജെട്ടി-പെരുമ്പള്ളി പാലം മാത്രമാണ് മറുകര കടക്കാനുള്ള ഏക മാർഗം. ഇതല്ലാതെ മറുകരയെത്തണമെങ്കിൽ വടക്ക് തൃക്കുന്നപ്പുഴയിലെത്തണം.
പടിഞ്ഞാറേക്കരയിലെ കള്ളിക്കാട്ടും പരിസരപ്രദേശങ്ങളിലുമാണ് പഞ്ചായത്തിലെ മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രവും ആയുർവേദ ആശുപത്രിയും പഞ്ചായത്ത്, വില്ലേജ് ഓഫീസുകളും കൃഷിഭവനുമെല്ലാം ഇവിടെയാണ്. രണ്ടുമുതൽ ആറുവരെയുള്ള വാർഡുകൾ കിഴക്കേക്കരയിലാണ്. ഇവിടങ്ങളിൽ രണ്ടായിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് പടിഞ്ഞാറേക്കരയിലെ സർക്കാർ ഓഫീസുകളിൽ റോഡുമാർഗം പോയിവരാൻ 25-30 കിലോമീറ്ററോളം സഞ്ചരിക്കണം.
മറിച്ച് പടിഞ്ഞാറേക്കരയിലെ താമസക്കാർക്കും ആവശ്യങ്ങൾക്കായി കിഴക്കേക്കരയിലെത്തണമെങ്കിലും ഈ ദൂരംതന്നെ സഞ്ചരിക്കണം. അതിനാൽ കനകക്കുന്ന്-കള്ളിക്കാട് പാലത്തിന്റെ നിർമാണം പുതിയ സർക്കാരിന്റെ കാലത്തെങ്കിലും പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.
NRI
ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാക്കില്ലെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി അറിയിച്ചു.
ബസ് യാത്രാ സൗജന്യമാക്കാൻ തന്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെങ്കിലും 2026-ൽ ഇത് പൂർണമായി നടപ്പിലാക്കാൻ കഴിയില്ലെന്ന് മേയർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതികൾക്കായി ചർച്ചകൾ തുടരുകയാണ്.
നഗരത്തിലെ വംശീയ അസമത്വങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ഉടൻ പുറത്തുവിടും. നിലവിലെ കണക്കുകൾ പ്രകാരം വിവിധ വിഭാഗങ്ങൾക്കിടയിൽ വലിയ സാമ്പത്തിക - സാമൂഹിക വ്യത്യാസങ്ങൾ നഗരത്തിൽ നിലനിൽക്കുന്നുണ്ട്.
കൗൺസിൽ സ്പീക്കർ ജൂലി മെനിനെതിരേയുള്ള വ്യക്തിപരമായ ആക്രമണങ്ങളെ മേയർ തള്ളിപ്പറഞ്ഞു. വിമർശനങ്ങൾ വ്യക്തിപരമാകാതെ നയങ്ങളിൽ അധിഷ്ഠിതമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനുമായുള്ള യുദ്ധത്തോടുള്ള തന്റെ ശക്തമായ എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു. ഒരു നാഗരികതയെ മുഴുവൻ ഇല്ലാതാക്കുമെന്ന ഭീഷണികൾ ധാർമികമായി തെറ്റാണെന്നും അത് ലോകമെമ്പാടും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മംദാനി പറഞ്ഞു.
അടുത്ത വർഷത്തെ ബജറ്റിൽ പദ്ധതി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിലെ കുറ്റപത്രം ഉടനില്ല. ലോഹപ്പാളികളുടെ സാമ്പിള് പരിശോധനാഫലം ഏപ്രില് അവസാനമേ ലഭ്യമാകൂവെന്ന് ജംഷഡ്പുരിലെ നാഷണല് മെറ്റലര്ജിക്കല് ലബോറട്ടറി എസ്ഐടിയെ അറിയിച്ച സാഹചര്യത്തിലാണിത്.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന് റിപ്പോര്ട്ട് നല്കിയതിനെത്തുടര്ന്ന് അന്വേഷണം പൂര്ത്തിയാക്കാന് ഹൈക്കോടതി മേയ് 18 വരെ സമയം അനുവദിച്ചു.
