International
ടെൽ അവീവ്: ഗാസ സമാധാനത്തിനായി യുഎസ് പ്രസിഡന്റ ്ട്രംപ് മുന്നോട്ടുവച്ച 15 ഇന പദ്ധതി തള്ളുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കാബിനറ്റ് യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹമാസ് ആയുധം താഴെ വയ്ക്കാതെ ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
ട്രംപ് രൂപീകരിച്ച സമാധാന സമിതി കഴിഞ്ഞ മാസമാണ് ഗാസയ്ക്കുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഗാസയിലെ ഹമാസും ഇതര തീവ്രവാദ സംഘടനകളും ആയുധം വെടിയുമെന്ന് അറിയിച്ചതിനു പിന്നാലെയായിരുന്നിത്. എന്നാൽ ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറാതെ ആയുധം വെടിയാനാവില്ലെന്ന് ഹമാസ് പിന്നീട് പറയുകയുണ്ടായി.
ഹമാസ് സത്യസന്ധമായി ആയുധം താഴെവയ്ക്കാതെ ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറില്ലെന്നും ഇസ്രേലി ജനതയ്ക്കെതിരായ ഭീഷണികൾ ഉന്മൂലനം ചെയ്യുന്നത് സേന തുടരുമെന്നും നെതന്യാഹു കാബിനറ്റ് യോഗത്തിനുശേഷം വ്യക്തമാക്കി. ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറുന്നതിന് മുന്പായി ഹമാസ് ആയുധം വെടിയണമെന്നും നെതന്യാഹു നിർദേശിച്ചു.
ഇസ്രേലി പാർലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കേ ഗാസ വിഷയത്തിൽ നെതന്യാഹു വിട്ടുവീഴ്ചയ്ക്ക് തയാറാവില്ലെന്നാണ് സൂചനകൾ. ട്രംപിന്റെ ഗാസ പദ്ധതി സ്വീകാര്യമല്ലെന്ന് നെതന്യാഹു പ്രഖ്യാപിക്കണമെന്ന് ഇസ്രേലി മന്ത്രിസഭയെ താങ്ങിനിർത്തുന്ന തീവ്രനിലപാടുകാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
International
ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഇന്നലെ വാഷിംഗ്ടൺ ഡിസിയിലേക്കു പുറപ്പെട്ടു.
മുൻ യാത്രകളെ അപേക്ഷിച്ച് ഇത്തവണത്തേതിനു രഹസ്യാത്മകത കൂടുതലായിരുന്നു. ബെൻ ഗുരിയൻ വിമാനത്താവളത്തിനു പകരം നെവാതിം വ്യോമതാവളത്തിൽനിന്നാണ് അദ്ദേഹം വിമാനം കയറിയത്.
ഇറാനിൽനിന്നുള്ള ഭീഷണിയാണ് ഇതിനു കാരണമെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചത്തെ നെതന്യാഹുവിന്റെ മന്ത്രിസഭാ യോഗവും അജ്ഞാത ഭൂഗർഭ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.
ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യ ചർച്ചാ വിഷയം ഇറാൻ ആയിരിക്കുമെന്ന് നെതന്യാഹു ഇന്നലെ പറഞ്ഞു.
International
ന്യൂയോർക്ക്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽനിന്നു പിന്മാറി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. അറസ്റ്റ് ചെയ്യാനുള്ള അധികാരം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാൻ അമേരിക്കൻ നിയമവൃത്തങ്ങൾ തയാറാകണമെന്നു മംദാനി ആവശ്യപ്പെട്ടു.
യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തുന്ന നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച് ഉപദേശം തേടുന്നതായി മംദാനി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, നെതന്യാഹുവിനെ ആരും അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
International
വെസ്റ്റ് ബാങ്ക്: ഇസ്രയേലിന്റെ ആയുധ ഉത്പാദന ശേഷി വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെസ്റ്റ് ബാങ്കിലെ ഗൂഷ് എറ്റ്സിയോൺ കുടിയേറ്റ മേഖലയിൽ യുദ്ധവിദഗ്ധരുമായി സംസാരിക്കവേയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇറാനെതിരെയുള്ള പോരാട്ടത്തിൽ യുഎസിനെ ആശ്രയിക്കുന്നത് നിർത്തണമെന്നും അദ്ദേഹം നെതന്യാഹു പറഞ്ഞു. അമേരിക്കൻ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറയുകയും ചെയ്തു. നമുക്ക് നമ്മുടേതായ സ്വതന്ത്രമായ ആയുധോത്പാദന സംവിധാനം ആവശ്യമാണ്. സ്വന്തം ആയുധങ്ങൾ നമ്മൾ നിർമ്മിച്ചേ തീരൂ. ഇറാനെയും അവരുടെ ആശ്രിത സംഘങ്ങളെയും നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ല. 30 വർഷം കഴിയുമ്പോൾ നാം എവിടെയായിരിക്കും എന്നത് നമ്മുടെ ശക്തിയെ ആശ്രയിച്ചിരിക്കും. മറ്റുള്ളവരെ ആശ്രയിക്കുന്നതിൽനിന്ന് മോചനം നേടണമെന്നും കൂടുതൽ കരുത്ത് ആർജിക്കണമെന്നും കൂടുതൽ സാങ്കേതികവിദ്യ ഉൾക്കൊള്ളണമെന്നും നെതന്യുഹു പറഞ്ഞു. കമാൻഡർമാരുടെ കൂടുതൽ തലമുറകളെ പരിശീലിപ്പിക്കണം. നമ്മുടെ ഭാവി നിർണയിക്കുന്നത് ഇതൊക്കെയാണെന്നും നെതന്യാഹു പറഞ്ഞു.
International
ടെൽ അവീവ്: ഇസ്രയേലിലെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മത്സരിക്കും. അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
നെതന്യാഹു മത്സരിക്കാൻ സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് അറിയിപ്പുണ്ടായത്. അതിശയിപ്പിക്കുന്ന രാഷ്ട്രീയ ജീവിതമായിരുന്നു നെതന്യാഹുവിന്റേതെന്നും അദ്ദേഹം ഇനിയും മത്സരിക്കുമെന്നു തനിക്കു തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞതായി ഒരു അമേരിക്കൻ മാധ്യമപ്രവർത്തകൻ സോഷ്യൽ മീഡിയയിൽ അറിയിക്കുകയായിരുന്നു.
2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണ് വരുന്ന ഒക്ടോബറിൽ ഇസ്രയേലിൽ നടക്കാൻ പോകുന്നത്. നെതന്യാഹു സർക്കാർ കനത്ത തിരിച്ചടി നേരിട്ടേക്കുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.
International
വാഷിംഗ്ടൺ: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭ്രാന്തനെന്നു വിളിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ഇറാനുമായുള്ള ചർച്ചകളെ പിന്നോട്ടടിക്കുന്നതിൽ താൻ അസ്വസ്ഥനാണെന്ന് ട്രംപ് പറഞ്ഞു.
എന്നാൽ, നെതന്യാഹുവുമായുള്ള തന്റെ ബന്ധം ദൃഢമാണെന്നും കാരണം തങ്ങൾ യുദ്ധകാല നേതാക്കളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഞങ്ങൾ ഒരുമിച്ച് നന്നായി പ്രവർത്തിച്ചു. ബിബിയെ വളരെയധികം ഇഷ്ടമാണ്- ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്സ് വണ്ണിനോടു ട്രംപ് പറഞ്ഞു.
ഇറാൻ യുദ്ധം പരിഹരിക്കാൻ ട്രംപ് നേരിടുന്ന സമ്മർദത്തിന്റെ സൂചനയാണ് നെതന്യാഹുവിനെ കുറ്റപ്പെടുത്താനുള്ള കാരണമെന്നു കരുതുന്നു. ഉയർന്ന എണ്ണവിലയും സാമ്പത്തിക അനിശ്ചിതത്വവും ഇടക്കാല തെരഞ്ഞെടുപ്പിലേക്കു പോകുന്ന റിപ്പബ്ലിക്കന്മാരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ട്രംപ് സമ്മർദത്തിലാണെന്നാണു റിപ്പോർട്ടുകൾ.
സെപ്റ്റംബർ ഏഴ് തൊഴിലാളിദിനം വരെ ഹോർമുസ് അടഞ്ഞുകിടന്നേക്കുമെന്നും ട്രംപ് പറഞ്ഞു.
International
ജെറൂസലേം: ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യസർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ലിന് പ്രാഥമികാംഗീകാരം. ബുധനാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത 110 അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. ആരും ഇതിനെതിരെ വോട്ട് ചെയ്തില്ല. ഇതോടെ രാജ്യത്ത് പ്രഖ്യാപിച്ചതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയേറി.
ഒക്ടോബർ 27-നായിരുന്നു ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നീക്കത്തോടെ സെപ്റ്റംബറിലോ ഒക്ടോബർ ആദ്യവാരമോ തെരഞ്ഞെടുപ്പ് നടന്നേക്കും. സഖ്യകക്ഷികൾ കൈവിട്ടത് തിരിച്ചടിയായി ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന 76-കാരനായ ബെഞ്ചമിൻ നെതന്യാഹുവിന് സ്വന്തം സഖ്യകക്ഷികളിൽ നിന്നുള്ള കടുത്ത സമ്മർദമാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം.
അൾട്രാ-ഓർത്തഡോക്സ് (യഹൂദ മതമൗലികവാദി) വിഭാഗത്തിലെ യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് സ്ഥിരമായ ഇളവ് നൽകുന്ന നിയമം പാസാക്കാമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇതേത്തുടർന്ന് നെതന്യാഹുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ച് സഖ്യകക്ഷികളായ 'ഷാസ്, 'യുണൈറ്റഡ് തോറ ജൂഡായിസം' എന്നീ പാർട്ടികൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഒരുങ്ങുകയും പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ലിനെ അനുകൂലിക്കുകയുമായിരുന്നു.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലെ ഇസ്രയേലിനോടു ചേർന്ന ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമമായ ഡെബേലിൽ ഇസ്രേലി സൈനികൻ യേശുക്രിസ്തുവിന്റെ തിരുസ്വരൂപം തകർത്തതു വിവാദമായി.
ഇതിന്റെ ചിത്രങ്ങൾ പ്രചരിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാൻ ഇസ്രയേൽ സൈന്യം തീരുമാനിക്കുകയും തിരുസ്വരൂപം തകർത്തതു തങ്ങളുടെ സൈനികൻതന്നെയാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.
പ്രാഥമിക പരിശോധനയിൽ ലബനനിൽ പ്രവർത്തിക്കുന്ന ഇസ്രേലി സൈനികനാണു ചിത്രത്തിലുള്ളതെന്ന് വ്യക്തമായതായും സംഭവത്തെ വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നും സൈനികന്റെ പ്രവൃത്തി തങ്ങളുടെ മൂല്യങ്ങൾക്കു വിപരീതമാണെന്നും ഇസ്രയേൽ പ്രതിരോധ സേന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
നിലവിൽ നോർത്തേൺ കമാൻഡ് സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും കുറ്റകൃത്യത്തിന്റെ ഭാഗമായവർക്കെതിരേ തക്കതായ ശിക്ഷാനടപടിയുണ്ടാകുമെന്നും ഐഡിഎഫ് പ്രതികരിച്ചു.
സംഭവം തന്നെ അമ്പരപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തുവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. “ഈ പ്രവൃത്തിയെ ഞാൻ ശക്തമായി അപലപിക്കുന്നു.
സൈനിക അധികാരികൾ ഈ വിഷയത്തിൽ അന്വേഷണം നടത്തുകയും കുറ്റവാളിക്കെതിരേ ഉചിതമായ കഠിനമായ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്യും”-നെതന്യാഹു സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. വിദേശകാര്യ മന്ത്രി ഗിഡിയൻ സാറും സംഭവത്തെ അപലപിച്ചു.
“ഗുരുതരവും അപമാനകരവുമായ കുറ്റകൃത്യമാണിത്. ഈ ലജ്ജാകരമായ നടപടി നമ്മുടെ മൂല്യങ്ങൾക്ക് പൂർണമായും വിരുദ്ധമാണ്. ക്രൈസ്തവരോട് മാപ്പു ചോദിക്കുന്നു’’- വിദേശകാര്യമന്ത്രി എക്സിൽ പറഞ്ഞു.
സൈനികന്റെ നടപടി ഏറെ അസ്വസ്ഥതയുളവാക്കുന്നതും വേദനാജനകവുമാണെന്ന് പ്രമുഖ യഹൂദ റാബി ഡോ. കെന്നെത്ത് ബ്രാൻഡർ പറഞ്ഞു. ഇത്തരം അവഹേളന പ്രവർത്തനങ്ങൾ ഇസ്രേലി സേനയുടെ ആദർശങ്ങൾക്കും യഹൂദമതത്തിന്റെ മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാക്ക്ഹാമർ ഉപയോഗിച്ച് ഒരു സൈനികൻ ക്രൂശിതരൂപം തകർക്കുന്ന ചിത്രം പലസ്തീൻ മാധ്യമപ്രവർത്തകനായ യൂനിസ് തിരവിയാണ് എക്സിലൂടെ പങ്കുവച്ചത്. ഇത് സമൂഹമാധ്യമങ്ങളില് അതിവേഗം ചര്ച്ചയാകുകയായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളിൽനിന്നുപോലും കടുത്ത വിമർശനം ഉയർന്നിരുന്നു.
ലബനനിൽ ആരംഭിച്ച യുദ്ധത്തിനുശേഷം ഡെബേൽ ഗ്രാമത്തിന്റെ നിയന്ത്രണം ഇസ്രേലി സൈന്യം പിടിച്ചെടുത്തിരുന്നു.
International
ഇസ്ലാമാബാദ്: യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനിടെ ഇസ്രയേൽ ലബനനെ ആക്രമിച്ചതിൽ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്.
ഇസ്രായേൽ തിന്മയാണെന്നും മനുഷ്യത്വത്തിന്മേലുള്ള ശാപമാണെന്നും ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതിൽ മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി.
"ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ, ലെബനനിൽ വംശഹത്യ നടക്കുന്നു. നിരപരാധികളായ പൗരന്മാരെ ഇസ്രയേൽ കൊല്ലുന്നു. ആദ്യം ഗാസ, പിന്നീട് ഇറാൻ, ഇപ്പോൾ ലബനൻ, രക്തച്ചൊരിച്ചിൽ തടസമില്ലാതെ തുടരുന്നു. യൂറോപ്യൻ ജൂതന്മാരെ ഇല്ലാതാക്കാൻ പലസ്തീൻ മണ്ണിൽ ഈ കാൻസർ രാഷ്ട്രം സൃഷ്ടിച്ച ആളുകൾ നരകത്തിൽ എരിയുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.' ഖ്വാജ ആസിഫ് എക്സിൽ കുറിച്ചു.
അതേസമയം, ഇസ്രയേലിനെ ഉന്മൂലനം ചെയ്യണമെന്ന പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അതിക്രൂരമാണ് എന്ന് നെതന്യാഹു പ്രതികരിച്ചു.