സങ്കീര്ണമായ പരിശോധനകള് ആവശ്യമുള്ളതിനാല് ഒരു മാസം കൂടി സമയം വേണ്ടിവരുമെന്നാണ് ജംഷഡ്പുരിലെ ലാബ് അധികൃതര് അറിയിച്ചത്.
നിലവില് 358 സാക്ഷികളെ കേസില് ചോദ്യം ചെയ്തിട്ടുണ്ട്.
കര്ണാടകയിലെ മഹാലക്ഷ്മി ലേഔട്ട് ക്ഷേത്രം, മുണ്ടോട്ടി പാളയം ക്ഷേത്രം, ശ്രീരാമപുരം ക്ഷേത്രം, ഗൗരിബിദന്നൂര്, ബെല്ലാരി, ഹോങ്കസാന്ദ്ര, വ്യാലിക്കാവല് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ മദനപ്പള്ളി, അനന്തപുര് എന്നിവിടങ്ങളിലും അന്വേഷണം നടത്തി.
2025ലെ ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വര്ണം പൂശലുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. 20 സാക്ഷികളെ ചോദ്യംചെയ്തതായി എസ്ഐടി കോടതിയെ അറിയിച്ചു.
National
ചെന്നൈ: വന്ദേഭാരതിന്റെ എട്ട് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം വൈകുന്നു. ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) മൂന്നുവർഷം മുൻപാണ് പൊതുമേഖലാ സ്ഥാപനമായ ബംഗളൂരുവിലെ ഭാരത് എൽത്ത് മൂവേഴ്സ് ലിമിറ്റഡിന് (ബിഇഎംഎൽ)16 കോച്ചുകളുള്ള 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിച്ചു നൽകാനുള്ള കരാർ നൽകിയത്.
ഒരുവർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. ആറു മാസം മുൻപ് ബിഇഎംഎൽ രണ്ട് ട്രെയിനുകൾ കൈമാറിയിരുന്നു. ബാക്കിയുള്ള എട്ട് ട്രെയിനുകളും മാർച്ചിൽ നൽകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് രണ്ട് ട്രെയിനുകൾ മാത്രമേ മാർച്ചിൽ കൈമാറാൻ കഴിയൂ എന്ന് അറിയിച്ചു.
എന്നാൽ രണ്ട് ട്രെയിനുകളും ഇതുവരെ ലഭിച്ചിട്ടില്ല. ബാക്കി ആറു ട്രെയിനുകൾ മാർച്ചിനുശേഷം നൽകാനുമാണ് ധാരണയുണ്ടായിരുന്നത്. എന്നാൽ ട്രെയിനുകളുടെ നിർമാണം പൂർത്തിയാക്കി എപ്പോൾ കൈമാറുമെന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ബിഇഎംഎൽനിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐസിഎഫ് അധികൃതർ പറഞ്ഞു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്നലെ രാത്രി വൈകിയും യോഗം ചേർന്നെങ്കിലും അന്തിമതീരുമാനത്തിലെത്തിയില്ല. പല സീറ്റുകളിലും തർക്കം തുടരുകയാണ്. മുതിർന്ന കേന്ദ്ര, സംസ്ഥാന നേതാക്കൾ ഡൽഹിയിൽത്തന്നെയുണ്ട്. രാത്രി വൈകിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം തുടരുകയാണ്.