"ഒരു സർക്കാരിൽ നിന്നും, പ്രത്യേകിച്ച് സമാധാനത്തിനായുള്ള നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിൽ നിന്നും അംഗീകരിക്കാനാകുന്ന ഒരു പ്രസ്താവനയല്ല ഇത്.'- നെതന്യാഹുവിന്റെ ഓഫീസ് എക്സിൽ കുറിച്ചു.
International
ടെഹ്റൻ: ഇറാനുമായുള്ള വെടിനിർത്തലിനെ ശക്തമായി വിമർശിച്ച് ഇസ്രയേൽ പ്രതിപക്ഷ നേതാക്കൾ. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
"നമ്മുടെ ചരിത്രത്തിൽ ഇതുപോലൊരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ല. നമ്മുടെ ദേശീയ സുരക്ഷയുടെ കാതലായ കാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ ഇസ്രായേൽ മേശയുടെ അടുത്തുപോലും ഉണ്ടായിരുന്നില്ല.'-ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് എക്സിൽ കുറിച്ചു.
"ആവശ്യപ്പെട്ടതെല്ലാം സൈന്യം നടപ്പിലാക്കി, പൊതുജനങ്ങൾ പ്രതിരോധശേഷി കാണിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു, തന്ത്രപരമായി പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ല'. - യെയർ ലാപിഡ് വ്യക്തമാക്കി.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി നിർവീര്യമാക്കണമെന്നും ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യണമെന്നും ടെഹ്റാന്റെ പ്രാദേശിക സ്വാധീനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഹങ്കാരം, അശ്രദ്ധ, ആസൂത്രണത്തിന്റെ അഭാവം എന്നിവ മൂലം നെതന്യാഹു വരുത്തിയ രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് വർഷങ്ങളെടുക്കുമെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനു നേരെയുണ്ടായ ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. എന്നാൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരെ ലെബനനിൽ നടക്കുന്ന പോരാട്ടം വെടിനിർത്തലിൽ ഉൾപ്പെടില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
International
ടെൽ അവീവ്: ഇറാനുമായി അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇസ്രയേൽ. ചർച്ചകളുടെ അവസാന ഘട്ടം വരെ സുപ്രധാന വിവരങ്ങൾ അമേരിക്ക തങ്ങളിൽ നിന്ന് മറച്ചുവെച്ചെന്ന് ഇസ്രയേൽ ഉന്നത വൃത്തങ്ങൾ ആരോപിച്ചു.
ഇറാനുമായി ഇത്തരമൊരു ധാരണയിലെത്തുന്ന വിവരം അമേരിക്കൻ ഭരണകൂടം ഇസ്രയേലിനെ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. കരാർ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ഇസ്രയേലിന് ഇതിനെക്കുറിച്ച് സൂചന ലഭിച്ചത്.
മേഖലയിലെ തങ്ങളുടെ സുരക്ഷാ താത്പര്യങ്ങൾ പരിഗണിക്കാതെയാണ് ട്രംപ് ഭരണകൂടം ഇറാനുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന നിലപാടിലാണ് ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായി വെടിനിർത്തൽ ഉണ്ടായെങ്കിലും ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരായ ആക്രമണം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിലേക്ക് ഇറാനെ നയിച്ചത്.
International
ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തലിനെ പിന്തുണച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് ഇസ്രേലി പ്രതിപക്ഷം.
വെടിനിർത്തൽ ഇസ്രയേലിനൊരു രാഷ്ട്രീയ ദുരന്തമാണെന്ന് പ്രതിപക്ഷനേതാവ് യയ്ർ ലാപിഡ് ആരോപിച്ചു. ഇസ്രയേലിന്റെ ദേശീയ സുരക്ഷ സംബന്ധിച്ച കാതലായ തീരുമാനമെടുക്കുമ്പോൾ നമ്മൾ ചർച്ചാമേശയിൽപോലുമുണ്ടായിരുന്നില്ല.
സൈന്യം ആവശ്യപ്പെട്ടതെല്ലാം ചെയ്തു. പൊതുജനങ്ങൾ അവിശ്വസനീയമായ ധീരത പ്രകടിപ്പിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായും തന്ത്രപരമായും പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ കൃത്യമായ നിലപാടെടുക്കാത്തതിലും രാജ്യത്തെ ഊർജ പ്രതിസന്ധിക്കു കാരണമായ വിദേശനയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രധാനമന്ത്രി മോദി കീഴടങ്ങിയെന്നു കോണ്ഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേര കുറ്റപ്പെടുത്തി.
ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യ മുന്പ് ചെയ്തതുപോലെ മോദി ധൈര്യം കാണിക്കുകയും ധാർമിക നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ രാജ്യം ഇന്ന് ഊർജ പ്രതിസന്ധി നേരിടില്ലായിരുന്നുവെന്ന് പവൻ ഖേര പറഞ്ഞു.
രാജ്യത്തുടനീളമുള്ള 60 ശതമാനം വീടുകളും എൽപിജി ക്ഷാമം നേരിടുന്നതും 14.2 കിലോഗ്രാം സിലിണ്ടറിൽ 10 കിലോഗ്രാം ഗ്യാസ് മാത്രം വിതരണം ചെയ്യുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നതും കോണ്ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയെ "മോദി നിർമിത ദുരന്തം’ എന്നു വിശേഷിപ്പിച്ച പവൻ ഖേര, എൽപിജി പ്രതിസന്ധിയിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും നയതന്ത്രപരമായ ഒരു പദ്ധതിയുമില്ലെന്നും കുറ്റപ്പെടുത്തി.
ബ്രിക്സിന്റെ അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെപ്പോലെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് പവൻ പറഞ്ഞു. എന്നാൽ മോദിക്ക് നേരെ നിൽക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം വിട്ടുവീഴ്ച ചെയ്തെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് വഴി റഷ്യയ്ക്കും ചൈനയ്ക്കും സ്വതന്ത്രമായ പ്രവേശനമുണ്ടെന്ന് കോണ്ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി. ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിനായി ഇറാനുമായി ചർച്ച നടത്തുന്നുണ്ടെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ശരിയായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഹോർമുസ് കടലിടുക്ക് ഇന്ത്യക്കും തുറന്നുകൊടുക്കുമായിരുന്നുവെന്നും ഇറാന് അനുകൂലമായി നിലപാട് സ്വീകരിക്കാൻ തന്റെ പാർട്ടി ഒരിക്കലും മോദിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യ എല്ലാ കാലത്തും നിലകൊണ്ടിട്ടുള്ള സ്വതന്ത്രവും ധാർമികവുമായ നിലപാട് സ്വീകരിക്കണമെന്ന് മാത്രമാണ് കോണ്ഗ്രസ് ആഗ്രഹിച്ചതെന്നും പവൻ ഖേര വ്യക്തമാക്കി.
International
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുവേദികളിൽ കാണാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതെളിക്കുന്നു. ഏറ്റവും നിർണായകമായ ഏഴ് ക്യാബിനറ്റ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തില്ലെന്ന റിപ്പോർട്ടുകളാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ, കഴിഞ്ഞ ഏഴ് പ്രധാന ക്യാബിനറ്റ് മീറ്റിംഗുകളിലും നെതന്യാഹുവിന്റെ അസാന്നിധ്യം പ്രകടമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിടുന്ന വീഡിയോകൾ കൃത്രിമമായി നിർമിച്ചതാണെന്ന ആക്ഷേപവും ശക്തമാണ്. ഒരു കോഫി ഷോപ്പിൽ ഇരിക്കുന്ന വീഡിയോയിൽ അദ്ദേഹത്തിന്റെ കൈകളിൽ ആറ് വിരലുകൾ കണ്ടതും പിന്നീട് വന്ന വീഡിയോകളിൽ വിരിലിലെ മോതിരം അപ്രത്യക്ഷമാകുന്നതുമെല്ലാം അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നുണ്ട്.
ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ നെതന്യാഹു കൊല്ലപ്പെട്ടുവെന്നോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നോ ഉള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. ഇതെല്ലാം ഇസ്രായേൽ ഔദ്യോഗികമായി തള്ളിക്കളയുന്നുണ്ടെങ്കിലും, നെതന്യാഹു നേരിട്ട് പൊതുവേദികളിൽ വരാത്തത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
International
ടെൽ അവീവ്: ലാരിജാനി ഉൾപ്പെടെയുള്ള ഇറാനിലെ ഉന്നത നേതാക്കളുടെ മരണവാർത്തകൾക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ ചിത്രം. ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാൻ നെതന്യാഹു നേരിട്ട് ഉത്തരവിടുന്ന രീതിയിലുള്ള ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. അതീവ സുരക്ഷയുള്ള ഒരു കൺട്രോൾ റൂമിലിരുന്ന് ഇറാൻ നേതാക്കളുടെ ചിത്രങ്ങൾക്ക് നേരെ നെതന്യാഹു ആജ്ഞാപിക്കുന്ന രീതിയിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്ന പശ്ചാത്തലത്തിൽ ഈ ചിത്രം ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കുവെച്ചത്. ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയും ബസിജ് സേനാ തലവനും കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ ചിത്രം പുറത്തുവന്നത്. ഇസ്രയേലിന്റെ സൈനിക കരുത്ത് കാണിക്കാനായി ആരോ നിർമ്മിച്ച ചിത്രമാണിതെന്നും ആക്ഷേപമുണ്ട്. സൈനിക നീക്കങ്ങൾ ഇത്തരത്തിൽ പരസ്യമായി ചിത്രീകരിക്കാറില്ലെന്നും വിദഗ്ധർ പറയുന്നു.
International
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റേതായി പുറത്തുവന്ന പുതിയ വീഡിയോയ്ക്കെതിരേയും ആരോപണങ്ങളുമായി എതിരാളികൾ. താൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തള്ളാൻ അദ്ദേഹം പങ്കുവച്ച വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ച 'ഡീപ്ഫേക്ക്' ആണെന്ന ആരോപണമാണ് ഇപ്പോൾ എതിരാളികൾ ഉയർത്തുന്നത്.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള 'എക്സ്' പ്ലാറ്റ്ഫോമിലെ എഐ ചാറ്റ്ബോട്ടായ 'ഗ്രോക്ക്' തന്നെ ഈ വീഡിയോ വ്യാജമാണെന്ന് പ്രഖ്യാപിച്ചതാണ് ഇസ്രയേലിനെ വെട്ടിലാക്കിയത്. "ഇതൊരു 100% ഡീപ്ഫേക്ക് വീഡിയോയാണെന്നും നെതന്യാഹു ഒരു കഫേയിലിരുന്ന് ഇറാൻ-ലെബനൻ സൈനിക നീക്കങ്ങളെക്കുറിച്ച് സംസാരിക്കുന്ന യഥാർഥ സംഭവം നടന്നിട്ടില്ലെന്നും ഗ്രോക്ക് പ്രതികരിച്ചു.
മുമ്പ് പുറത്തുവന്ന ഒരു വീഡിയോയിൽ നെതന്യാഹുവിന് ആറ് വിരലുകൾ ഉള്ളതായി കാണപ്പെട്ടത് എഐ പിശകാണെന്നും അദ്ദേഹം മരിച്ചുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയായി പുതിയ വീഡിയോയിൽ അദ്ദേഹം തന്റെ പത്ത് വിരലുകളും ക്യാമറയ്ക്കു മുന്നിൽ കാണിക്കുന്നുണ്ട്.
എന്നാൽ വീഡിയോയിൽ നെതന്യാഹു താഴേക്കു നോക്കുമ്പോൾ മുഖത്തിന്റെ ആകൃതി മാറുന്നതും പശ്ചാത്തലത്തിലുള്ള ആളുകളുടെ രൂപത്തിലെ അവ്യക്തതയുമാണ് ഡീപ്ഫേക്ക് ആരോപണത്തിനു പിന്നിൽ. എന്നാൽ, ജറുസലേമിലെ 'സതാഫ്' എന്ന കഫേ നെതന്യാഹു അവിടെ വന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇതു വീഡിയോ യഥാർത്ഥമാണെന്ന വാദത്തിന് ബലമേകുന്നു.
International
ടെൽ അവീവ്: താൻ മിസൈലാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന ഇറാന്റെയും ഇറാൻ അനുകൂല സമൂഹമാധ്യമങ്ങളുടെയും പ്രചാരണങ്ങൾക്കിടെ വീഡിയോസന്ദേശവുമായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. എക്സിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഒരു കഫേയിൽ നെതന്യാഹു കാപ്പിക്ക് ഓർഡർ നൽകുന്നതും കാപ്പി കുടിക്കുന്നതിനിടെ തനിക്കെതിരായ കിംവദന്തികളെക്കുറിച്ച് തമാശ പറയുന്നതും കാണാം. നെതന്യാഹു തന്റെ രണ്ടു കൈകളും ഉയർത്തി കാമറയിലേക്ക് വിരലുകൾ കാണിക്കുകയും ചെയ്യുന്നുണ്ട്.
നെതന്യാഹുവിന്റെ കഴിഞ്ഞ വ്യാഴാഴ്ചത്തെ പത്രസമ്മേളനത്തിലെ ദൃശ്യങ്ങളിൽ ഒരു കൈയിൽ ആറു വിരലുകൾ വീതമുള്ളതായി കാണിച്ചിട്ടുണ്ടെന്നും ഇത് എഐ ഉപയോഗിച്ചു സൃഷ്ടിച്ചതാണെന്നും ഇറാൻ അനുകൂല സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഇതേക്കുറിച്ചു സൂചിപ്പിക്കവേ, “എന്റെ വിരലുകൾ എണ്ണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? കണ്ടോ? വളരെ നന്നായി” എന്നും നെതന്യാഹു പറയുന്നത് വീഡിയോയിലുണ്ട്.
ഇസ്രയേൽ പൗരന്മാർക്കുള്ള തന്റെ സന്ദേശത്തിൽ പുറത്തുപോയി കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്നും പക്ഷേ ഒരു സുരക്ഷിതസ്ഥലത്തിനടുത്തുതന്നെ വേണമെന്നും നെതന്യാഹു നിർദേശിക്കുന്നുണ്ട്. “നിങ്ങളുടെ പ്രതിരോധശേഷി അദ്ഭുതകരമാണ്. അത് എനിക്കും സർക്കാരിനും ഐഡിഎഫിനും മൊസാദിനും ശക്തി നൽകുന്നു. എനിക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നു. ഈ നിമിഷം, പക്ഷേ ഇന്നും ഞങ്ങൾ ഇറാനെ വളരെ ശക്തമായി ആക്രമിക്കുന്നു. നിങ്ങൾ എന്നോട് മുന്നോട്ടുപോകാനാണോ പറയുന്നത്? ഞാൻ എല്ലാവരോടും പറയുന്നു: നിങ്ങളും മുന്നോട്ടുപോകൂ.”-നെതന്യാഹു പറഞ്ഞു.