കെ. സുധാകരനും അടൂർ പ്രകാശും ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കോന്നിയും കണ്ണൂരും മാറ്റിനിർത്തി രണ്ടാംഘട്ട ലിസ്റ്റ് ഇന്നലെ വൈകുന്നേരത്തോടെ പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പലയിടത്തും ഒറ്റപ്പേരിലേക്കെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. 55 പേരുടെ ആദ്യലിസ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഡൽഹിയിൽ മൂന്നു ദിവസം നീണ്ട മാരത്തണ് ചർച്ചകൾക്കൊടുവിലാണ് കോണ്ഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ഏകദേശ ധാരണയിലെത്തിയത്. മുതിർന്ന നേതാവും എംപിയുമായ കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കാതെവന്നതാണു കേന്ദ്ര-സംസ്ഥാന നേതാക്കളെ വെട്ടിലാക്കിയത്.
സുധാകരന്റെ കർക്കശ നിലപാടിനെ അപ്പാടെ തള്ളിയാൽ കണ്ണൂർ ജില്ലയിലും മറ്റു നിരവധി മണ്ഡലങ്ങളിലും കോണ്ഗ്രസ് സ്ഥാനാർഥികളുടെ വിജയത്തെ ബാധിച്ചേക്കാമെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്ന് നേതൃത്വം വിലയിരുത്തിയത്.
യുഡിഎഫിൽ കോണ്ഗ്രസിന്റെ 95 സീറ്റുകളിൽ 55 സ്ഥാനാർഥികളെ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. ശേഷിച്ച 40ൽ ഭൂരിപക്ഷം സീറ്റുകളിലും ഇന്നലെ രാവിലെയോടെ ധാരണയിലെത്തുകയും ചെയ്തു. ആറ് മണ്ഡലങ്ങളിൽ ഏക പേരിലേക്കെത്താൻ പിന്നെയും പലവട്ടം ചർച്ചകൾ വേണ്ടിവന്നു.
നാമനിർദേശ പത്രിക സമർപ്പണത്തിനും പ്രചാരണത്തിനും ദിവസം വളരെ കുറവായതിനാൽ 40 സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കാൻ കഴിയില്ലെന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. കണ്ണൂരിന്റെ മാത്രം തീരുമാനം ഒരു ദിവസത്തേക്കു മാറ്റിയാൽപ്പോലും സ്ഥാനാർഥി പ്രഖ്യാപനം ഇന്നലെത്തന്നെ പൂർത്തിയാക്കാൻ തിങ്കളാഴ്ച തീരുമാനിച്ചിരുന്നു.
എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഏതാണ്ടു പൂർത്തിയായതും ഹൈക്കമാൻഡിനെ സമ്മർദത്തിലാക്കി. ഔദ്യോഗിക പ്രഖ്യാപനത്തിനുമുന്പേ കൊച്ചിയിലടക്കം പല മണ്ഡലങ്ങളിലും കോണ്ഗ്രസ് സ്ഥാനാർഥികൾ ചുവരെഴുത്തും പോസ്റ്ററുകളുമായി രംഗത്തെത്തിയതും ഇന്നലെ വൈകുന്നേരത്തേക്ക് റോഡ് ഷോകൾ തീരുമാനിച്ചതും നേതൃത്വത്തിനു തലവേദനയായി.
നിയമസഭയിലേക്ക് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാൻഡും രാഹുൽ ഗാന്ധിയും അംഗീകരിച്ചെങ്കിലും സുധാകരനും അടൂർ പ്രകാശും ഇന്നലെ രാവിലെയും വഴങ്ങിയില്ല. താൻ അല്ലെങ്കിൽ കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർഥിയാക്കണമെന്ന് അടൂർ പ്രകാശ് ശഠിച്ചു.
സതീഷ് കൊച്ചുപറന്പിലിന്റെ പേരാണു കോന്നിയിൽ പരിഗണിച്ചിരുന്നത്. സുധാകരൻ നിർദേശിക്കുന്ന ആൾക്കുതന്നെ കണ്ണൂർ സീറ്റ് നൽകാമെന്ന വാഗ്ദാനത്തിലും സുധാകരൻ സമ്മതിച്ചില്ല. ഡൽഹിയിൽ തുടരാൻ താത്പര്യമില്ലെന്നു ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പേ വ്യക്തമാക്കിയിരുന്നതാണെന്നും കണ്ണൂരിൽ ജയിക്കാൻ താൻ തന്നെ മത്സരിക്കണമെന്നും സുധാകരൻ പറഞ്ഞു.