International
ജറൂസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാർത്തകൾ വ്യാജ വാർത്തകൾ ആണെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസമായി നെതന്യാഹു പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനെത്തുടർന്നാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ഇറാൻ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ജറുസലമിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നും ഇതിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുമായിരുന്നു പ്രചാരണം.
അഭ്യൂഹങ്ങൾ ശക്തമായതോടെ, മിസൈൽ ആക്രമണം നടന്ന ബെയ്റ്റ് ഷെമേഷ് പ്രദേശം സന്ദർശിക്കുന്ന നെതന്യാഹുവിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു. താൻ സുരക്ഷിതനാണെന്നും യുദ്ധം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം അവിടെ വെച്ച് പ്രഖ്യാപിച്ചു.
നെതന്യാഹുവിന്റെ സഹോദരൻ ഇദ്ദോ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വാർത്തയും ഇസ്രയേൽ നിഷേധിച്ചു. ഇറാൻ തങ്ങളുടെ സൈനിക നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടാൻ നടത്തുന്ന പ്രൊപ്പഗണ്ടയുടെ ഭാഗമാണിതെന്ന് ഇസ്രായേൽ ആരോപിച്ചു.
International
ജറുസലെം: ഭീകര സംഘടനയിലെ ഒരു നേതാക്കൾക്കായും താൻ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
മുജ്തബ ഖമനയ്യെയും ഹിസ്ബുള്ള തലവൻ നയിം ഖാസിമിനെയും ഇസ്രയേൽ ലക്ഷ്യമിടുന്നുണ്ടോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരായ യുദ്ധം പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണെന്നും ഇസ്രയേൽ എന്നത്തേക്കാളും ശക്തമാണെന്നും നെതന്യാഹു പറഞ്ഞു. ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കം ചെയ്യാനുള്ള സാഹചര്യങ്ങൾ ഇറാൻ ജനയ്ക്കായി സൃഷ്ടിക്കുന്നതിനാണ് യുഎസും ഇസ്രയേലും പ്രവർത്തിക്കുന്നത്.
ഇറാനിൽ ഭരണമാറ്റം കൊണ്ടുവരാൻ ഇസ്രയേൽ ശ്രമിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, “നിങ്ങൾക്ക് ഒരാളെ വെള്ളത്തിലേക്കു നയിക്കാൻ കഴിയും, എന്നാൽ കുടിപ്പിക്കാൻ കഴിയില്ലെ”ന്നായിരുന്നു മറുപടി.
ഇറാനിൽ കരയുദ്ധത്തിനു സാധ്യതയില്ലെന്ന സൂചനയാണ് നെതന്യാഹു നൽകിയിരിക്കുന്നതെന്നാണു കരുതുന്നത്. ഇനി മുതൽ അതേ ഇറാനും അതേ പശ്ചിമേഷ്യയും അതേ ഇസ്രയേലുമായിരിക്കില്ലെന്ന് യുദ്ധം ഉറപ്പാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
“അമേരിക്കയുമായി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലുള്ള സഖ്യം സൃഷ്ടിച്ചിട്ടുണ്ട്. ട്രംപും ഞാനും വ്യക്തിപരമായി വലിയ സുഹൃത്തുക്കളാണ്. മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ സംസാരിക്കുന്നു. ആശയങ്ങളും ഉപദേശങ്ങളും കൈമാറുന്നു. ഒരുമിച്ച് തീരുമാനങ്ങളെടുക്കുന്നു”-നെതന്യാഹു പറഞ്ഞു.
International
ടെൽ അവീവ്: ഇറാന്റെ പുതിയ പരമാധികാരിയായി ചുമതലയേറ്റ മൊജ്തബ ഖമനയ്യെ പരിഹസിച്ചും കടുത്ത മുന്നറിയിപ്പ് നൽകിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ മുൻ പരമാധികാരി ആയത്തുള്ള അലി ഖമനയ്യുടെ മകനായ മൊജ്തബ വെറുമൊരു "പാവ" മാത്രമാണെന്ന് നെതന്യാഹു പരിഹസിച്ചു.
"പുതിയ ഭരണാധികാരിക്ക് ലൈഫ് ഇൻഷുറൻസ് പോളിസി ഒന്നുമില്ല" എന്നായിരുന്നു നെതന്യാഹുവിന്റെ വിവാദപരമായ പരാമർശം. ഇസ്രയേലിനെതിരെയുള്ള നീക്കങ്ങൾ തുടർന്നാൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയും നെതന്യാഹു മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ മൊജ്തബ ഖമനയ്ക്ക് ഗുരുതരമായ പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്.
International
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള പോരാട്ടത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വൈറ്റ് ഹൗസ് സന്ദർശനങ്ങൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ആറിലധികം തവണയാണ് നെതന്യാഹു ഔദ്യോഗികമായി വാഷിംഗ്ടണിലെത്തിയത്. ലോകത്തെ മറ്റൊരു ഭരണാധികാരിക്കും ലഭിക്കാത്ത ഈ പ്രത്യേക പരിഗണന, മിഡിൽ ഈസ്റ്റിലെ യുദ്ധഭൂപടം മാറ്റിവരയ്ക്കുന്നതിൽ നിർണായകമായി.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കുന്നതിനും മേഖലയിലെ ഇറാന്റെ സ്വാധീനം ഇല്ലാതാക്കുന്നതിനും അമേരിക്ക നേരിട്ട് യുദ്ധത്തിലിറങ്ങണമെന്ന് നെതന്യാഹു നിരന്തരം ആവശ്യപ്പെട്ടിരുന്നു. ട്രംപുമായുള്ള ഓരോ കൂടിക്കാഴ്ചയും ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിൽ ഏറ്റവും കൂടുതൽ തവണ താമസിച്ച വിദേശ നേതാവെന്ന റെക്കോർഡ് നെതന്യാഹു സ്വന്തമാക്കി (ആകെ 14 തവണ).
ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ റെക്കോർഡ് തകർത്ത്, അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ നാല് തവണ അഭിസംബോധന ചെയ്ത ഏക വിദേശ നേതാവായും നെതന്യാഹു മാറി. ട്രംപ് ഭരണകൂടത്തിൽ നിന്ന് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കിയ നെതന്യാഹു, ഇറാനെതിരെയുള്ള സംയുക്ത സൈനികാഭ്യാസങ്ങൾക്കും തുടക്കമിട്ടു.
ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം തടസപ്പെട്ടതും ഇന്ധന പ്രതിസന്ധിയും നിലനിൽക്കെ, നെതന്യാഹുവിന്റെ ഈ യാത്രകൾ ഒരു വലിയ ആഗോള യുദ്ധത്തിന്റെ മുന്നൊരുക്കമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.
National
ന്യൂഡൽഹി: ഇറാനിലും പശ്ചിമേഷ്യയിലും നിലനിൽക്കുന്ന ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിൽ മോദി സർക്കാർ പുലർത്തുന്ന 'മൗനം' രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കോൺഗ്രസ്. ഇറാനിലെ പരമോന്നത നേതാവിന്റെ വധത്തെത്തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ ഇന്ത്യ കൃത്യമായ നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.