കോണ്ഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ കെപിസിസി പ്രസിഡന്റുമായ സുധാകരന് പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കുമിടയിൽ കാര്യമായ സ്വാധീനമുണ്ടെന്നതു കോണ്ഗ്രസ് ഹൈക്കമാൻഡിനെയും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയെയും വെട്ടിലാക്കി.
പേരാവൂരിൽ മത്സരിക്കുന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കം കണ്ണൂർ ജില്ലയിലെ ഇതര മണ്ഡലങ്ങളിലും സുധാകരന്റെ തീരുമാനം നിർണായകമാകുമെന്നതാണു മറ്റൊരു പ്രശ്നം. സുധാകരൻ ഇടഞ്ഞാൽ മലബാർ മേഖലയിലെങ്കിലും കോണ്ഗ്രസിനു തിരിച്ചടിയാകുമെന്ന വാദത്തോട് ആർക്കും അഭിപ്രായവ്യത്യാസമുണ്ടായില്ല.
National
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ ഈ മാസം ഒപ്പിടുമെന്നു പ്രതീക്ഷിച്ച ഇടക്കാല വ്യാപാരക്കരാർ വൈകും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പകരം തീരുവകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന്റെ സാഹചര്യത്തിലാണു കരാർ വൈകുന്നത്.
യുഎസ് സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ലോകരാജ്യങ്ങൾക്കുമേലുള്ള തീരുവഘടന പുനഃസ്ഥാപിക്കാനായി അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുശേഷം മാത്രമേ കരാറിൽ ഒപ്പിടുകയുള്ളൂവെന്നും കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗ്രവാൽ അറിയിച്ചു.
അധാർമികമായ വ്യാപാരരീതികൾ പിന്തുടരുന്നുണ്ടോയെന്നു കണ്ടെത്താൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരേ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചതിന്റെകൂടി പശ്ചാത്തലത്തിൽ ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ വൈകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
National
ന്യൂഡൽഹി: അധാർമികമായ വ്യാപാരരീതികൾ പിന്തുടരുന്നുണ്ടോയെന്നു കണ്ടെത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരേ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാപാരക്കരാറിൽ ഒപ്പിടുന്നത് ഇന്ത്യ വൈകിച്ചേക്കുമെന്നു റിപ്പോർട്ട്.
യുഎസുമായുള്ള ഇടക്കാല വ്യാപാരക്കരാറിൽ ഇന്ത്യ ഈ മാസം ഒപ്പിടുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ അന്വേഷണങ്ങൾ മൂലം ഇന്ത്യ വ്യാപാരക്കരാറിൽ ഒപ്പിടുന്നത് മാസങ്ങളോളം വൈകിച്ചേക്കുമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണു റിപ്പോർട്ട് ചെയ്തത്.
ഇടക്കാല വ്യാപാരക്കരാർ യാഥാർഥ്യമാക്കുന്നതിനുള്ള ചട്ടക്കൂട് കഴിഞ്ഞ മാസമാണ് ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചത്. കരാറിൽ ഈ മാസം ഒപ്പിട്ട് പൂർണ കരാർ പിന്നീട് നടപ്പാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ട്രംപ് ലോകരാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പകരം തീരുവകൾ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ കാരണത്താൽ കരാറിലും അനിശ്ചിതത്വം ഉണ്ടാകുകയായിരുന്നു.
ഇതിനുശേഷം പശ്ചിമേഷ്യൻ സംഘർഷം കടന്നുവന്നതോടെ അമേരിക്ക അതിന്റെ തിരക്കിലേർപ്പെടുകയും പിന്നീട് വ്യാപാര ചർച്ചകൾ മുന്നോട്ടു പോയില്ലെന്നുമാണ് സർക്കാർ സ്രോതസുകളെ ഉദ്ധരിച്ചു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ട്രംപിന്റെ പുതിയ അന്വേഷണം കരാറിൽ രാജ്യങ്ങളെ ഒപ്പിടാനുള്ള സമ്മർദതന്ത്രമാണെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, യുഎസുമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന വ്യാപാരചർച്ചകളെപ്പറ്റിയുള്ള മാധ്യമ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടുവെന്നും ഉഭയകക്ഷി ചർച്ചകൾ തടസപ്പെട്ടുവെന്ന വാർത്തകൾ നിഷേധിക്കുകയാണെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
ഇരുകക്ഷികൾക്കും ഗുണകരമായ ഉഭയകക്ഷി വ്യാപാരക്കരാറിൽ ഇന്ത്യയും യുഎസും ചർച്ചകൾ തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Kerala
പരവൂർ: ചെന്നൈ റെയിൽവേ ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം കേരളം വഴി സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾക്ക് യാത്രയ്ക്കിടയിൽ കാലതാമസം നേരിടുമെന്ന് അധികൃതർ അറിയിച്ചു.
22644 പട്ന- എറണാകുളം ജംഗ്ഷൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ 12ന് 50 മിനിറ്റ് വൈകും. 22504 ദിബ്രുഗ്രഡ്- കന്യാകുമാരി വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 11ന് ആരംഭിക്കുന്ന യാത്രയിൽ വഴിയിൽ 40 മിനിറ്റ് വൈകും. 22645 ഇൻഡോർ- തിരുവനന്തപുരം നോർത്ത് അഹല്യനഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഒമ്പതിന് 50 മിനിറ്റ് വൈകും.
13351 ധൻബാദ്- ആലപ്പുഴ എക്സ്പ്രസ് ഏഴ്, 14 തീയതികളിൽ കുറഞ്ഞത് 35 മിനിറ്റെങ്കിലും വൈകും. 06547 എസ്എംവിടി ബംഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ 18ന് ആരംഭിക്കുന്ന ഒരു മണിക്കൂർ 15 മിനിറ്റിലധികം വൈകും.
16526 കെഎസ്ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് 25ന് ആരംഭിക്കുന്ന യാത്രയിൽ 30 മിനിറ്റിൽ അധികവും വൈകും. ചില ട്രെയിനുകൾ ഇപ്പോൾ സൂചിപ്പിച്ചിട്ടുള്ള സമയത്തേക്കാൾ കൂടുതൽ വൈകാനും സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു.
Sports
കൊളംബോ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ എട്ടിൽ ആദ്യ മത്സരം വൈകുന്നു. മഴയെ തുടർന്നു പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരമാണ് വൈകുന്നത്. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു.
ഒരു മാറ്റവുമായാണ് പാക്കിസ്ഥാൻ ഇന്ന് ഇറങ്ങുന്നത്. നഫായ്ക്കു പകരം ഫഖർ സമാനെ ടീമിൽ ഉൾപ്പെടുത്തി. ഒരു പേസർ മാത്രമാണ് പാക് നിരയിലുള്ളത്. മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്ഥി പട്ടിക വൈകുമെന്ന് സൂചന. പട്ടികയ്ക്ക് അന്തിമ രൂപം നല്കാന് ഞായറാഴ്ച നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വച്ചു.
അടുത്തയാഴ്ചയോടെ ആദ്യ സ്ഥാനാര്ഥി പട്ടിക പുറത്ത് വിടാനായിരുന്നു കോണ്ഗ്രസ് നേതൃത്വത്തിന്റെ നീക്കം. പാലക്കാടും, തൃപ്പൂണിത്തുറയും ഒഴിച്ചുള്ള സിറ്റിംഗ് മണ്ഡലങ്ങള്, സംവരണ മണ്ഡലങ്ങള്, ധാരണയായ മറ്റ് മണ്ഡലങ്ങള് എന്നിവിടങ്ങളിലെ പ്രഖ്യാപനം നടത്താനായിരുന്നു നീക്കം.