ആഗോളതലത്തിൽ വലിയ സ്വാധീനമുള്ള രാജ്യമെന്ന് അവകാശപ്പെടുമ്പോഴും, അയൽപക്കത്തെ നിർണായകമായ പ്രതിസന്ധിയിൽ പ്രതികരിക്കാൻ സർക്കാർ തയ്യാറാകാത്തത് നയതന്ത്ര പരാജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആരോപിച്ചു. ഇറാനിലെ അസ്ഥിരത ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കുമെന്നും പശ്ചിമേഷ്യയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
ഇന്ത്യ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള ഇറാനിലെ ചാബഹാർ തുറമുഖ പദ്ധതിയുടെ ഭാവി ഈ സംഘർഷത്തോടെ ആശങ്കയിലായിരിക്കുകയാണ്. ഇത്തരം തന്ത്രപ്രധാനമായ ആസ്തികൾ സംരക്ഷിക്കാൻ സർക്കാരിന് എന്ത് പദ്ധതിയാണുള്ളതെന്നും പ്രതിപക്ഷം ചോദിച്ചു. അതേസമയം, പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും, ഒരു പക്ഷം പിടിക്കാതെ തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിർത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നുമാണ് സർക്കാരിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്.
International
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസും ഇസ്രയേൽ സൈന്യത്തിന്റെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഐആർജിസി അവകാശപ്പെട്ടു.
"സയണിസ്റ്റ് ഭരണകൂടത്തിലെ ക്രിമിനൽ പ്രധാനമന്ത്രിയുടെ ഓഫീസും ഭരണകൂടത്തിന്റെ വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും ലക്ഷ്യമിട്ടു'. ഐആർജിസി വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
ഖൈബാർ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് ഐആർജിസി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ജറുസലേമിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഇറാൻ മിസൈലുകൾ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മധ്യ ടെഹ്റാനിൽ വ്യാപക ആക്രമണം ആരംഭിച്ചുവെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. ഇറാൻ സർക്കാരിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
International
ടെൽ അവീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നിൽ ഇന്ത്യൻ വേഷം അണിഞ്ഞെത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. പാശ്ചാത്യ ശൈലിയിലുള്ള തന്റെ പതിവ് വസ്ത്രധാരണം മാറ്റി വെച്ച്, ഇന്ത്യൻ കുർത്തയും ജാക്കറ്റും ധരിച്ചാണ് നെതന്യാഹു തന്റെ സുഹൃത്തായ മോദിയെ സ്വീകരിച്ചത്.
അത്താഴവിരുന്നിന് മുൻപ് എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ സർപ്രൈസ് എന്ന അടിക്കുറിപ്പോടയാണ് നെതന്യാഹു ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. നെതന്യാഹു ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് അത്താഴ വിരുന്നിന് എത്തിയതിനെ നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ഇന്ത്യൻ വസ്ത്രങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രിയം ഇന്ത്യൻ സംസ്കാരത്തോടും മൂല്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
ഇസ്രായേൽ പാർലമെന്റിന്റെ പ്രത്യേക പ്ലീനറി സെഷനെ അഭിസംബോധന ചെയ്തുള്ള മോദിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു അത്താഴ വിരുന്നു. ബുധനാഴ്ച ഇന്ത്യന് സമയം വൈകിട്ട് നാല് മണിയോട് കൂടി ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പിന്നാലെ ഇസ്രായേൽ പാർലമെന്റിൽ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു.
International
ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വേറിട്ട രീതിയിൽ സ്വാഗതം പറഞ്ഞ് ഇസ്രേലി പത്രമായ 'ദി ജറുസലേം പോസ്റ്റ്. പത്രത്തിന്റെ മുൻപേജിൽ 'നമസ്തേ' എന്ന് വലിയ അക്ഷരത്തിൽ കുറിച്ചുകൊണ്ടാണ് മോദിയെ ഇസ്രായേൽ മാധ്യമങ്ങൾ വരവേറ്റത്. 2017-ന് ശേഷം ഇസ്രേലിലെത്തുന്ന മോദിയുടെ സന്ദർശനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പത്രം ഇത്തരമൊരു പ്രത്യേക കവർ പേജ് തയ്യാറാക്കിയത്.
പത്രത്തിന്റെ എഡിറ്റർ-ഇൻ-ചീഫ് സവിക ക്ലീൻ ആണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചത്. സന്ദർശന വേളയിൽ ഇസ്രേൽ പാർലമെന്റിനെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം.ഇന്ത്യൻ സമയം ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ മോദി ഇസ്രേലിലെത്തും.
ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തുന്ന ചർച്ചയിൽ പ്രതിരോധം, സാങ്കേതിക വിദ്യ, മേഖലയിലെ സമാധാനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഇന്ത്യയും ഇസ്രേലും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതാകും സന്ദർശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രിക്ക് മികച്ച വരവേൽപ്പ് നൽകാൻ ഇന്ത്യൻ പ്രവാസികളും ഇസ്രേൽ സർക്കാരും വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്.
International
ടെൽ അവീവ്: ആഗോള ഭീകരവാദത്തെ നേരിടാൻ പുതിയ ഭൗമരാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഹെക്സഗൺ സഖ്യം' എന്ന് പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മയിൽ ഇന്ത്യയെ ഒരു സുപ്രധാന പങ്കാളിയായാണ് ഇസ്രായേൽ അടയാളപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
ഭീകരതയ്ക്കെതിരായ ഈ പോരാട്ടത്തിൽ ഇന്ത്യ, ഇസ്രേൽ, ഗ്രീസ്, സൈപ്രസ് എന്നീ നാല് രാജ്യങ്ങളാണ് സഖ്യത്തിന്റെ നെടുംതൂണുകൾ. ഭാവിയിൽ കൂടുതൽ അറബ്, ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളെ ഈ സഖ്യത്തിന്റെ ഭാഗമാക്കാനാണ് ഇസ്രേൽ ലക്ഷ്യമിടുന്നത്. സുരക്ഷ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, പ്രതിരോധം എന്നീ മേഖലകളിൽ അതിശക്തമായ സഹകരണം ഉറപ്പാക്കുകയാണ് സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്നും നാളെയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രേൽ സന്ദർശിക്കും. ഇസ്രേലും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഇസ്രേൽ സന്ദർശനം. ഇസ്രേലുമായുള്ള തന്ത്രപ്രധാന പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളും പുതിയ കരാറുകളിൽ ഒപ്പിട്ടേക്കും. പ്രതിരോധത്തിന് പുറമേ കൃഷി, ജലസംരക്ഷണം, ശാസ്ത്ര സാങ്കേതിക വിദ്യ, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലും സഹകരണം വർധിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.
International
ജറുസലെം: ഇന്ത്യയെ വൻശക്തിയെന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അടുത്തയാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ പരാമർശിക്കുന്നതിനിടെയാണ് നെതന്യാഹു ഇന്ത്യയെ വൻശക്തിയെന്ന് വിശേഷിപ്പിച്ചത്. ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടിയെടുക്കും. അടുത്തയാഴ്ച, ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നുണ്ട്-നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അമേരിക്കൻ ജൂത സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ മോദിയുടെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ച് നെതന്യാഹു പറഞ്ഞിരുന്നു.
ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സഖ്യം സംബന്ധിച്ചും എല്ലാത്തരം സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്യാൻ പോകുകയാണ്. ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. 1.4 ബില്യൺ ജനങ്ങളുണ്ട്. ഇന്ത്യ വളരെയധികം ശക്തമായ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
25ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇസ്രയേലിലേക്കുപോകും. അദ്ദേഹം ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കും. നെതന്യാഹുവുമായും ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും.
International
വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഡൊണാൾഡ് ട്രംപും തമ്മിൽ വാഷിംഗ്ടണിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാനുമായുള്ള ആണവ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കെയാണ് ഈ കൂടിക്കാഴ്ച എന്നത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണ്.