ഇത് മുന്നില് കണ്ടാണ് ഹൈക്കമാന്ഡ് നേതാക്കളും കേരളത്തില് നിന്നുള്ള നേതാക്കളും അടങ്ങുന്ന തെരഞ്ഞെടുപ്പ് സമിതി ഞായറാഴ്ച യോഗം ചേരാന് നിശ്ചയിച്ചിരുന്നത്. ഇതിനിടെ കോണ്ഗ്രസ് ദേശീയ നേതൃത്വവുമായി പി.കെ.കുഞ്ഞാലിക്കുട്ടി ചർച്ച നടത്തും.
Sports
പല്ലെകലെ: ട്വന്റി 20 ലോകകപ്പിലെ അയർലൻഡ്-സിംബാബ്വെ മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
കളിച്ച രണ്ടും ജയിച്ച സിംബാബ്വെയ്ക്ക് ഈ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ചാൽ സൂപ്പർ എട്ട് ഉറപ്പിക്കാം. അതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷയ്ക്ക് അറുതിയാകും. ഇന്ന് സിംബാബ്വെ ജയിച്ചാൽ, 2009-ന് ശേഷം ആദ്യമായി ഓസ്ട്രേലിയ ഒരു ലോകകപ്പിൽ ആദ്യഘട്ടത്തിൽത്തന്നെ പുറത്താകും.
മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച ഓസീസിന്, സിംബാബ്വെ അടുത്ത രണ്ട് കളിയിലും തോൽക്കുന്നതിനൊപ്പം, അടുത്ത മത്സരത്തിൽ വിജയിക്കുകയും വേണം. എങ്കിലും റൺറേറ്റ് അടിസ്ഥാനത്തിലായിരിക്കും സൂപ്പർ എട്ടിലേക്കുള്ള തിരഞ്ഞെടുപ്പ്.
സൂപ്പർ എട്ടിലേക്കുള്ള യാത്രയിൽ ഓസ്ട്രേലിയയുടെ വിധി ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും. ഇന്ന് നടക്കാനിരിക്കുന്ന അയർലൻഡ് - സിംബാബ്വെ മത്സരത്തിൽ അയർലൻഡ് വിജയിച്ചാൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് സൂപ്പർ എട്ടിൽ കടക്കാനാവൂ.
Kerala
തൃശൂർ: ഔദ്യോഗികവാഹനം എത്താൻ വൈകിയതിനെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യാത്ര ചെയ്തത് ഓട്ടോറിക്ഷയിൽ. ശിവരാത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. വടക്കുംനാഥ ക്ഷേത്രത്തിനു സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്.
ചടങ്ങിൽ പങ്കെടുത്ത് വേഗത്തിൽ മടങ്ങാൻ നിന്ന മന്ത്രിക്കരികിലേക്കു വിചാരിച്ച സമയത്ത് ഔദ്യോഗിക വാഹനം എത്തിയില്ല. ഉടൻ ഓട്ടോയിൽ കയറി രാമനിലയത്തിലേക്ക് മടങ്ങുകയുമായിരുന്നു.
സുരേഷ് ഗോപി ഓട്ടോയിൽ കയറിയതിനു പിന്നാലെ ഗണ്മാൻ വേഗത്തിൽ ഓട്ടോഡ്രൈവർക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. ഓട്ടോ പുറപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകംതന്നെ കേന്ദ്രമന്ത്രിയുടെ ഔദ്യോഗികവാഹനം സ്ഥലത്തെത്തി.
Kerala
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്.
പറന്നുയർന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് വിമാനം റിഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.
160 യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തങ്ങൾക്ക് താമസ സൗകര്യം ഒരുക്കണമെന്നാണ് യാത്രാക്കാരുടെ ആവശ്യം.
Sports
ബുലവായോ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.
Kerala
കൊല്ലം: വോട്ടിംഗ് മെഷീൻ മാറിയതിനെ തുടർന്ന് പത്തനാപുരത്ത് തെരഞ്ഞെടുപ്പ് വൈകുന്നു. പട്ടാഴി പാണ്ടിത്തിട്ട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്.
പകരം തലവൂർ ഡിവിഷനിലെ വോട്ടിംഗ് മെഷിനാണ് എത്തിച്ചത്. മോക് പോളിംഗ് തുടങ്ങിയപ്പോഴാണ് മെഷീൻ മാറിയെന്ന് മനസിലായത്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഏഴരയ്ക്കുശേഷവും പോളിംഗ് ആരംഭിക്കാത്തതിനാൽ പ്രതിഷേധവുമായി വോട്ടർമാർ രംഗത്തെത്തി.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപ്പെട്ട സമയത്തിനു പകരമായി അധിക സമയം അനുവദിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
Kerala
പത്തനംതിട്ട: ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ ശബരിമലയിൽ കേരള സദ്യ നൽകുന്നത് വൈകും. ചൊവ്വാഴ്ച മുതൽ സദ്യ നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായില്ലെന്ന് അധികൃതർ പറഞ്ഞു.
ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സദ്യ വൈകുന്നേരം മൂന്നുവരെ നൽകും. സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.
എന്നാൽ സദ്യ നൽകുന്നത് സംബന്ധിച്ചുള്ള നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ. ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
National
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 800 വിമാന സർവീസുകൾ വൈകി. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്.
പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ഡൽഹി വിമാനത്താവള അധികൃതർ പറയുന്നത്. ആയിരക്കണക്കിന് യാത്രക്കാരാണ് ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടിക്കറ്റെടുത്ത യാത്രക്കാർ വിമാന കമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റമാണ് തകരാറിലായത്. നിലവിൽ ഉദ്യോഗസ്ഥർ നേരിട്ടാണ് ഫ്ലൈറ്റ് മാന്വൽ കൈകാര്യം ചെയ്യുന്നതെന്നും ഇതാണ് വിമാനങ്ങൾ വൈകാൻ കാരണമാകുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരയടക്കം വിന്യസിച്ച് തീവ്ര ശ്രമം തുടരുകയാണ്. ഡൽഹിയിൽ നിന്ന് പോകേണ്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
ഡൽഹിയിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർ വിമാനകമ്പനികളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടണമെന്നും നിശ്ചയിച്ച സമയത്തിലും നേരത്തെ വിമാനത്താവളത്തിലെത്തണമെന്നും വിമാന കമ്പനികൾ മാർഗനിർദേശം പുറത്തിറക്കി.
National
ന്യൂഡൽഹി: എയർ ട്രാഫിക് കൺട്രോൾ (എടിസി) സംവിധാനത്തിലെ തകരാറുമൂലം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടു.
നൂറിലേറെ വിമാനങ്ങൾ വൈകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവളാധികൃതർ നിർദേശം നൽകി.
ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എടിസി തകരാറുമൂലമാണ് യാത്ര വൈകുന്നതെന്നും യാത്രക്കാർക്കാവശ്യമായ സഹായത്തിന് ക്യാബിൻ ക്രൂവും മറ്റു ജീവനക്കാരും സജ്ജമാണെന്നും എയർ ഇന്ത്യ അറിയിച്ചു.
Kerala
കോട്ടയം: കുമാരനെല്ലൂരിൽ ട്രെയിൻ ഇടിച്ച് ഒരാൾ മരിച്ചതിനെ തുടർന്ന് വന്ദേഭാരത് ഉൾപ്പെടെ വൈകിയോടുന്നു. ശനിയാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
എറണാകുളം - കൊല്ലം മെമു ട്രെയിനാണ് ഇടിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
അപകടത്തെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. 40 മിനിറ്റ് വൈകിയാണ് വന്ദേഭാരത് കോട്ടയം സ്റ്റേഷനിലെത്തിയത്.