ഇറാനുമായുള്ള നിലവിലെ ചർച്ചകളെക്കുറിച്ചും, നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സ്വീകരിക്കേണ്ട സൈനിക നടപടികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യും. ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയാനുള്ള സംയുക്ത തന്ത്രങ്ങൾ രൂപീകരിക്കുകയാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വീകരിക്കുന്ന നിലപാടുകളും ഇറാൻ വിഷയത്തിൽ പ്രസിഡന്റ് ട്രംപിന്റെ പുതിയ കാഴ്ചപ്പാടുകളും ചർച്ചയാകും. ലെബനൻ, ഗാസ എന്നിവിടങ്ങളിലെ നിലവിലെ സാഹചര്യങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ ഭീഷണികളും കൂടിക്കാഴ്ചയിൽ വിഷയമാകും.
International
ടെൽ അവീവ്: ആണവവിഷയത്തിൽ ഇറാനും യുഎസും ചർച്ച പുനരാരംഭിച്ചതിനു പിന്നാലെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി പ്രസിഡന്റ് ട്രംപിനെ കാണുന്നു. ബുധനാഴ്ച കൂടിക്കാഴ്ച നടക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി, പശ്ചിമേഷ്യയിൽ സായുധസംഘങ്ങളെ വളർത്തൽ എന്നീ വിഷയങ്ങളും ആണവചർച്ചയുടെ അജൻഡയിൽ ഉൾപ്പെടുത്തണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യമെന്നും കൂട്ടിച്ചേർത്തു.
International
ജറുസലേം: 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അൽ അഖ്സ കടന്നാക്രമണത്തെ'ചൊല്ലി ഇസ്രായേൽ രാഷ്ട്രീയത്തിൽ തർക്കം മുറുകുന്നു. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടത് കേവലം ഒരു രഹസ്യാന്വേഷണ വീഴ്ച മാത്രമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെടുമ്പോൾ, കൃത്യമായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും പ്രധാനമന്ത്രി അവ അവഗണിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ആരോപിച്ചു.
പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരായ നെതന്യാഹു, ഹമാസ് ഇത്രയും വലിയൊരു ആക്രമണം നടത്താൻ പോകുന്നുവെന്ന വിവരം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് ആവർത്തിച്ചു. "ഇതൊരു ഗുരുതരമായ രഹസ്യാന്വേഷണ വീഴ്ചയാണ്, പക്ഷേ വഞ്ചനയല്ല," എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ പത്ത് വർഷത്തെ സുരക്ഷാ രേഖകൾ നിരത്തിക്കൊണ്ട്, അന്നത്തെ രഹസ്യാന്വേഷണ ഏജൻസികളെല്ലാം ഹമാസിനെ ഒരു വലിയ ഭീഷണിയായി കണ്ടിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഈ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്ക് മേൽ മാത്രം കെട്ടിവെക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ നെതന്യാഹുവിന്റെ വിശദീകരണത്തെ "മാധ്യമ സർക്കസ്" എന്നാണ് യെയർ ലാപിഡ് വിശേഷിപ്പിച്ചത്. ഹമാസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് താനുൾപ്പെടെയുള്ളവർ മാസങ്ങൾക്ക് മുൻപ് തന്നെ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു.
2023 സെപ്റ്റംബറിൽ രാജ്യം വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് താൻ പരസ്യമായി പറഞ്ഞിട്ടും പ്രധാനമന്ത്രി സുരക്ഷാ ഏജൻസികളുമായി സഹകരിക്കാനോ മുൻകരുതൽ എടുക്കാനോ തയ്യാറായില്ല. രഹസ്യാന്വേഷണ ഏജൻസികളെ പഴിചാരി നെതന്യാഹു സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും ലാപിഡ് കുറ്റപ്പെടുത്തി.
ഹമാസ് 'അൽ അഖ്സ പ്രളയം' എന്ന് വിളിച്ച ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 1,200-ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ഗാസയിൽ അതിശക്തമായ യുദ്ധം ആരംഭിച്ചത്. ഈ പരാജയത്തെക്കുറിച്ച് ഒരു സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഇസ്രായേൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്.
International
വാഷിംഗ്ടൺ: ഇറാനെതിരേ ആക്രമണം നടത്താതെ അമേരിക്ക പിൻവലിഞ്ഞത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അഭ്യർഥനയെത്തുടർന്നെന്ന് റിപ്പോർട്ട്.
യുദ്ധം നേരിടാൻ ഇസ്രയേൽ പൂർണമായും സജ്ജമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നെതന്യാഹുവിന്റെ അഭ്യർഥന. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ മേഖലയിൽ ഇസ്രയേൽ ആശ്രയിച്ചിരുന്ന അമേരിക്കൻ സൈനികരുടെ അഭാവമാണ് പ്രധാന കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇറാനിൽനിന്ന് ആക്രമണമുണ്ടായാൽ തടയാൻ ഒരുങ്ങിയിട്ടില്ലെന്ന് നെതന്യാഹു അമേരിക്കയെ ധരിപ്പിച്ചു. ഇറാൻ ഡ്രോണുകളെയും മിസൈലുകളെയും തടയാൻ മേഖലയിൽ മതിയായ യുഎസ് സൈനികരില്ലെന്ന് ട്രംപിനോട് നെതന്യാഹു പറഞ്ഞു. കൂടാതെ, നിലവിലെ യുഎസ് പദ്ധതി വേണ്ടത്ര ഫലപ്രദമല്ലെന്നും ഉദ്ദേശിച്ച ഫലം നൽകില്ലെന്നും നെതന്യാഹു വിശ്വസിക്കുന്നതായി ദി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ട്രംപ് ഇറാനെതിരേ വ്യോമാക്രമണം നടത്തുമെന്നു പ്രതീക്ഷിച്ചിരുന്ന ജനുവരി 14നാണ് ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം നടന്നത്. യുദ്ധം പാടില്ലെന്ന ഗൾഫ് രാജ്യങ്ങളുടെ നിലപാടും ഇറാനെതിരായ നടപടിയിൽനിന്ന് അമേരിക്കയെ പിന്തിരിപ്പിച്ചു. യുഎസ് ആക്രമിച്ചാൽ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
International
മയാമി: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ഇറാനും ഹമാസിനും മുന്നറിയിപ്പു നല്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ആണവ, മിസൈൽ പദ്ധതികൾ പുനരാരംഭിച്ചാൽ ഇറാനെതിരേ ഇനിയുമൊരാക്രമണത്തിന് അമേരിക്കയുടെ പിന്തുണ ഉണ്ടായിരിക്കുമെന്നും ഹമാസ് ആയുധം ഉപേക്ഷിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നെതന്യാഹുവുമൊത്തുള്ള വാർത്താസമ്മേളനത്തിൽ ട്രംപ് മുന്നറിയിപ്പു നല്കി.
ജൂണിൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ തകർന്ന ആയുധപദ്ധതികൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഇറാൻ. ഇറാൻ എങ്ങോട്ടാണു പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും ഞങ്ങൾക്കറിയാം. അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ഇന്ധനം വെറുതേ കളയാൻ ഇറാൻ ശ്രമിക്കരുത്.
ഇറാൻ, ലബനനിലെ ഹിസ്ബുള്ള ഭീകരർ, ഹമാസ് എന്നിവരെക്കുറിച്ച് ഇസ്രയേലിനുള്ള ഉത്കണ്ഠയാണ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നും ട്രംപ് അറിയിച്ചു. ഒക്ടോബറിൽ ഇസ്രയേലും ഹമാസും തമ്മിലുണ്ടായ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതും ചർച്ചയായി. വെടിനിർത്തൽ ധാരണ പാലിക്കാൻ ഇസ്രയേൽ തയാറായി. ഹമാസ് ആയുധം താഴെവച്ചില്ലെങ്കിൽ നരകമായിരിക്കും ഫലമെന്നും ട്രംപ് ഭീഷണി മുഴക്കി.
ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇറാൻ ആയുധ പദ്ധതികൾ പുനരാരംഭിക്കുന്ന വിഷയം ട്രംപിനെ അറിയിക്കുമെന്ന് നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു.
സംയമനം പാലിക്കണമെന്ന് റഷ്യ
ഇറാൻ വിഷയത്തിൽ സംഘർഷം വർധിപ്പിക്കുന്നതിൽനിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കുന്ന നടപടികൾ ഉണ്ടാകരുതെന്നും ഇറാനുമായി ചർച്ച നടത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു.
International
ടെൽ അവീവ്: ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന സൊഹ്റാൻ മംദാനിയുടെ ഭീഷണി അവഗണിച്ച് അമേരിക്കയിലെ ന്യൂയോർക്ക് നഗരം സന്ദർശിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇസ്രയേലിനു നിലനിൽക്കാൻ അവകാശമുണ്ടെന്നു സമ്മതിച്ചാൽ മംദാനിയുമായി കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം ഒരഭിമുഖത്തിൽ വ്യക്തമാക്കി.
ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ വംശജനായ മംദാനി, നേരത്തേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് നെതന്യാഹുവിനു മുന്നറിയിപ്പു നല്കിയത്. നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ പോലീസിനെ അയച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) വാറന്റ് നടപ്പാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, വാറന്റ് നടപ്പാക്കാനുള്ള അധികാരം മംദാനിക്കില്ലെന്നാണു സൂചന.
2024 നവംബറിലാണ് ഐസിസി നെതന്യാഹുവിനെതിരേ വാറന്റ് പുറപ്പെടുവിച്ചത്. അമേരിക്ക ഐസിസിയുടെ ഭാഗമല്ല. അതിനാൽ വാറന്റ് നടപ്പാക്കാൻ ബാധ്യതയില്ല. ഇതിനു പുറമേ നെതന്യാഹുവിനെതിരേ വാറന്റ് പുറപ്പെടുവിച്ചതിന്റെ പേരിൽ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഐസിസിക്കെതിരേ ഉപരോധം ചുമത്തുകയും ചെയ്തിരുന്നു.
International
ടെൽ അവീവ്: അഴിമതിക്കേസുകളിൽ മാപ്പ് ആവശ്യപ്പെട്ട് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെനത്യാഹു പ്രസിഡന്റിന്റെ ഓഫീസിന് അപേക്ഷ സമർപ്പിച്ചു. നെതന്യാഹുവിന്റെ നീക്കം അസാധാരണ നടപടിയാണെന്നു പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു.
അധികാരത്തിലിരിക്കേ വിചാരണ നേരിടുന്ന ആദ്യ ഇസ്രേലി പ്രധാനമന്ത്രിയാണ് നെതന്യാഹു. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് അദ്ദേഹത്തിനെതിരേയുള്ളത്.
നെതന്യാഹുവിന് ഇസ്രയേൽ മാപ്പു നല്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
International
ജറൂസലെം: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ഇന്ത്യൻ സന്ദർശനം മാറ്റിവച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ഇസ്രയേൽ നിഷേധിച്ചു.
ഇന്ത്യയുടെ സുരക്ഷാ സന്നാഹങ്ങളിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും ഇരു രാജ്യങ്ങളും ചേർന്ന് സന്ദർശനത്തിനായുള്ള പുതുക്കിയ തീയതികൾ നിശ്ചയിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. “ഇസ്രയേലിന് ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, നെതന്യാഹുവും നരേന്ദ്ര മോദിയും തമ്മിലുള്ളത് വളരെയേറെ ശക്തമാണ്”- സമൂഹമാധ്യമ പോസ്റ്റിൽ ഓഫീസ് വ്യക്തമാക്കി.
ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, നെതന്യാഹു ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡൽഹി സന്ദർശനം മാറ്റിവച്ചുവെന്ന് ഏതാനും ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2018ന് ശേഷം നെതന്യാഹു ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക യാത്രയാണിത്.
International
ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേരേ ഇസ്രേലികൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഉടൻതന്നെ കാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ചുചേർക്കും.
ബെത്ലഹേമിനടുത്തുള്ള പലസ്തീൻ ഗ്രാമമായ ജബായിൽ അധിനിവേശ ഇസ്രേലികൾ വീടുകൾ തീവച്ചു നശിപ്പിച്ച സംഭവത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ അറിയിപ്പ്.
ഗാസ യുദ്ധം ആരംഭിച്ചശേഷം വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കു നേർക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവം. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദമുണ്ട്.
International
അങ്കാറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ തുർക്കിയുടെ അറസ്റ്റ് വാറന്റ്. ഗാസയിൽ വംശീയ ഉന്മൂലനം നടത്തി എന്നാരോപിച്ച് ഇസ്താംബൂൾ പ്രോസിക്യൂട്ടറുടെ ഓഫീസാണ് വാറന്റ് പുറപ്പെടുവിച്ചത്.
പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും സൈനിക മേധാവിമാരും ആടക്കം 36 ഉന്നതർക്കെതിരേയും വാറന്റുണ്ട്. തുർക്കിയുടെ നടപടിയെ അപലപിക്കുന്നതായി ഇസ്രേലി വിദേശകാര്യമന്ത്രി ഗിദയോൻ സാർ പ്രതികരിച്ചു.
International
ടെൽ അവീവ്: ഹമാസ് കൈമാറിയ മൃതദേഹഭാഗങ്ങൾ ഗാസയിൽനിന്നു നേരത്തേ കണ്ടെടുത്ത ബന്ദിയുടേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഹമാസ് ബന്ദിയാക്കിയിരുന്ന ഒരാളുടെ മൃതദേഹംകൂടി കഴിഞ്ഞ ദിവസം ഇസ്രയേലിനു കൈമാറിയിരുന്നു. റെഡ് ക്രോസ് വഴിയാണ് മൃതദേഹം ഇസ്രയേൽ സൈന്യത്തിനു കൈമാറിയത്.
എന്നാൽ, ഇത് മുൻപ് ഇസ്രയേൽ സൈന്യം കണ്ടെടുത്ത ബന്ദികളുടെ മൃതദേഹങ്ങളിലൊന്നിന്റെ ഭാഗമാണെന്നാണു നെതന്യാഹു ആരോപിക്കുന്നത്.
ഹമാസിന്റെ നടപടി വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് നെതന്യാഹു പറഞ്ഞു. 13 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾകൂടി ഗാസയിലുണ്ട്.
ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നതിൽ ഹമാസ് വരുത്തുന്ന കാലതാമസം വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ നടപ്പാക്കുന്നതിനു വെല്ലുവിളി ഉയർത്തുന്നുണ്ട്.
International
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ എത്തിയാൽ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
ബ്ലൂംബെർഗിന്റെ "ദി മിഷാൽ ഹുസൈൻ ഷോ'യിൽ മിഷാൽ ഹുസൈനുമായുള്ള അഭിമുഖത്തിനിടെയാണ് കാർണി ഈ പ്രസ്താവന നടത്തിയത്. ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
ഗാസ സംഘർഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരവും കാർണി നൽകി.
ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാൻ കാനഡയ്ക്ക് ബാധ്യതയുണ്ടെന്നും കാർണി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്.